നെയ്യാറ്റിന്‍കര : കോണ്‍ഗ്രസ്സില്‍ ചേര്‍ന്നില്ലായിരുന്നെങ്കില്‍ ടി.പി. ചന്ദ്രശേഖരനെക്കൊന്നതുപോലെ എന്നെയും സിപിഎമ്മുകാര്‍ വധിക്കുകയായിരുന്നെന്ന് പറഞ്ഞ് വോട്ടര്‍മാരുടെ മുമ്പില്‍ വിലപിക്കുന്ന ശെല്‍വരാജ് മുരുകാനന്ദന് കൊലക്കേസ് ബോധപൂര്‍വ്വം മറക്കുന്നു. 1999 ഏപ്രില്‍ ഒമ്പതിനായിരുന്നു ധനുവച്ചപുരം വിടിഎംഎന്‍എസ്എസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയും പനച്ചമൂട് മുള്ളുവിള മുരുകവിലാസത്തില്‍ മരുകാനന്ദകുമാറിനെ ഒരു സംഘം സിപിഎം ഗുണ്ടകള്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കോളേജിന് സമീപം ധനുവച്ചപുരത്ത് വച്ചായിരുന്നു ആക്രമണം. ഈ കാലയളവില്‍ കോളേജ് പരിധിയില്‍പ്പെടുന്ന സിപിഎം പാറശ്ശാല ഏരിയാ സെക്രട്ടറിയായിരുന്നു നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശെല്‍വരാജ്.
സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഫലമായിരുന്നു മുരുകാനന്ദന്റെ കൊലപാതകം. ധനുവച്ചപുരം കോളേജിലെ എബിവിപി പ്രവര്‍ത്തനത്തിന് സജീവ സാന്നിധ്യമായിരുന്നു മുരുകാനന്ദന്റേത്. കോളേജിലെ എസ്എഫ്ഐ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിരോധമുണ്ടാക്കാനും മുരുകാനന്ദനു കഴിഞ്ഞു. മുരുകാനന്ദനെ വകവരുത്തിയാല്‍ എസ്എഫ്ഐക്ക് കോളേജില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന ധാരണയായിരുന്നു സിപിഎമ്മിന്. പാണ്ടി വിനോദ്, വിജയദാസ്, ഉണ്ണികൃഷ്ണന് എന്നിവരായിരുന്നു കൊലപാതക കേസിലെ പ്രതികള്‍.
ഇവരെല്ലാം ശെല്‍വരാജിന്റെ സന്തത സഹചാരികളും ഏരിയാകമ്മിറ്റി സെക്രട്ടറിയുള്പ്പെടുന്ന സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകമെന്ന് അന്ന് വ്യക്തമായിരുന്നു.
സംസ്ഥാനം ഭരിച്ചിരുന്നത് ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയായിരുന്നതിനാല് അന്വേഷണവും ദുര്‍ബലമായിരുന്നു. കേസ് കോടതിയിലെത്തിയപ്പോള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശെല്‍വരാജ് തന്നെയായിരുന്നു നേതൃത്വം നല്‍കിയത്. പ്രതികളെയെല്ലാം കോടതി വെറുതെ വിടുകയായിരുന്നു. സിപിഎമ്മില്‍ നിന്നും രാജി വച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശെല്‍വരാജ് സിപിഎമ്മിന്റെ ഭീഷണിയെച്ചൊല്ലി വിലപിക്കുമ്പോള്‍ തന്റെ അറിവോടെ നടന്ന കൊലപാതത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. വെറുതെവിട്ട പ്രതികള്‍ ശെല്‍വരാജ് എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതുവരെയും സന്തതസഹചാരികളായിരുന്നു. മുരുകാനന്ദനെ ഇല്ലാതാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് ഏര്യാകമ്മിറ്റി സെക്രട്ടറിയായിരുന്ന ശെല്‍വരാജ് നേരിട്ടാണെന്ന് സിപിഎമ്മുകാര്‍ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: