പാരീസ്: സോഷ്യലിസ്റ്റ് നേതാവ് ഫ്രാന്‍സ്വാ ഒലാദാ ഫ്രഞ്ച് പ്രസിഡന്റാവും. നിലവിലെ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി പരാജയപ്പെട്ടു. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 52 ശതമാനം വോട്ടുകള്‍ നേടിയാണ് ഫ്രാന്‍സ്വാ ഒലാദാ അധികാരത്തിലെത്തുന്നത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സോഷ്യലിസ്റ്റ് നേതാവ് ഫ്രാന്‍സിന്റെ പ്രസിഡന്റ് കസേരയിലേക്ക് എത്തുന്നത്.
നാലരക്കോടി വോട്ടര്‍മാരില്‍ 76 ശതമാനം പേര് സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആകെ പോള്‍ ചെയ്ത വോട്ടില്‍ 52 ശതമാനം വോട്ടുകള്‍ ഒലാദാ നേടിയപ്പോള്‍ സര്‍കോസിക്ക് ലഭിച്ചത് 48 ശതമാനം വോട്ടുകളാണ്. പരാജയം സമ്മതിച്ച സര്‍ക്കോസി ഫ്രഞ്ച് ജനതയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് പ്രതികരിച്ചു.
ജൂണില്‍ നടക്കുന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ താനില്ലെന്നും സര്‍ക്കോസി വ്യക്തമാക്കി. 1988 മുതല്‍ പാര്‍ലമെന്റ് അംഗമായ ഫ്രാന്‍സ്വാ ഒലാദാ ആദ്യമായാണ് പ്രസിഡന്റ് പദത്തിലെത്തുന്നത്. ജനങ്ങളുടെ പ്രതീക്ഷകള്‍ സംരക്ഷിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഒലാദാ പ്രതികരിച്ചു. യൂറോപ്പ് തങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്ത്വത്തിന് ഇടയിലായിരുന്നു നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പ് നടന്നത്. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും നിയന്ത്രിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതാണ് സര്‍ക്കോസിക്ക് തിരിച്ചടിയായത്. മുപ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് നിലവിലെ പ്രസിഡന്റിനെ ഫ്രഞ്ച് ജനത പരാജയപ്പെടുത്തുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് പിന്നിലായതും ചരിത്രത്തില്‍ ആദ്യമാണ്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യൂറോപ്യന്‍ മേഖലയില്‍ ഭരണം നഷ്ടപ്പെടുന്ന പതിനാറാമത്തെ രാഷ്ട്രതലവനാണ് സര്‍ക്കോസി. സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള നയങ്ങള്‍ രൂപീകരിക്കുന്നതാവും ഒലാദായ്ക്ക് മുന്നിലെ വെല്ലുവിളി. ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗവും യൂറോപ്പിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയുമായ ഫ്രാന്‍സില്‍ സോഷ്യലിസ്റ്റ് നേതാവ് അധികാരത്തിലെത്തുന്നത് അന്താരാഷ്ട്രതലത്തിലും നയതന്ത്രബന്ധങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.
തെരഞ്ഞെടുപ്പില്‍ വിജയിച്ച ഫ്രാന്‍സ്വാ ഒലാദായെ യു.എസ് പ്രസിഡന്റ് ബരാക് ഒമാബ അഭിനന്ദിച്ചു. ഫോണില്‍ വിളിച്ചാണ് ഒബാമ ഒലാദായെ പ്രശംസിച്ചത്. സാമ്പത്തിക, സുരക്ഷ കാര്യങ്ങളില്‍ ഫ്രാന്‍സുമായി കൈകോര്‍ത്തു മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ഒബാമ പറഞ്ഞു. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെ കാര്‍ണി പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. ഒലാദായ്ക്ക് ഒബാമ എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ട്. ഷിക്കാഗോയിലേക്കു ഒലാദായെ ക്ഷണിച്ചതായും ജെ കാര്‍ണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: