ലാഹോര്‍: കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പാക് കോടതി ഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും ഏത് നിയമപ്രകാരമാണ് പ്രധാനമന്ത്രി പദവിയില്‍ തുടരുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഷഹീദ് നസീം ഗോണ്ഡന്, റാണാ ഇലാമുദിന് ഗാസി എന്നിവരാണ് രണ്ട് ഹര്‍ജികള്‍ ലാഹോര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കണമെന്ന സുപ്രീംകോടതിയുടെ ആവശ്യം നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഗിലാനിക്ക് തടവ് ശിക്ഷ കൊടുക്കണമെന്ന് ജമാഅത്ത്-ഉദ്-ദവാ നേതാവ് ഹമീസ് മുഹമ്മദ് സയീദിന്റെ അഭിഭാഷകനും പരാതിക്കാരുടെ അഭിഭാഷകനുമായ എ.കെ.ദോഗര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ ഗിലാനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തല്‍സ്ഥാനത്ത് തുടരുമ്പോള്‍ പദവി ദുരുപയോഗം ചെയ്യുമെന്നും ദോഗര്‍ കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗിലാനിയെ കോടതി ശിക്ഷിച്ചത്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായുള്ള അഴിമതി കേസുകള്‍ പുനരുജ്ജീവിപ്പിക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനാലാണ് ശിക്ഷ നല്‍കിയത്. ജയില്‍വാസം ഒഴിവാക്കി കോടതി പിരിയുന്നതുവരെ പ്രതീകാത്മക ശിക്ഷ നടപ്പാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: