കൊച്ചി: കേന്ദ്ര, സംസ്ഥാന നികുതികളടക്കം വിവിധ രംഗങ്ങളില്‍ നടപ്പാക്കിയ വര്‍ധനയെ തുടര്‍ന്ന് സംസ്ഥാനത്തെ വ്യാപാര, വാണിജ്യ, വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടു. വ്യവസായ, വാണിജ്യ മണ്ഡലങ്ങളുടെ പ്രതിനിധികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികളും പങ്കെടുക്കുന്ന യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്ന പരിഹാരത്തിനായി ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ചേംബര്‍ ചെയര്മാന് കെ.എന്‍. മര്‍സൂഖ് നിര്‍ദേശിച്ചു.
സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ?എമര്‍ജിങ് കേരള? സംഘടിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ തൊട്ടു മുന്നിലുള്ള സ്ഥിതിവിശേഷം കണ്ടില്ലെന്ന് നടിക്കരുതെന്ന് ചേംബര്‍ അഭ്യര്‍ഥിച്ചു. അടിസ്ഥാന സൗകര്യം, ഊര്‍ജം, ഐ.ടി, ടൂറിസം തുടങ്ങിയ സുപ്രധാന മേഖലകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ കേരളത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചേ മതിയാകൂവെന്ന് ചേംബര്‍ ചൂണ്ടിക്കാട്ടി.
2012-2013 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ മിക്കവാറും എല്ലാ സാധനങ്ങളുടെയും എക്സൈസ് നികുതിയില്‍ 10 മുതല്‍ 12 ശതമാനം വരെയാണ് കേന്ദ്ര ധനമന്ത്രി വര്‍ധന വരുത്തിയിരിക്കുന്നത്. ഇതിനും പുറമെ സേവന നികുതി നിരക്ക് 10.32 ശതമാനത്തില്‍ നിന്നും 12.32 ശതമാനമാക്കിയും ഉയര്‍ത്തി. നെഗേറ്റെവ് പട്ടികയിലുള്ള 17 സാധനങ്ങളെ ഒഴിവാക്കി മേറ്റ്ല്ലാ മേഖലകളിലും സേവന നികുതി നടപ്പാക്കി.
കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിലാകട്ടെ വാറ്റ് നിരക്കുകളില്‍ 12.5 ശതമാനത്തില്‍ നിന്നും 13.5 ശതമാനമായാണ് വര്‍ധന നടപ്പാക്കിയത്. അവശ്യസാധനങ്ങളുടെ നികുതി നിരക്ക് നാലില്‍ നിന്നും ഒരു ശതമാനമാക്കി കുറച്ചെങ്കിലും വിലക്കയറ്റത്തിന് ഇതൊരു പരിഹാരമേയല്ലെന്ന് മര്‍സൂഖ് പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് 13 തവണ വരുത്തിയ വര്‍ധനയുടെ ചുവടു പിടിച്ച് വിവിധ ബാങ്കുകള്‍ വ്യാപാര, വാണിജ്യ സമൂഹത്തിന് നല്‍കിയിരുന്ന വായ്പയുടെ നിരക്കുകള്‍ ഉയര്‍ത്തിയതും വന്‍ തിരിച്ചടിയായി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമീപകാലത്ത് വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസില്‍ വരുത്തിയ വര്‍ധനയും താങ്ങാനാവാത്ത സ്ഥിതിവിശേഷംമാണ് സംജാതമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ പ്രധാന നിക്ഷേപമേഖലകളിലൊന്നായ റിയല്‍ എസ്റ്റേറ്റ് രംഗം ഏറ്റവും പ്രയാസമേറിയ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും മര്‍സൂഖ് അഭിപ്രായപ്പെട്ടു. സാധനസാമഗ്രികളുടെ വിലയിലുണ്ടായ വര്‍ധന, തൊഴിലാളികളുടെ ദൗര്‍ലഭ്യം, പാര്‍പ്പിട വായ്പകളുടെ നിരക്കു വര്‍ധന എന്നിവയ്ക്ക് പുറമെ ചില പദ്ധതികളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും പ്രതിസന്ധിക്ക് കാരണമായി. റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന് ആശ്വാസം പകരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം വാറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തത്. സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടിയില്‍ വരുത്തിയിട്ടുള്ള വര്‍ധനയും ഈ വ്യവസായത്തെ പതികൂലമായി ബാധിക്കും.
പ്രതിസന്ധി ലഘൂകരിക്കുന്നതിനും വ്യാപാര വാണിജ്യ വ്യവസായ മേഖലയ്ക്ക് ആത്മവിശ്വാസം പകരുന്നതിനും പരസ്പരവിശ്വാസത്തിലും ധാരണയിലുമൂന്നിയുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് കെ.എന്‍. മര്‍സൂഖ് പറഞ്ഞു. വാണിജ്യ വ്യവസായ മണ്ഡലങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കുന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കയ്യെടുത്താല്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതിന് കേരള ചേംബര്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: