കാലടി: കാഞ്ഞൂര്‍ പഞ്ചായത്തിലെ മണല്വിപണനത്തില് വന്‍അഴിമതി. പഞ്ചായത്ത് അധികൃതരും മണല്‍ മാഫിയയും കടവ് പാസുകാരും ഒത്തു ചേര്‍ന്നുള്ള കൂട്ടുകച്ചവടമാണ് മണല്‍ വിപണനത്തില്‍ ഈ പ്രദേശത്ത് നടന്നു വരുന്നത്. മണല്‍ മാഫിയ സംഘങ്ങളുടെ വലയത്തിലാണ് കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനം നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.
പഞ്ചായത്ത് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി എത്തുന്ന ജനങ്ങള്‍ക്ക് മാഫിയാസംഘങ്ങളെ തടഞ്ഞിട്ട് ഓഫീസിലേക്ക് കടക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ദിവസവും സംഘാംഗങ്ങളായ നൂറോളം പേര് ഓഫീസ് കവാടത്തില്‍ ഉണ്ടാകും. മണലിനുവേണ്ടി സമീപപ്രദേശങ്ങളില്‍നിന്നുള്ളവര്‍ അപേക്ഷ നല്കിയാല് ഇവര്‍ക്ക് രസീത് നല്‍കുമെങ്കിലും ഈ മണല്ലോഡ് അപേക്ഷകന് നല്‍കാതെ മറച്ചു വില്പന നടത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ അപേക്ഷ നല്കി ഒന്നോ രണ്ടോ മാസം കാത്തിരുന്നതിനുശേഷം പഞ്ചായത്ത് ഓഫീസില്‍ വന്ന് അന്വേഷിച്ചാലാണ് അപേക്ഷകര്‍ക്ക് തിരിമറി അറിയാന്‍ കഴിയുക.
പഞ്ചായത്തില്‍ മണലിന് അപേക്ഷ നല്‍കിയവര്‍ക്ക് നല്കുന്ന രസീതില്‍ കൃത്രിമം കാട്ടി ഇതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി എടുത്ത് പഞ്ചായത്തിന്റെ മുദ്ര പതിപ്പിച്ച് മണല്‍ കടവുകളില്‍നിന്നും മണല്‍ കടത്തികൊണ്ടുപോകുന്നു. ഇത്തരത്തില്‍ പാസ് കരസ്ഥമാക്കുന്നത് പഞ്ചായത്ത് അധികൃതര്‍ക്ക് ആയിരത്തിന് മേല്‍ പടി നല്‍കിയാണെന്ന് പറയപ്പെടുന്നു. അതുപോലെ മണല്‍കടവുകളിലും വന്കൃത്രിമമാണ് നടന്നുവരുന്നത്. കടവുകളില്‍ ക്രമമനുസരിച്ച് കിടക്കുന്ന വാഹനങ്ങളില്‍ ഏതെങ്കിലും വാഹനത്തിന് യഥാസമയം മണല്‍ കയറ്റാന്‍ കഴിയാതെ വന്നാല്‍ പിന്നീട് വെയ്റ്റിംഗ് ലിസ്റ്റില്‍പ്പെടുത്തി വിളിക്കണമെന്നുണ്ട്.
എന്നാല്‍ ഇവര്‍ക്ക് രണ്ടാമത് അവസരം നല്‍കാതെ ഇവരുടെ ലോഡും മറ്റു വാഹനങ്ങള്‍ കയറ്റികൊണ്ടുപോകുന്ന സ്ഥിതിയാണുള്ളത്. അതേ സമയം മിനി ലോറി ലെവല്‍ ലോഡ് ഒന്നിന് 4500 രൂപ മാത്രമേ പാടയുള്ളൂവെങ്കിലും 6000 രൂപ വരെ ഈ പ്രദേശങ്ങളില്‍ ഈടാക്കുന്നുണ്ട്. അംഗീകൃത മണലിനു പുറമെ 100 കണക്കിന് അനധികൃത ലോഡുകളും കൃത്രിമ മണല്‍പാസ് ഉപയോഗിച്ച് കടത്തികൊണ്ടുപോകുന്നുണ്ട്. ലോക്കല്‍ പോലീസ് തൊട്ട് ഉന്നതര്‍ക്ക് വരെ ഇതിന്റെ വിഹിതം കൃത്യമായി നല്‍കിയാണ് കൊണ്ടുപോകുന്നത്. ഇവര്‍ പിടിക്കപ്പെടുന്നില്ലയെന്നു മാത്രമല്ല, അനധികൃത മണല്‍ കടത്തുകാര്‍ക്ക് സുഗമ സഞ്ചാരം നടത്തുന്നതിന് നിയമപാലകര്‍ ജാഗരൂഗരായി രംഗത്തുന്നുള്ളതെന്നാണ് യാഥാര്‍ത്ഥ്യം. പഞ്ചായത്തിന് ലഭിക്കേണ്ടുന്ന വരുമാനം കൃത്രിമ മാര്‍ഗങ്ങളുപയോഗിച്ച് പഞ്ചായത്ത് അധികൃതരും മാഫിയസംഘങ്ങളും പങ്കുവെയ്ക്കുമ്പോള്‍ പഞ്ചായത്തിന് ലഭിക്കേണ്ട ലക്ഷങ്ങളാണ് ഇവിടെ നഷ്ടപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: