Categories: Samskriti

മോക്ഷം

Published by

പുരുഷാര്‍ത്ഥത്തില്‍ നാലാമത്തെതാണ്‌ മോക്ഷം.മോക്ഷങ്ങള്‍ പലതരമാണ്‌. ജീവമുക്തി, പ്രാണമുക്തി, ജ്ഞാനമുക്തി എന്നിങ്ങനെ പോകുന്നു അവ. മരണത്തോടുകൂടി ഈശ്വരനില്‍ ലയിക്കാന്‍ കഴിയുന്നതാണ്‌ മോക്ഷം അല്ലെങ്കില്‍ നിര്‍വ്വാണം. ജീവിച്ചിരിക്കുമ്പോഴും രോഗശയ്യയില്‍ വച്ചും മരിച്ചുകഴിഞ്ഞാലും എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക്‌ മുക്തിനേടാവുന്നതാണ്‌. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മോചനം നേടിയ ഗുരുഭൂതന്മാരാണ്‌ സ്വാമിവിവേകാനന്ദനും രാമകൃഷ്ണപരമഹംസരും, ശങ്കരാചാര്യരുമൊക്കെ. മരിച്ചുകഴിഞ്ഞാല്‍ മോക്ഷം നേടണമെങ്കില്‍ അത്രമാത്രം രൂഢമായ ഈശ്വരവിശ്വാസവും ആത്മീയപശ്ചാത്തലവും വിജ്ഞാനവും നമ്മെ സഹായിക്കുവാനുണ്ടാകണം. വേദങ്ങള്‍ മുതല്‍ എല്ലാ പൗരാണികഗ്രന്ഥങ്ങളും ഈശ്വരസാക്ഷാത്കാരത്തെക്കുറിച്ച്‌ പ്രസ്താവിക്കുന്നുണ്ട്‌. പുനര്‍ജ്ജന്മവും മോക്ഷവും തമ്മിലുള്ള അന്തരം ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക്‌ അറിയാന്‍ വേണ്ടത്ര സന്ദര്‍ഭങ്ങളുണ്ട്‌. എത്ര വയസ്സുചെന്നിട്ടും വീണ്ടും വീണ്ടും ദു:ഖാങ്ങളിലേക്ക്‌ കാല്‍ വഴുതി വീഴുമ്പോള്‍ അവയോരോന്നും പുനര്‍ജ്ജന്മത്തിന്റെ സ്വഭാവം കാണിക്കുന്നു. മറിച്ച്‌, ഒരു ദു:ഖംകൊണ്ടു തന്നെ ജീവന്‍മുക്തനായ പൂന്താനത്തിന്റെ കഥയെടുത്തു നോക്കു! അദ്ദേഹം, നാടന്‍ ശൈലിയില്‍ പറഞ്ഞാല്‍ ഉടലോടുകൂടി സ്വര്‍ഗ്ഗത്തിലെത്തിയിരിക്കുന്നു. കൂടുതല്‍ കൂടുതല്‍ ദു:ഖാങ്ങള്‍ക്ക്‌ കാരണം, നമ്മുടെ വര്‍ദ്ധിച്ച പാപകര്‍മ്മങ്ങളാണെങ്കില്‍ – ആ പാപങ്ങള്‍ നശിച്ചു കിട്ടാന്‍വേണ്ടി ദു:ഖാങ്ങളെ സ്വാഗതം ചെയ്യണം. കൂടുതല്‍ ദു:ഖാങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ ശുദ്ധി കൈവരുന്നു. അപ്പോള്‍ അടുത്ത ജന്മം കൂടുതല്‍ പരിശുദ്ധമാക്കാന്‍ കഴിയുന്നു.മോക്ഷത്തെ പ്രാപിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക.

നമ്മള്‍ ധര്‍മ്മാനുഷ്ഠാനങ്ങളില്‍ നിന്ന്‌ വഴിതെറ്റി പോകാതിരിക്കുക. ഓരോ പ്രവൃത്തിയെകുറിച്ചും തെറ്റോ-ശരിയോ എന്ന്‌ മുന്‍വിധി കൂടാതെ പ്രവര്‍ത്തിക്കാന്‍ തയ്യാറാവുക. ജീവിതത്തില്‍ ആകെ പ്രവര്‍ത്തനത്തില്‍ അവനവനുവേണ്ടി വളരെകുറച്ചും, മറ്റുള്ളവര്‍ക്കുവേണ്ടി വളരെ കൂടുതലും അദ്ധ്വാനിക്കാന്‍ തയ്യാറാവുക. പണം ആളെകൊല്ലിയാണ്‌ എന്ന അര്‍ത്ഥം വച്ചുകൊണ്ട്‌ ആവശ്യത്തിനുമാത്രം ധനം സമ്പാദിക്കുക. ധനസമ്പാദനത്തില്‍ യാതൊരു കാരണവശാലും അന്യന്റെ കണ്ണുനീര്‍ ഉണ്ടാവാതിരിക്കുക. ധനോപയോഗത്തില്‍ ദേഷ്യമോ, പിശുക്കോ കാണിക്കാതിരിക്കുക.

ധാര്‍മ്മികാടിസ്ഥാനത്തിലുള്ള ആഗ്രഹങ്ങളെല്ലാം നിറവേറ്റുക. ദുരാഗ്രഹങ്ങളോ ദുര്‍മോഹങ്ങളോ തോന്നുമ്പോള്‍ സ്വയം നിയന്ത്രിക്കുക വാര്‍ദ്ധക്യകാലം, തികഞ്ഞ ഈശ്വാരാരാധനയില്‍ മുഴുക. എല്ലാദിവസവും ഉറങ്ങുന്നതിനുമുന്‍പ്‌ സ്വകൃത്യങ്ങളെക്കുറിച്ച്‌ ഒരു ആത്മപരിശോധന നടത്തുക. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആരെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ അവരോട്‌ മാപ്പുചോദിക്കുക. ലൗകീകകാര്യങ്ങളില്‍ നിന്ന്‌ പതുക്കെപ്പതുക്കെ തലവലിക്കുക. ദുര്‍ജ്ജന സംസര്‍ഗ്ഗം കഴിയുന്നതും ഒഴിവാക്കുക. ദു:ഖവും സുഖവും തുല്യമായി കണക്കാക്കുക.

സത്യം, ധര്‍മ്മം, ദയ എന്നീ മാനുഷിക മൂല്യങ്ങളില്‍ മുറുകെപിടിക്കുക. സുഖഭോഗങ്ങളില്‍ കാല്‍വഴുതി വീഴാതിരിക്കുക. സത്യം പറയുകയും അത്‌ പ്രവൃത്തിക്കുകയും ചെയ്യുക. വൃദ്ധജനങ്ങളെയും കുട്ടികളെയും സ്നേഹിക്കുക. ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെയും, ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരേയും തുല്യനിലക്ക്‌ കാണാനും അംഗീകരിക്കാനും തയ്യാറാവുക.

ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ ഇവിടെ ഒരു ധാര്‍മ്മികലോകം ഉണ്ടാകാന്‍ ബുദ്ധിമുട്ട്‌ ഇല്ല.

– നീലകണ്ഠന്‍ നമ്പൂതിരി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by