ലാഹോര്‍: സിയാച്ചിനില്‍നിന്ന് ഇന്ത്യ-പാക് സൈന്യത്തെ പിന്‍വലിക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങള്‍ ഇപ്പോള്‍ പരിഹരിക്കാനാവില്ലെന്ന് പാക് പ്രതിരോധ മന്ത്രി ചൗധ്രി അഹമ്മദ് മുക്താര്‍ പറഞ്ഞു.
ഇപ്പോഴുള്ള സ്ഥിതിഗതികള്‍ വച്ച് സിയാച്ചിന്‍ പ്രശ്നം പരിഹരിക്കുക എന്നത് ബുദ്ധിമുട്ടേറിയ ഒന്നാണെന്നും ഇന്ത്യന്‍ ഭടന്മാര് നില്‍ക്കുന്നത് വലിയ പ്രദേശങ്ങളിലാണെന്നും ഇത് നല്ല പദവിയായാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് പ്രവിശ്യയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, സിയാച്ചിനില്‍നിന്ന് പാക് സൈന്യം ഏകപക്ഷീയമായി പിന്മാറില്ലെന്ന് കഴിഞ്ഞ ദിവസം മുക്താര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ഏഴിന് സിയാച്ചിനിലെ പാക് ആര്‍മി ക്യാമ്പിലേക്ക് മഞ്ഞുമലയിടിഞ്ഞ് 139 പേര് കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സിയാച്ചിനില്‍ സൈന്യത്തെ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിനിടയില്‍ സിയാച്ചിനില്‍ ഇന്ത്യക്ക് കടുത്ത നിലപാടാണെന്ന് കഴിഞ്ഞ ദിവസം പാക് ആര്‍മി ചീഫ് ജനറല്‍ അഷ്ഫാഖ് പര്‍വേസ് കയാനി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: