ആലുവ: ആലുവായില്‍ ട്രെയിന്ടിക്കറ്റുകള് കരിഞ്ചന്തയില്‍ വ്യാപകം. ഇതേതുടര്‍ന്ന് ആര്‍പിഎഫിന്റെ പ്രത്യേകസ്ക്വാഡ് റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജ്ജിതമാക്കി. കൗണ്ടറുകളില്‍ നിന്നും ടിക്കറ്റുകള്‍ തരപ്പെടുത്തുന്നതിനുവേണ്ടി തലേരാത്രി തന്നെ ഈറാക്കറ്റില്പ്പെട്ടവര് എത്തുകയാണ് ചെയ്യുന്നത്. രാവിലെ 8ന് കൗണ്ടറുകള്‍ തുറക്കുമ്പോള്‍ ഒരുമിച്ച് ടിക്കറ്റുകള്‍ ബുക്കുചെയ്യുകയും ചെയ്യും.
തത്കാല്‍ ടിക്കറ്റുകള്‍ യാത്രാദിനത്തിന്റെ തലേന്നുരാവിലെ മുതലാണ് ബുക്കുചെയ്യാന്‍ കഴിയുക. ഇരട്ടിവരെയാണ് കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ക്ക് വിലവരുന്നത്. അതിരാവിലെയെത്തി ഏറെ നേരം ക്യുവില്‍ നിന്നശേഷമായിരിക്കും ടിക്കറ്റ് ലഭിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുക. ഈ സമയത്താണ് ഏജന്റുമാരെത്തി കൂടുതല്‍ തുകയ്ക്ക് ടിക്കറ്റ് വിതരണം ചെയ്യാന്‍ തയ്യറാവുക. അടുത്തിടെയായി പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയപ്പോള്‍ ഈ റാക്കറ്റിന്റെ പ്രവര്‍ത്തനം വലിയൊരു പരിധിവരെ കുറയ്ക്കുവാന്‍ കഴിഞ്ഞതാണ്.
വിഷു കഴിഞ്ഞിട്ടും പല സ്ഥലങ്ങളില്‍ നിന്നുമുള്ള യാത്രാടിക്കറ്റുകള്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. അഭ്യന്തര യാത്രാനിരക്കുകള്‍ വിമാനക്കമ്പനികളും ഉയര്‍ത്തിയതോടെ പലരും നാട്ടിലേക്കുള്ള യാത്ര ലീവ്കിട്ടിയിട്ടും മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായി മാറുകയാണ്. റെയില്‍വേ കൗണ്ടറുകള്‍ക്കുമുന്നില്‍ നിരന്തരം പരിശോധനകള്‍ നടത്തിയാല്‍ അനധികൃതമായി ടിക്കറ്റുകള്‍ കരസ്ഥമാക്കുന്ന റാക്കറ്റിനെ പൂര്‍ണമായി അമര്‍ച്ച ചെയ്യുവാന്‍ കഴിയും. ഇത്തരം റാക്കറ്റില്പ്പെടുന്നവരെ തെളിവുകള്‍ സഹിതം പിടികൂടിയാലും കോടതിയിലെത്തിക്കുമ്പോള്‍ നിശ്ചിതതുക പിഴയായി അടച്ച് കോടതിയില്‍ നിന്നും ജാമ്യമെടുത്ത് രക്ഷപ്പെടുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: