ഇസ്ലാമാബാദ്: ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ ഭോജ എയറിന്റെ ബോയിംഗ് 737 വിമാനത്തിലെ എല്ലാവരും മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. അതിനിടെ വിമാന കമ്പനിയുടെ ഉടമസ്ഥന് പാക്കിസ്ഥാന് വിട്ടുപോകുന്നത് അധികൃതര്‍ വിലക്കി.
അതേസമയം, വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. ഇതോടെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അറിയാനാകുമെന്നാണ് പ്രതീക്ഷയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ലാന്റ് ചെയ്യുന്നതിന് പത്ത് മിനിറ്റ് മുമ്പ് വിമാനവുമായുള്ള സകല ബന്ധവും നഷ്ടമായിരുന്നു. ജനവാസം കുറഞ്ഞ പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്.
പതിനൊന്ന് കുട്ടികള്‍ ഉള്‍പ്പെടെ 121 യാത്രക്കാരും ആറ് വിമാന ജീവനക്കാരുമായി കറാച്ചിയില്‍നിന്ന് ഇസ്ലാമാബാദിലേക്ക് പോവുകയായിരുന്നു വിമാനം. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഇസ്ലാമാബാദ് ഹൈവേയില്‍നിന്നും മൂന്ന് കിലോമീറ്റര്‍ മാറി ഹുസൈന് അബാദ് ഗ്രാമത്തിലാണ് വെള്ളിയാഴ്ച രാത്രി തകര്‍ന്നുവീണത്. കാലപ്പഴക്കം മൂലം ഉപേക്ഷിച്ച വിമാനം ഷഹീന് എയര്‍ലൈന്‍സില്‍നിന്ന് ഭോജ എയര്‍ലൈന്‍സ് വാങ്ങുകയായിരുന്നു.
കാര്യക്ഷമമായ വ്യോമ ഗതാഗതം സംവിധാനം നിലവിലുള്ള പാക്കിസ്ഥാനില്‍ വിമാനദുരന്തങ്ങള്‍ അപൂര്‍വമാണ്. 2010 ജൂലൈയില്‍ സ്വകാര്യ എയര്‍ലൈനായ എയര്‍ബ്ലൂവിന്റെ എയര്‍ബസ് 321 യാത്രാജെറ്റ് ഇസ്ലാമാബാദിന് സമീപം കുന്നില്‍ ഇടിച്ച് തകര്‍ന്നിരുന്നു. വിമാനത്തിലുണ്ടായിരുന്ന 152 യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു. 2006ല്‍ പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈസന്‍സിന്റെ വിമാനം മുള്‍ട്ടാന്‍ നഗരത്തിന് സമീപം തകര്‍ന്ന് 45 പേരും കൊല്ലപ്പെട്ടിരുന്നു.
വിമാനദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിക്ക് സന്ദേശമയച്ചു. വെള്ളിയാഴ്ച ഇസ്ലാമാബാദിലുണ്ടായ വിമാനാപകടത്തില്‍ വിലപ്പെട്ട ജീവനുകള്‍ പൊലിഞ്ഞതില്‍ തനിക്ക് അഗാധമായ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: