കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തനിയ്ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ ജലവിഭവമന്ത്രി പി.ജെ.ജോസഫിനെതിരേ മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി അംഗം ജസ്റ്റിസ് കെ.ടി.തോമസ് ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. ഉന്നതാധികാരസമിതി അധ്യക്ഷന്‍ ജസ്റ്റിസ് എ.എസ്.ആനന്ദ് മുഖേനയാണ് കോടതിയെ സമീപിക്കുന്നത്. തനിയ്ക്കെതിരേ ജോസഫ് നടത്തിയ പ്രസ്താവനകളുടെ പത്രവാര്‍ത്തകളും ടെലിവിഷന്‍ ദൃശ്യങ്ങളും അവയുടെ പദാനുപദ പരിഭാഷയും സഹിതമാവും പരാതി സമര്‍പ്പിക്കുക. ജോസഫിന്റെ പ്രസ്താവനയ്ക്കുശേഷം തന്റെ വസതിയിലേക്കു നടത്തിയ പ്രതിഷേധമാര്‍ച്ചും കട്ടപ്പനയില്‍ നടത്തിയ പ്രതിഷേധ പരിപാടികളും പരാതിയില്‍ ഉള്‍പ്പെടുത്തും.
ഇതിനിടെ, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന മന്ത്രിസഭ പി.ജെ.ജോസഫിനൊപ്പമെന്ന് മന്ത്രി കെ.സി. ജോസഫ് കൊച്ചിയില്‍ പറഞ്ഞു. പി.ജെ. ജോസഫ് കേരളത്തിന്റെ ജനവികാരം ഉള്‍ക്കൊള്ളുന്ന മന്ത്രിയാണെന്നും ഉന്നതാധികാരസമിതി റിപ്പോര്ട്ടിന്മേല് ഉല്‍കണ്ഠ രേഖപ്പെടുത്തിയത് സ്വാഭാവികമാണെന്നും കെ.സി. ജോസഫ് പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന ജസ്റ്റിസ് കെ.ടി. തോമസിന്റെ പ്രസ്താവനയോട് കൊച്ചിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ജസ്റ്റിസ് കെ.ടി. തോമസിന് സമിതി അംഗമെന്ന നിലയില്‍ പരിമിതികളുണ്ടെന്നും കേരളത്തിന്റെ വാദമുഖങ്ങള്‍ അദ്ദേഹം കൃത്യമായി ധരിപ്പിച്ചുവെന്നുമാണ് തന്റെ വിശ്വാസമെന്നും പറഞ്ഞ അദ്ദേഹം കെ.ടി. തോമസിന്റെ വസതിയിലേക്ക് പ്രകടനം നടത്തിയത് ശരിയായില്ലെന്നും പറഞ്ഞു.
അതേസമയം, മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടിനോട് യോജിക്കാനാവില്ലെന്ന് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു. ഡാമിനെപ്പറ്റിയോ ഭൂചലനത്തെപ്പറ്റിയോ ഒരു ചുക്കും അറിയാത്തവരാണ് ജഡ്ജിമാര്‍. അവരെ ഉന്നതാധികാരസമിതിയില്‍ ഉള്‍പ്പെടുത്തിയത് തന്നെ ശരിയായില്ല. ഡാമിനെപ്പറ്റിയും ഭൂചലനത്തെപ്പറ്റിയും അറിവുള്ള വിദഗ്ധരെവെച്ച് പുതിയ അന്വേഷണ കമ്മീഷനെ ഉടന്‍ നിയമിക്കണമെന്നും അ ദ്ദേഹം ആവശ്യപ്പെട്ടു. ഉന്നതാധികാരകമ്മീഷന്റെ റിപ്പോര്ട്ടിന്മേല് ജസ്റ്റിസ് കെ.ടി. തോമസിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. കെ.ടി. തോമസ് കേരളത്തിന്റെയോ തമിഴ്നാടിന്റെയോ പ്രതിനിധിയല്ലെന്നും കൃഷ്ണയ്യര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: