കൊച്ചി: വഴിയിലുപേക്ഷിക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സാന്ത്വനമേകാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ജില്ലയിലെ ആദ്യ അമ്മത്തൊട്ടിലൊരുങ്ങി. അമ്മത്തൊട്ടിലിന്റെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക് പരീത്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.സുധാകരന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ജുനൈദ് റഹ്മാന്‍, അസി.ഡവലപ്മെന്റ് കമ്മീഷണര്‍ കെ.ജെ.ടോമി, ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സമൂഹത്തില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചു വളരേണ്ടവര്‍ പൊതുനിരത്തുകളില്‍ ഉപേക്ഷിക്കപ്പെടുന്നതോടെ പിഞ്ചുകുട്ടികളുടെ ഭാവിതന്നെ നഷ്ടമാകുന്നു. ഇത്തരത്തിലുള്ള പ്രവണത സമൂഹത്തില്‍ ഒഴിവാക്കുന്നതിനാണ് അമ്മത്തൊട്ടിലിന്റെ സേവനം പ്രധാനമായും ലഭ്യമാക്കുന്നത്. അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് അമ്മത്തൊട്ടിലിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ജില്ലാ ശിശുക്ഷേമ സമിതിയുടെ ഫണ്ടുപയോഗിച്ച് എറണാകുളം ജനറല്‍ ആശുപത്രിയുടെ കിഴക്കു വശത്തായാണ് അമ്മത്തൊട്ടില്‍ ഒരുക്കിയിട്ടുള്ളത്. നിലവില്‍ മറ്റു ജില്ലകളിലെല്ലാം അമ്മത്തൊട്ടില്‍ സംവിധാനമുണ്ട്. എറണാകുളത്ത് കൂടി അമ്മത്തൊട്ടിലിന്റെ സേവനം വരുന്നതോടെ സംസ്ഥാനമൊട്ടാകെ അമ്മത്തൊട്ടില്‍ സംവിധാനമാകും.
പൂര്‍ണമായും ഇലക്ട്രോണിക് ഓട്ടോമാറ്റിക് ഡോര്‍ സംവിധാനമാണ് ഇതിലുള്ളത്. കുട്ടിയെ തൊട്ടിലില്‍ ഉപേക്ഷിച്ചാലുടന്‍ ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടിയിലുളള ഹെഡ് നഴ്സിനെ അലാറമടിച്ചറിയിക്കുന്ന തരത്തിലാണ് തൊട്ടില്‍ സജീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന കുഞ്ഞുങ്ങളെ തിരുവന്തപുരത്തെ ശിശുക്ഷേമ സെന്ററിലേക്ക് മാറ്റി മികച്ച നിലവാരത്തിലെത്തിക്കുകയാണ് അമ്മത്തൊട്ടിലിലൂടെ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: