വാഷിംഗ്ടണ്‍: നാറ്റോ പാത തുറക്കുന്നത് സംബന്ധിച്ച് പാക്സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്ന് അഫ്ഗാനിലെ ഉന്നത യുഎസ് ഉദ്യോഗസ്ഥന് അറിയിച്ചു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത്തരത്തിലുള്ള ഉടമ്പടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാറ്റോ പാത തുറക്കുന്നത് സംബന്ധിച്ച് ചില പ്രധാന വിവരങ്ങള്‍ ലഭിച്ചുവെന്നും പാക് സര്‍ക്കാരിന്റെ ഈ തീരുമാനത്തെ തങ്ങള്‍ സ്വീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാറ്റോപാത തുറക്കുന്നത് തങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്നും അഫ്ഗാനിലെ നാറ്റോ സേനയുടെ കമാന്‍ഡറായ ജനറല്‍ ജോണ്‍ അലെന്‍ പറഞ്ഞു. 2012 ലെ വാര്ഫൈറ്റ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നവംബറില്‍ അഫ്ഗാനിസ്ഥാനിലുണ്ടായ നാറ്റോ വ്യോമാക്രമണങ്ങളില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവം ഇരുരാഷ്ട്രങ്ങളുടെയും ബന്ധത്തെ കാര്യമായി ബാധിച്ചിരുന്നു. ഈ സംഭവത്തിനുശേഷമാണ് നാറ്റോപാത അടച്ചിടുന്നത്.
നാറ്റോ പാത തുറക്കുന്നത് സംബന്ധിച്ച് പാക് പാര്‍ലമെന്റില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നത് ആശാവഹമാണെന്നും ഇരുരാഷ്ട്രങ്ങളിലേയും ബന്ധം സുദൃഢമാക്കുന്നതിന് ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കുറച്ച് മാസങ്ങളില്‍ അഫ്ഗാന് ദേശീയ സുരക്ഷാസേനയും പാക് സൈന്യവും അതിര്‍ത്തിയില്‍ ഏറ്റവും അടുത്ത് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അലെന്‍ പറഞ്ഞു.
2014ല്‍ സൈന്യം അഫ്ഗാനില്‍നിന്നും പിന്‍വാങ്ങുന്നതുവരെ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാന് സേനക്ക് കൂടുതല്‍ പരിശീലനവും ഉപദേശവും നല്‍കിക്കൊണ്ട് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തുടരുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: