കോഴിക്കോട്: കടലില്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുകൊല്ലപ്പെട്ട സംഭവത്തില്‍ കേരള സര്‍ക്കാറിന് കേസെടുക്കാന്‍ അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചതിലൂടെ കേന്ദ്രത്തിന്റെ ഇറ്റാലിയന്‍ താല്പര്യമാണ് മറനീക്കി പുറത്തുവന്നതെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് പറഞ്ഞു.
24 നോട്ടിക്കല്‍ മെയില്‍ വരെ അന്താരാഷ്ട്ര നിയമമനുസരിച്ച് ഇന്ത്യയുടെ കണ്ടീജിയസ് സോണ്‍ ആയിരിക്കെ കൊല നടന്ന 20.5 നോട്ടിക്കല്‍ മെയില്‍ അന്താരാഷ്ട്ര കപ്പല്‍ ചാലാണെന്ന് വാദിക്കുന്നത് വിചിത്രമാണ്. ഇറ്റാലിയന്കപ്പലില് നിന്ന് വെടിവെപ്പ് ഉണ്ടായതുമുതല്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരായ മത്സ്യതൊഴിലാളികളോട് കൂറ് കാണിക്കാതെ ഇറ്റലിക്ക് വേണ്ടി കുഴലൂതുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്.
നമ്മുടെ കടലില്‍ കൊലനടത്തിയ സംഭവത്തെ നയതന്ത്രതര്ക്കത്തിലേക്ക് വഴിതിരിച്ചുവിടുകയും ഇന്ത്യയുടെ അധികാരംപോലും അടിയറവ് വെക്കുകയും ചെയ്യുന്ന നടപടിയാണ് അന്താരാഷ്ട്ര കടലെന്ന വാദത്തിലൂടെ ഉണ്ടായിട്ടുള്ളത്. സംഭവം നടന്നിട്ടുള്ള കടല്‍പ്രദേശം അന്താരാഷ്ട്രകടലിലാണെന്ന വാദം അംഗീകരിച്ചാല്‍ ഭാവിയില്‍ നമ്മുടെ രാജ്യസുരക്ഷയ്ക്ക് കടുത്ത ഭീഷണിയുണ്ടാകും എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.
കേന്ദ്രസര്‍ക്കാര്‍ വിചിത്രമായ നിലപാട് സ്വീകരിക്കുമ്പോള്‍ ഉറക്കം നടിച്ച കേരള സര്‍ക്കാറിന് കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളോടാണോ ഇറ്റാലിയന്‍ കൊലയാളികളോടാണോ ആഭിമുഖ്യം എന്ന് വ്യക്തമാക്കണം. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ ബാദ്ധ്യതയുള്ളവര്‍ മത്സ്യത്തൊഴിലാളികളെ കൊലയാളികള്‍ക്ക് വേട്ടയാടാന്‍ എറിഞ്ഞുകൊടുക്കുന്ന കേന്ദ്ര-കേരളസര്‍ക്കാറുകള്‍ ഒത്തുകളിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: