കേരള തീരക്കടലില്‍ എന്റിക്ക ലെക്സി എന്ന ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്സി ചില വ്യവസ്ഥകള്‍ക്ക് വിധേയമായി വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവ് നല്കി. കപ്പല്‍ ഉടമകള്‍ മൂന്ന് കോടി രൂപ കെട്ടിവെക്കണമെന്നും കേസ് നടപടികള്‍ക്കായി ആവശ്യപ്പെടുമ്പോള്‍ അറസ്റ്റിലായ നാവികരെ കൂടാതെ കപ്പലിലുള്ള മറ്റ് നാവികരെക്കൂടി ഹാജരാക്കണമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നുമാണ് കോടതി വ്യവസ്ഥകള്‍. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന ബോട്ട് തൊഴിലാളികളായ ജലസ്റ്റിന്‍, ബിങ്കി എന്നിവരാണ് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് കപ്പല്‍ കേരളാ പോലീസ് കസ്റ്റഡിയിലെടുക്കുകയും വെടിവെച്ച നാവികര്‍ അറസ്റ്റിലാകുകയും ചെയ്തതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സഹായത്തോടെ ഇറ്റാലിയന്‍ അധികൃതര്‍ നടത്തിയ ഒത്തുതീര്‍പ്പ് ശ്രമത്തെയും ഒരു കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്കി കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഹര്‍ജിയെയും കേരള ഹൈക്കോടതിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ കരാര്‍ വെറും പാഴ്ക്കടലസ് മാത്രമാണെന്നും ക്രിമിനല്‍ കോടതികളില്‍ ഇതിന് യാതൊരു വിലയും ഇല്ലെന്നും സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുമായി ഉണ്ടാക്കിയ വ്യവസ്ഥകളുടെ കാര്യത്തില്‍ തീരുമാനവും അംഗീകരിക്കാന്‍ ഇറ്റലി സന്നദ്ധത പ്രകടിപ്പിച്ചു. തെറ്റായ വ്യവസ്ഥകള്‍ കോടതിക്ക് റദ്ദാക്കാമെന്നും നഷ്ടപരിഹാരമായി നല്കിയ തുക തിരികെ വേണ്ടെന്നും ഇറ്റാലിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
ഇറ്റാലിയന്‍ സര്‍ക്കാരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിലെ നിയമവിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ ഉടമ ഫ്രെഡിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്റിക്ക ലെക്സി കൊച്ചി കടല്‍ത്തീരത്ത് നങ്കുരമിട്ടിരിക്കുന്നതിനാല് ഭീമമായ നഷ്ടം നേരിടേണ്ടിവരുന്നു എന്നും കപ്പല്‍ ഉടമകള്‍ കോടതിയെ അറിയിച്ചിരുന്നു. നിയമനടപടിക്ക് സംസ്ഥാനത്തിനും അധികാരമുണ്ട് എന്ന നിഗമനത്തിലാണ് കേസ് പുരോഗമിക്കുന്നതെന്നും കപ്പല്‍ വിട്ടുനല്‍കുന്നത് ക്രിമിനല്‍ നിയമനടപടികളെ ബാധിക്കാത്ത വിധത്തിലായിരിക്കുമെന്നും കോടതി പറഞ്ഞു. ഇന്ത്യയിലെ ജുഡീഷ്യല്‍ പ്രക്രിയക്കെതിരെ കളിക്കാനും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കാനുമാണ് ഇറ്റലി ശ്രമിച്ചതെന്നും വിമര്‍ശിച്ച സുപ്രീംകോടതി നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന കരാറിനെതിരെ എന്തുകൊണ്ട് കേരള സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ല എന്ന ചോദ്യവും ഉയര്‍ത്തിയിരിക്കുകയാണ്. ഇറ്റലിയും കേന്ദ്രസര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും ഒത്തുചേര്‍ന്ന് നാവികരെ രക്ഷപ്പെടുത്താനും എന്റിക്ക ലെക്സി തിരികെ കൊണ്ടുപോകാനുമുള്ള ഗൂഢാലോചനയാണ് സുപ്രീംകോടതി വിധി തകര്‍ത്തത്. വെടിവെപ്പ് നടന്നയുടന്‍ കപ്പല്‍ കസ്റ്റിയിലെടുത്ത് കുറ്റവാളികളായ നാവികരെ തടവില്‍വെച്ച കേരള പോലീസിന്റെ നടപടി അഭിനന്ദനീയമാണ്. വെടിവെക്കാനുപയോഗിച്ച തോക്കുകള്‍ കണ്ടെടുത്ത് അത് ഉപയോഗിച്ചാണ് തടവില്‍ കഴിയുന്ന നാവികര്‍ കൊല നടത്തിയതെന്ന് ഫോറന്‍സിക് ടെസ്റ്റും സ്ഥിരീകരിച്ചിരുന്നു. സംഭവം നടന്നയുടന്‍ അന്ന് റോമില്‍ ഉണ്ടായിരുന്ന കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ഇറ്റലിക്കനുകൂലമായ പ്രതികരണവും ഇറ്റലിക്കാരിയായ സോണിയാഗാന്ധിയുടെ നിലപാടും പരിഗണിച്ച് അപ്രസക്തമാകുമെന്ന് കരുതപ്പെട്ട കേസിലാണ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ വിധി വന്നിരിക്കുന്നത്.
കഴിഞ്ഞ മാസം 20 ന് കേസ് സുപ്രീംകോടതിയില്‍ വന്നപ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവല്‍ വെടിവെപ്പ് ഇന്ത്യന്‍-കേരള അതിര്ത്തിക്കപ്പുറമായതിനാല് കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു വാദിച്ചത്. വെടിവെപ്പില്‍ മരിച്ചത് ഇന്ത്യക്കാരല്ലേ എന്ന കോടതിയുടെ ചോദ്യവും അറ്റോര്‍ണി ജനറലിന്റെ പ്രസ്താവനക്കെതിരെ ഉയര്‍ന്ന പ്രതിഷേധവും ഹരിന്‍ റാവലിനെ തല്‍സ്ഥാനത്തുനിന്നും നീക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി നല്കി കേസവസാനിപ്പിക്കാന്‍ ഉണ്ടാക്കിയ കരാറിനെ വിമര്‍ശിച്ച് കോടതി സായിപ്പിന്റെ പണം കണ്ടപ്പോള്‍ കവാത്ത് മറന്നു അല്ലേ എന്ന് ചോദിക്കുകപോലും ചെയ്തിരുന്നു. അത്ര ഹീനമായ നീക്കങ്ങളാണ് ഇറ്റാലിയന്‍ നാവികരെയും കപ്പല്‍ ഉടമകളെയും രക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ നടത്തിയത്. കേസ് നടപടികള്‍ക്കായി കോടതി ആവശ്യപ്പെടുമ്പോള്‍ സാക്ഷിപ്പട്ടികയിലുള്ള നാല് നാവികരെ ഹാജരാക്കാമെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഉറപ്പ് കോടതി രേഖയാക്കിയിട്ടുണ്ട്. കപ്പല്‍ വിടുനല്കാനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച് നിലപാടറിയിക്കാന്‍ ഇറ്റലിക്കുവേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതികളല്ലാത്ത സൈനികരെ ഹാജരാക്കാമെന്ന ഉറപ്പ് നല്‍കേണ്ടത് ഇറ്റാലിയന്‍ സര്‍ക്കാരാണ്. നാല് സൈനികരെ ഒഴിവാക്കി കപ്പല്‍ കൊണ്ടുപോകാന്‍ തയ്യാറാണെന്ന് പറഞ്ഞത് നിരസിച്ച കോടതി സൈനികരെ ഹാജരാക്കാമെന്ന ഉറപ്പ് നല്‍കാതെ കപ്പലിന് യാത്രാനുമതി നല്‍കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യരക്ഷ അപകടത്തില്‍
കരസേനക്ക് വേണ്ടത്ര ആയുധസാമഗ്രികളില്ലെന്ന് പ്രതിരോധകാര്യ സ്ഥിരം സമിതി റിപ്പോര്‍ട്ട് നല്കി. ഇവയുടെ അഭാവത്തില്‍ കരസേന യുദ്ധസജ്ജമല്ലെന്ന കരസേനാ മേധാവിയുടെ നിലപാട് സ്ഥിരീകരിക്കുന്നതാണ്. കരസേനയുടെ വ്യോമ വിഭാഗത്തിന് അനുവദിക്കപ്പെട്ടതിനേക്കാള്‍ 18 ചീറ്റ, ഒരു ചേതക്, 76 ആധുനിക ഹെലികോപ്റ്റര്‍ എന്നിവ കുറവാണ്. ടാങ്കുകളുടെ എണ്ണത്തിലും വന്‍ കുറവാണുള്ളതെന്നും പീരങ്കി ഉണ്ടകള്‍ കുറവാണെന്നും മറ്റുമാണ് പാര്‍ലമെന്ററി കമ്മറ്റി റിപ്പോര്‍ട്ട്. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ ആയുധം വാങ്ങുന്ന രാജ്യം. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പ്രതിരോധ രംഗം ഏറ്റവും അധികം അഴിമതി ആരോപണങ്ങള്‍ നേരിടുന്ന വകുപ്പുമാണ്. ഇസ്രയേലുമായി ഇന്ത്യ ഏര്‍പ്പെട്ട 1.5 ദശലക്ഷം ഡോളര്‍ ഇടപാടും ആരോപണവിധേയമാണ്. ഇന്ത്യയിലെ 80 ശതമാനം ആയുധങ്ങളും വിദേശത്തുനിന്നും വാങ്ങുന്നവയാണ്. 20 ശതമാനം മാത്രമാണ് ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നത്. ഇപ്പോള്‍തന്നെ ഇന്ത്യയുടെ 80 ശതമാനം ടാങ്കുകളും രാത്രിയുദ്ധത്തിന് സജ്ജമല്ല. ഇവിടെ അടിസ്ഥാന ആയുധങ്ങളായ ആട്ടോമാറ്റിക് റൈഫിളുകളോ അതിനുള്ള വെടിക്കോപ്പുകളോ ഇല്ല. ഈ പശ്ചാത്തലത്തിലാണ് 50 ബില്യണ്‍ ഡോളറിന്റെ എയര്‍ക്രാഫ്റ്റുകളും മിസെയിലുകളും ടാങ്കുകളും വാര്‍ഷിപ്പുകളും വാങ്ങാന്‍ ഇന്ത്യ ലക്ഷ്യമിട്ടത്.
പ്രതിരോധരംഗത്തുയര്ന്നുവന്ന അഴിമതി ആരോപണങ്ങള്‍ ഈ നീക്കത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ജനറല്‍ വി.കെ. സിംഗ് വെളിപ്പെടുത്തിയ കോഴ വിവാദം,12 ഹെലികോപ്റ്ററുകള്‍ വാങ്ങിയ ഇടപാടില്‍ ഉണ്ടായെന്ന് പറയുന്ന പണാപഹരണം മുതലായവ ഇന്ന് പ്രതിരോധവകുപ്പിനെ അഴിമതിയില്‍ കുളിച്ചുനിര്ത്തുന്നത്. ഇപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് 40.44 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ ചെലവിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇത് ഇപ്പോഴത്തെക്കാള്‍ 18 ശതമാനം കൂടുതലാണ്. ചൈന, പാക്കിസ്ഥാന് തുടങ്ങി സുഹൃത്തുക്കളല്ലാത്ത ഏഴ് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യ എപ്പോഴും ആയുധസജ്ജമാകേണ്ടതാണ്. ആയുധങ്ങളുടെ കുറവ് നികത്താന്‍ സൈനിക ആസ്ഥാനത്തിന് തീരുമാനമെടുക്കാമെന്നും പണച്ചെലവ് 50 കോടിയില്‍നിന്ന് 150 കോടിയായി ഉയര്‍ത്താമെന്നും സമിതി നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യയുടെ പ്രതിരോധ ബജറ്റില്‍ ചെറിയൊരു ഭാഗം മാത്രമാണ് ആയുധങ്ങള്‍ വാങ്ങാന്‍ ചെലവിടുന്നത്. സൈന്യത്തെ സജ്ജമാക്കി നിര്‍ത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: