Categories: Vicharam

സ്വയംകൃതാനര്‍ഥം

Published by

ജാതി മതക്കോമരങ്ങള്‍ ഉമ്മന്‍ചാണ്ടിയെ നിര്‍ദാക്ഷിണ്യം വലിച്ചു കീറി തിന്നുന്ന അതിഭീകരമായ കാഴ്‌ച്ചയാണ്‌ കണ്ടു കൊണ്ടിരിക്കുന്നത്‌. ലീഗിന്റെ ആവശ്യത്തിന്‌ കീഴടങ്ങേണ്ടി വന്നപ്പോള്‍ ഹിന്ദുക്കളെ പ്രീണിപ്പിക്കാന്‍ വഴി കണ്ടെത്തേണ്ട ഗതികേടിലേക്ക്‌ മുഖ്യമന്ത്രി നീങ്ങി. ഒരു മുഖ്യമന്ത്രിയും ഒരിക്കലും ഉപേക്ഷിക്കാന്‍ മനസ്സു കാണിക്കാത്ത ആഭ്യന്തര വകുപ്പ്‌ അങ്ങനെ നായര്‍ എന്ന ഒരൊറ്റ മാനദണ്ഡത്തിന്റെ പുറത്ത്‌ തിരുവഞ്ചൂരിന്‌ കൈമാറേണ്ടി വന്നു. അതു പോരാഞ്ഞ്‌ മറ്റൊരു നായരായ ശിവകുമാറിനും മെച്ചപ്പെട്ട വകുപ്പ്‌ നല്‍കി. ഈഴവന്‍ ആയതു കൊണ്ട്‌ അടൂര്‍ പ്രകാശിനും സ്ഥാനക്കയറ്റം ലഭിച്ചു.

കേരളം ഏറെ നാളുകളായി കണ്ടുവരുന്ന മത രാഷ്‌ട്രീയത്തിന്റെ ഏറ്റവും ക്രൂരമായ അവസ്ഥയാണ്‌ ഇപ്പോള്‍ പ്രതിഫലിക്കുന്നത്‌. ഇതു വഷളാക്കാനും ജാതീയമായ ധ്രുവീകരണം ഉണ്ടാക്കാനും അഞ്ചാം മന്ത്രി വിവാദവും അതിന്‌ ഒടുവില്‍ ഉണ്ടാക്കിയ പരിഹാരവും കാരണമായി.

എല്ലാ മുന്നണികളും മതസമുദായശക്തികളുടെ വിലപേശലിന്‌ വശംവദരാവുന്നുണ്ടെങ്കിലും ജാതിയും മതവും മാത്രം അടിസ്ഥാനമായി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന നീക്കുപോക്കുകള്‍ കേരളത്തെ അതിഭീതീയമായ ഇരുണ്ട യുഗത്തിലേക്കാണ്‌ തള്ളിവിടുന്നത്‌. മന്ത്രി ആകുന്നതും എംഎല്‍എ ആകുന്നതും രാജ്യസഭാ സീറ്റ്‌ ലഭിക്കുന്നതും മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുന്നു എന്നത്‌ ഭീകരാവസ്ഥയാണ്‌. മത നേതാക്കള്‍ രാഷ്‌ട്രീയ നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ സാധിക്കുന്നു എന്നു മാത്രമല്ല, എന്തെങ്കിലും ലഭിക്കതെ വരുമ്പോള്‍ അവര്‍ക്ക്‌ നേരെ തോക്കു ചൂണ്ടുകയും ചെയ്യുന്നു.

യുഡിഎഫ്‌ തീരുമാനത്തെ തുടര്‍ന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന വളരെ വികാരപരമായിരുന്നു. സമദൂരം എന്നാണ്‌ പറയുന്നതെങ്കിലും എന്‍എസ്‌എസ്‌ നേതൃത്വം എക്കാലവും യുഡിഎഫിനെ തലോടാന്‍ സമയം കണ്ടെത്തിയിരുന്നതാണല്ലോ. എന്‍എസ്‌എസിന്റെ പരമോന്നത നേതാവ്‌ യുഡിഎഫിനെ പരസ്യമായി വെല്ലു വിളിച്ചിരിക്കുകയാണ്‌. പുതിയ അധികാരത്തിന്റെ തലപ്പാവുമായി ചങ്ങനാശ്ശേരിയിലെത്തിയ തിരുവഞ്ചൂരിനെ മുഖം കാണിക്കാന്‍ പോലും എന്‍എസ്‌എസ്‌ ജനറല്‍സെക്രട്ടറി മെനക്കെക്കിട്ടില്ലെന്നും കേള്‍ക്കുന്നു. നായര്‍ക്ക്‌ നട്ടെല്ലുണ്ടെന്ന്‌ സുകുമാരന്‍നായരുടെ വാക്കുകളില്‍ പ്രകടമായിരുന്നു. അത്‌ നിലനിര്‍ത്താന്‍ കഴിയുമോ ? അതാണ്‌ കേരളം കാണാനിരിക്കുന്നത്‌, കൊതിക്കുന്നത്‌.

സാധാരണ ഹിന്ദുക്കള്‍ക്കൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒറ്റപ്പെടലില്‍ നിന്നുണ്ടായ സ്വാഭാവികമായ പ്രതിഷേധമായി സുകുമാരന്‍നായരുടെ വാക്കുകളെ കാണേണ്ടതുണ്ട്‌. ക്രിസ്ത്യാനികളും മുസ്ലീങ്ങളും പല ഗ്രൂപ്പുകളായി ചിതറി നിന്ന്‌ കണക്കു പറഞ്ഞ്‌ അധികാര സ്ഥാനങ്ങളും അതിനോട്‌ ചേര്‍ന്നുള്ള സൗകര്യങ്ങളും തട്ടി എടുക്കുമ്പോള്‍ ഇവിടുത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ അവഗണിക്കപ്പെടുന്നു എന്നത്‌ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന വസ്തുതയാണ്‌. ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ടായ മുറിവ്‌ ഉണക്കാന്‍ മന്ത്രിസഭയിലെ വകുപ്പുമാറ്റം കൊണ്ട്‌ കഴിയുമെന്ന്‌ ഉമ്മന്‍ചാണ്ടി കരുതിയെങ്കില്‍ കഷ്ടം. തൊഴുത്തു മാറ്റിക്കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കുമോ എന്നാണ്‌ ഇതിനെ കുറിച്ച്‌ വെള്ളാപ്പള്ളി പരിഹസിച്ചത്‌.

ഇത്തരം തീരുമാനങ്ങളെ മതേതരവാദികളും വിദ്യാസമ്പന്നരുമായ ഹിന്ദുക്കള്‍ മാത്രമല്ല ന്യൂനപക്ഷങ്ങളിലെ പ്രബുദ്ധരും പരിഹാസച്ചിരിയോടെയെ വീക്ഷിക്കൂ. ന്യൂനപക്ഷങ്ങള്‍ എല്ലാം സ്വന്തമാക്കുമ്പോള്‍ തങ്ങള്‍ അരക്ഷിതരാണ്‌ എന്ന തോന്നല്‍ ഹിന്ദുക്കളില്‍ ഉണ്ടാകുമ്പോഴാണ്‌ ഭൂരിപക്ഷം വ്യാകുലപ്പെടുന്നത്‌. അതിനെ വര്‍ഗീയമെന്ന്‌ വിളിച്ചാക്ഷേപിച്ചേക്കാം. ഇപ്പോള്‍ നടന്നു വരുന്ന ന്യൂനപക്ഷ വര്‍ഗീയപ്രീണനം കേരളത്തെ കേരളമല്ലാതാക്കും. ഇതിന്റെ പൂര്‍ണ ഉത്തരവാദി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ലീഗുമാണെന്ന സത്യം അംഗീകരിക്കേണ്ടിയിരിക്കുന്നു.

അഞ്ചാമത്‌ ഒരു മന്ത്രി സ്ഥാനം കൂടി ലീഗിന്‌ അര്‍ഹത ഉണ്ടെങ്കില്‍ അത്‌ നല്‍കാന്‍ ഈ ഒമ്പത്‌ മാസം എടുത്തത്‌ എന്തിന്‌ എന്നത്‌ ന്യായമായ ചോദ്യമാണ്‌. ലീഗിന്‌ ഇതിന്‌ അര്‍ഹതയുണ്ടോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്‌ സംശയമുണ്ടായിരുന്നു. കെപിസിസിയിലെ ചര്‍ച്ച അതായിരുന്നല്ലോ. എന്നാല്‍ ലീഗിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ കോണ്‍ഗ്രസ്‌ സമ്മതിച്ചു കൊടുത്തു. ഇങ്ങനെ ആത്മാഭിമാനം ഇല്ലാതെ ഭരണം നയിക്കുന്നതു കൊണ്ട്‌ എന്തു പ്രയോജനമാണ്‌ കേരളത്തിന്‌ ഉണ്ടാവുക? ലീഗിനെ പോലെയുള്ള ഘടക കക്ഷികള്‍ ഉണ്ടാക്കുന്ന തലവേദനകള്‍ മൂലം ഭരിക്കാന്‍ ആര്‍ക്കും നേരമില്ലാത്ത അവസ്ഥയാണ്‌. ഭരണം എന്നൊന്ന്‌ നടക്കുന്നില്ല. ഭരണാഭാസം വേണ്ടുവോളമുണ്ടുതാനും. മന്ത്രിമാരെ ബഹുമാനിക്കാത്ത ഉദ്യോഗസ്ഥര്‍. ഏതു കാര്യം ആദ്യം ചെയ്യണമെന്ന്‌ നിശ്ചയില്ലാത്ത മന്ത്രിമാര്‍. കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത അന്തരാളഘട്ടത്തിലായിരിക്കുന്നു.

അഞ്ചാം മന്ത്രി പ്രശ്നത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്നാണ്‌ ലീഗിന്റെ അടിയന്തരയോഗം തീരുമാനിച്ചത്‌. കിട്ടിയവര്‍ മൗനമാചരിക്കുന്നതാണ്‌ മിടുക്ക്‌. കിട്ടാത്തവരുടെ വായടപ്പിക്കാനുള്ള തഞ്ചമാണത്‌. ‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’ എന്നത്‌ പഴയൊരു ചൊല്ലാണ്‌. രാഷ്‌ട്രീയത്തിലത്‌ അക്ഷരം പ്രതി ശരിയാണോ ? ആണെന്നാണ്‌ കേരളത്തിലെ വര്‍ത്തമാനകാല സംഭവങ്ങള്‍ തെളിയിക്കുന്നത്‌. മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ അനുഭവം നോക്കിയാട്ടെ.

“ഞ്ഞാന്‍ മുഖ്യമന്ത്രിയായിരിക്കെ രാജ്യസഭാ സീറ്റിന്റെ പേരില്‍ പിണങ്ങി ഉമ്മന്‍ചാണ്ടി രാജി വച്ചു. ബാബ്‌റി മസ്ജിദിന്റെ പശ്ചാത്തലത്തില്‍, ലീഗിന്‌ സ്ഥാനം നല്‍കിയതാണ്‌ പ്രശ്നമുണ്ടാക്കിയത്‌. വീണ്ടും ഒരു ഒഴിവു വന്നപ്പോള്‍ ഗ്രൂപ്പു വഴക്കു മൂര്‍ച്ഛിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക്‌ സീറ്റു കിട്ടിയില്ല. അവകാശപ്പെട്ടത്‌ കിട്ടാതായപ്പോള്‍ ഞാന്‍ പ്രതിഷേധിച്ചു. അതിന്‌ എന്തെല്ലാം പ്രശ്നങ്ങളുണ്ടാക്കി. ഇപ്പോഴിതാ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു. തീരുമാനം തിരുത്തുന്നു.
വീണ്ടും തീരുമാനിക്കുന്നു. തിരുത്തുന്നു… കഴിഞ്ഞ കുറച്ചു നാളുകളായി ഇവിടുത്തെ സ്ഥിതിയെന്താണ്‌ ? ആലോചിക്കാന്‍ പോലും വയ്യ. രാഷ്‌ട്രീയ നേതൃത്വത്തിന്‌ വിലയില്ലാതാവുകയും ഭരണസിന്‍ഡിക്കേറ്റിന്‌ വില കൂടുകയും ചെയ്യുന്ന കാലമാണ്‌. പ്രവര്‍ത്തകര്‍ക്ക്‌ എന്താണ്‌ സ്ഥാനം ? ഇരുപതും മുപ്പതും വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച്‌ പാരമ്പര്യമുള്ളവര്‍ക്ക്‌ അവഗണന. ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും കയറിപ്പറ്റുന്നവര്‍ കോണ്‍ഗ്രസിനെ കല്ലെറിഞ്ഞവര്‍. ഇതിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ പാര്‍ട്ടിക്കെതിരായ ശബ്ദമെന്ന്‌ വ്യാഖ്യാനിക്കപ്പെടും.” (പതറാതെ മുന്നോട്ട്‌ പുറം-259) വേറൊരിടത്തു പറയുന്നു “….. പലതും ഞാന്‍ കണ്ടു. ഇനിയെത്ര കാണാനിരിക്കുന്നു. ഇപ്പോള്‍ എന്റെ ദുഃഖം കുടെയുള്ള സഹോദരങ്ങളെ കുറിച്ചാണ്‌. 110 കൊല്ലം പ്രായമുള്ള കോണ്‍ഗ്രസില്‍ ഇതുപോലെയുള്ള ചതിയന്മാരെ ഞാന്‍ കണ്ടിട്ടില്ല. ചരിത്രം അവര്‍ക്ക്‌ മാപ്പു കൊടുക്കില്ല.”

കോണ്‍ഗ്രസുകാരെ തന്നെയാണ്‌ ആ വയോവൃദ്ധന്‍ ശപിച്ചിരിക്കുന്നത്‌. അത്‌ ഫലിച്ചു കൊണ്ടിരിക്കുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസിലും യുഡിഎഫിലും ഗൂഢാലോചന നടന്നെന്നു പറയുന്നത്‌ കോണ്‍ഗ്രസുകാരന്‍ തന്നെയായ പി.ടി.തോമസ്‌എംപിയാണ്‌. കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പുലിയെന്നാണ്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌. ലീഗിന്റെ അഞ്ചാം മന്ത്രിയെ നല്‍കുന്നതറിയിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പുലിയെ കാണാനായില്ല. രമേശ്‌ അവിടെ എലിയെ പോലെയായിരുന്നു. ഹൈക്കമാന്റിനെ കണ്ട്‌ പരാതി പറയാന്‍ ഉമ്മന്‍ചാണ്ടി പലതവണ ദല്‍ഹിയില്‍ പോയി.
അഞ്ചാംമന്ത്രിയെ നിശ്ചയിക്കും മുമ്പും പറന്നു. നിശ്ചയിച്ച ശേഷം കോണ്‍ഗ്രസിലെ വിലാപവും കലാപവും അസഹ്യമായപ്പോഴും പോയി. “ഹൈക്കമാന്റിന്‌ പക്ഷേ നോ കമന്റ്‌”. എല്ലാ സ്വയം കൃതാനര്‍ഥം. ഇനി എന്തൊക്കെ കാണണം, കേള്‍ക്കണം. ശനി ബാധിച്ച പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌. രാമേശ്വരത്തു പോയാലും ശനി പിന്തുടരുക തന്നെ ചെയ്യും.

‘സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ച്‌

നാണം കെട്ടു നടക്കുന്നിതു ചിലര്‍’

പൂന്താനം ഇത്‌ എഴുതിവച്ചത്‌ കേരളത്തിലെ രാഷ്‌ട്രീയക്കാരെ ഉദ്ദേശിച്ചായിരിക്കുമോ ? ഇന്നത്തെ സാഹചര്യത്തില്‍ നൂറു വട്ടം തലയാട്ടി സമ്മതിക്കേണ്ടിയിരിക്കുന്നു. മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി പ്രശ്നമാണ്‌ ഇപ്പോഴത്തെ കുഴപ്പമെന്ന്‌ ലീഗൊഴിച്ചുള്ളവരെല്ലാം പറയുന്നു. മുസ്ലീം ലീഗിനെ അറിയാത്തവരാണോ കേരളീയര്‍ ? ലീഗിനെ തൊട്ടവനെ പോലും തൊടാന്‍ മടിച്ച കാലമുണ്ടായിരുന്നില്ലേ ? അത്‌ അതിലുള്ളവര്‍ മുസ്ലീങ്ങളായിരുന്നതു കൊണ്ടല്ല. ലീഗിന്റെ നയവും പരിപാടിയും നീക്കങ്ങളുമെല്ലാമാണ്‌ അങ്ങനെയൊരു സാഹചര്യമുണ്ടാക്കിയത്‌. വിഭജന കാലത്ത്‌ കോഴിക്കോട്ടങ്ങാടിയിലടക്കം കേട്ടൊരു മുദ്രാവാക്യമുണ്ടായിരുന്നു. ‘പത്തണേന്റെ കത്തി വാങ്ങി, കുത്തിവാങ്ങും പാക്കിസ്ഥാന്‍’ എന്നതായിരുന്നു അത്‌. പറഞ്ഞതു പോലെ തന്നെ നടന്നു.
എന്നിട്ടും കോഴിക്കോടും മലബാറിലാകെയും കേരളം മുഴുവനും ലീഗ്‌ പടര്‍ന്നു, വളര്‍ന്നു. ചതിച്ചു കൊണ്ട്‌ പാക്കിസ്ഥാന്‍ വാങ്ങി, ചിരിച്ചു കൊണ്ട്‌ മാപ്പിളസ്ഥാനും (മലപ്പുറം) വാങ്ങി. മലപ്പുറം ലീഗിന്റെ വത്തിക്കാനാണ്‌. അവിടുത്തെ തറവാട്ടില്‍ ചെന്ന്‌ രാഷ്‌ട്രീയം പറയാനില്ലെന്ന്‌ പ്രഖ്യാപിക്കാന്‍ ആര്യാടനല്ലാതെ മറ്റൊരു നേതാവില്ല. ഇനി മന്ത്രിയാകാനില്ലെന്നു പ്രഖ്യാപിച്ച ആര്യാടന്‌ ആരെ പേടിക്കണം !

കെ. കുഞ്ഞിക്കണ്ണന്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by