ലണ്ടന്‍: ലണ്ടനിലെ ഒരു സ്വകാര്യ ഓഫീസില്‍ ജീവനക്കാരെ ബന്ദികളാക്കി ആക്രമിച്ച ഒരാളെ സ്കോട് ലന്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു. ടോട്ടന്‍ ഹാം കോടതി റോഡിലെ ഒരു കെട്ടിടത്തിലാണ് 48 കാരനായ മൈക്കല്‍ ഗ്രീന്‍ ഓഫീസിലെ നാലുപേരെ ബന്ദികളാക്കി ആക്രമിച്ചതെന്ന് പോലീസ് കമാന്റഡര്‍ വാക്ക് ചീസ്റ്റി വ്യക്തമാക്കി.
ശരീരത്തില്‍ ഗ്യാസ് സിലിണ്ടര്‍ ഘടിപ്പിച്ചിരുന്ന ഇയാള്‍ കെട്ടിടം സ്ഫോടനത്തില്‍ തകര്‍ക്കുമെന്നും ഭീഷണിമുഴക്കി ബഹളം വെയ്ക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം നടന്നത്. മൂന്നു മണിയോടു കൂടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു.
കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അഡ്വന്റേജ് എന്ന ലോജിസ്റ്റിക്സ് കമ്പനിയോടുള്ള പകയാണ് കമ്പനി ഡയറക്ടര്‍ ഉള്‍പ്പെടെ നാലു പേരെ ബന്ദികളാക്കി ആക്രമണം നടത്താന്‍ മൈക്കല്‍ ഗ്രീനിനെ പ്രേരിപ്പിച്ചത്. എച്ച്ജിവി (ഹെവിഗുഡ്സ് വെഹിക്കിള്‍) പരിശീലന കോഴ്സ് പഠിക്കാന്‍ പോയ ഗ്രീന്‍ മൂന്ന് തവണയും തോറ്റുപോയിരുന്നു. മൂന്ന് തവണ ശ്രമിച്ചിട്ടും ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കാതിരുന്നപ്പോള്‍ ഇയാള്‍ അടച്ച കാശ് തിരിച്ചുചോദിച്ചു. ഇത് വഴക്കില്‍ കലാശിച്ചു. കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ഇയാള്‍ കംപ്യൂട്ടറുകളും ഗൃഹോപകരണങ്ങളും പുറത്തേയ്ക്കെറിയുന്നത് കണ്ടാണ് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് കെട്ടിടത്തിന്റെ നൂറു മീറ്റര്‍ പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്രശ്നം സമാധാനപരമായി തീര്‍ക്കുന്നതിനുവേണ്ടി ചര്‍ച്ചയ്ക്ക് മധ്യസ്ഥരെ നിയമിച്ചു. പിന്നീട് പോലീസ് കെട്ടിടത്തില്‍ കയറി ഇയാളെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: