ഇസ്ലാമാബാദ്: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ ഭീകരന് ഒസാമ ബിന്‍ ലാദന്റെ കുടുംബത്തെ പാക്കിസ്ഥാന് സൗദി അറേബ്യയിലേക്ക് നാടുകടത്തി. ലാദന്റെ മൂന്നു ഭാര്യമാരേയും 11 മക്കളേയുമാണ് ഇന്നലെ പുലര്‍ച്ചെ നാടുകടത്തിയത്. ലാദന്റെ രണ്ട് ഭാര്യമാര്‍ സൗദിഅറേബ്യക്കാരും ഒരാള്‍ യെമന്‍കാരിയുമാണ്. ഇളയ ഭാര്യ അമല്‍ അബ്ദുള്‍ ഫാത്തായെയും അഞ്ച് മക്കളേയും സൗദിയില്‍നിന്ന് പിന്നീട് യെമനിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രി കനത്ത സുരക്ഷാക്രമീകരണങ്ങളോടെ ജയിലില്‍നിന്നും മിനി ബസിലാണ് ഇവരെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ എത്തിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ഫോട്ടോ എടുക്കുന്നത് തടയുന്നതിനായി അവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഷീറ്റുകള്‍കൊണ്ട് മൂടിയിരുന്നു.
അനധികൃതമായി പാക്കിസ്ഥാനില്‍ കഴിഞ്ഞതിനെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത ലാദന്റെ വിധവകളെ കോടതി 45 ദിവസം തടവുശിക്ഷക്ക് വിധിച്ചിരുന്നു. ശിക്ഷാ കാലാവധി ഈ മാസം ആദ്യം അവസാനിച്ചതിനെത്തുടര്‍ന്നാണ് ഇവരെ നാടുകടത്താന്‍ തീരുമാനിച്ചത്.
ലാദന്റെ വിധവകളുടെ ആവശ്യപ്രകാരമാണ് അവരെ സൗദിയിലേക്ക് അയക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ അറിയിച്ചു. ലാദന് മരിച്ചിട്ട് ഒരുവര്‍ഷം തികയാനിരിക്കെയാണ് പാക് നടപടി. കഴിഞ്ഞ മെയ് 9 ന് അബോട്ടാബാദില്‍ വെച്ചാണ് ലാദനെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയത്. ലാദന്റെ കുടുംബം താമസിച്ചിരുന്ന വീടുകള്‍ അമേരിക്കന്‍ സൈന്യം റെയ്ഡ് നടത്തിയിരുന്നതായി പാക് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ലാദന് എവിടെയാണ് താമസിച്ചിരുന്നത് സംബന്ധിച്ച് പാക് അധികൃതര്‍ക്ക് അറിയില്ലെന്നാണ് ഇപ്പോഴും പറയുന്നത്. ലാദന് എവിടെയാണ് താമസിച്ചിരുന്നതെന്ന് പാക് അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്ന് നേരത്തെ അമേരിക്കന്‍ സൈന്യം ആരോപിച്ചിരുന്നു. എന്നാല്‍ ഇത് പാക് അധികൃതര്‍ നിരാകരിക്കുകയാണ് ചെയ്തത്.
ലാദന്റെ വിധവകളെ പോലീസ് കസ്റ്റഡിയിലെടുത്തതിനുശേഷം അതില്‍ ഒരാളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍നിന്നും ലാദനും കുടുംബവും ഒന്‍പത് വര്‍ഷമായി പാക്കിസ്ഥാനില്‍ അഞ്ചോളം വീടുകളില്‍ താമസിച്ചിരുന്നതായും ഇവര്‍ പറഞ്ഞിരുന്നു. അമേരിക്കന്‍ സൈന്യം ലാദനെ കൊലപ്പെടുത്തിയതിനുശേഷം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ സംഭവിച്ചിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ നവംബറില്‍ അഫ്ഗാന് അതിര്‍ത്തിയില്‍ യുഎസ് വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ലാദന് സംഭവത്തിനുശേഷം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും കൂട്ടിയിണക്കുന്നതിനിടയിലാണ് അഫ്ഗാന് പ്രശ്നം ഇരുരാഷ്ട്രങ്ങള്‍ക്കിടയില്‍ വീണ്ടും വരുന്നത്. അഫ്ഗാന് പ്രശ്നത്തിനുശേഷം അടച്ചിട്ട നാറ്റോ പാത വീണ്ടും തുറക്കണമെന്ന ആവശ്യം അമേരിക്കന്‍ സ്വാധീനമാണെന്ന് പാക് ഭീകരസംഘടനകള്‍ ആരോപിക്കുന്നുണ്ട്. നാറ്റോ പാത തുറക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് പാക്കിസ്ഥാനില്‍ ഉയര്‍ന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: