ലാഹോര്‍: പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ ക്കുനേരെ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പരമോന്നത കോടതിയും കൂട്ടുനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യനിയമവ്യവസ്ഥ അനീതിക്കുവേണ്ടിയുള്ള ഉപകരണമായി മാറിയിരിക്കുകയാണെന്ന് ന്യൂനപക്ഷ സമുദായ നേതാക്കള്‍ അഭിപ്രായപ്പെടുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസമുണ്ടായ കോടതി വിധി കോടതിയ്ക്കെതിരെ തിരിയാന്‍ ന്യൂനപക്ഷ സമുദായ നേതാക്കളെ പ്രേരിപ്പിച്ചിരിക്കുകയാണ്.
നാലുദിവസങ്ങള്‍ക്കുമുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇഫ്ത്തികര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായി മുസ്ലീങ്ങളെ വിവാഹം കഴിച്ച മൂന്ന് ഹിന്ദുയുവതികളുടെ കേസ് പരിഗണിക്കവെ സ്ത്രീകള്‍ ആഗ്രഹിക്കുംപ്രകാരം അവരുടെ ഭാവി തെരഞ്ഞെടുക്കാം. എന്ന വിധിയെത്തുടര്‍ന്ന് ഇവര്‍ ഭര്ത്താക്കന്മാര്ക്കൊപ്പം പോയത്. കേസ് കോടതി ഗൗരവമായി കാണാതിരുന്നത് മൂലമാണെന്നും സമുദായ നേതാക്കള്‍ ആരോപിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇരകള്‍ക്ക് മനുഷ്യാവകാശങ്ങളും നീതിയും ഉറപ്പുവരുത്തണമെന്നും കത്തോലിക് ദേശീയ സമിതി പ്രതിനിധികളായ ഇമ്മാനുവല്‍ യൂസഫ്, പീറ്റര്‍ ജേക്കബ് എന്നിവര്‍ ആവശ്യപ്പെട്ടു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരകളായ റിങ്കിള് കുമാരി, ആശാ കുമാരി, ലതാ കുമാരി എന്നിവരെ സുപ്രീംകോടതി അനീതിക്കുവേണ്ടിയുളള ഉപകരണങ്ങളാക്കുകയാണ് ചെയ്തത്. ലാഘവത്തോടുകൂടിയാണ് കോടതിവിധി പ്രഖ്യാപനം നടത്തിയത്. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ഉന്നതകോടതി കണ്ടില്ലെന്ന് നടിക്കരുത്, പ്രതിനിധികള്‍ വ്യക്തമാക്കി.
കേസ് കോടതിയിലെത്തുമ്പോള്‍ തെളിവുകളും അപ്രസക്തമാകുകയാണ്. രാജ്യത്ത് മതസ്വാതന്ത്ര്യവും ലിംഗസമത്വവും ഇപ്പോഴും വിദൂരസ്വപ്നമായി അവശേഷിക്കുകയാണ്. ഭൂരിപക്ഷവും ന്യൂനപക്ഷവും ആണ് പെണ് വ്യത്യാസവും നോക്കിയല്ല വിധി നിര്‍ണയിക്കേണ്ടത്, കത്തോലിക് ദേശീയ സമിതി പ്രസ്താവനയിലൂടെ കോടതിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടുന്നു.
ഏപ്രില്‍ 18 ന് ഹിന്ദു യുവതികളുടെ കേസിലുണ്ടായ കോടതി വിധി ന്യൂനപക്ഷങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. മതപരമായ അസിഹിഷ്ണുത വര്‍ധിപ്പിക്കാനേ ഇത്തരം വിധികള്‍ സഹായകമാകൂ. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ രാജ്യത്തെ പരമോന്നത കോടതിയ്ക്ക് സാധിക്കണമെന്ന് പീറ്റര്‍ ജേക്കബ് അഭിപ്രായപ്പെട്ടു. ഏപ്രില്‍ 18 ന് നടത്തിയ വിധിയില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. മത വൈവിധ്യം നശിക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും ശക്തമായ നിലപാട് സ്വീകരിക്കണം. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ മതപരിവര്‍ത്തനത്തെ നിര്‍വചിക്കാന്‍ ഇരുകൂട്ടരും തയ്യാറാകണമെന്നും പ്രസ്താവനയില്‍ പറയുന്നു.
യുവതികള്‍ക്ക് സ്വാതന്ത്ര്യ തെരഞ്ഞെടുപ്പിന് കോടതി അനുമതി നല്‍കിയെങ്കിലും ഭാവിയില്‍ മാതാപിതാക്കളെ സന്ദര്‍ശിക്കുവാനുള്ള അനുവാദം ഇവര്‍ക്കുണ്ടായിരിക്കില്ല. ഇത് മതസ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നും ന്യൂനപക്ഷ സമുദായ നേതാക്കള്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: