ഇസ്ലാമാബാദ്: സിയാച്ചിന്‍ മലനിരകളില്‍നിന്നും സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന് സൈനിക മേധാവി ജനറല്‍ അഷറഫ് പര്‍വേശ് കയാനി ഇസ്ലാമാബാദില് അറിയിച്ചു. സിയാച്ചിനെ സംബന്ധിച്ചുള്ള പാക്കിസ്ഥാന്റെ നിലപാടിന് മാറ്റമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് മൗസാം അലിഖാന് വ്യക്തമാക്കി.
ഓരോ ചര്‍ച്ചയിലും തീര്‍പ്പുണ്ടാകണമെന്ന ആഗ്രഹത്തോടെയാണ് ചര്‍ച്ചകളില്‍ പ്രശ്നങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് ഖാന് പറഞ്ഞതായി ജിയോന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ 8 ന് രാഷ്ട്രപതി ആസിഫ് അലി സര്‍ദാരിയും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ദല്‍ഹിയില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചയില്‍ പ്രാധാന്യമര്‍ഹിക്കുന്ന പല കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി എല്ലാത്തിനും അനുയോജ്യമായ പരിഹാരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന് പ്രതിരോധമന്ത്രാലയ സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ചയുടെ തീയതി ഉടന്‍ തന്നെ നിശ്ചയിക്കുമെന്നും ഖാന് പറഞ്ഞു. സിയാച്ചിന്‍ ഹിമപാളികള്‍ ഇന്ത്യയുടെ ഒരു ഭാഗമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പാക്കിസ്ഥാന് അറിയിച്ചു. ജനനന്മക്കായി ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനപരമായി മുന്നോട്ടുപോകുവാന്‍ വളരെയധികം ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ ഏഴിന് പാക്കിസ്ഥാന് സൈനികത്താവളത്തില്‍ മഞ്ഞുമലയിടിഞ്ഞുവീണ് 140 സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സിയാച്ചിന്‍ സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറായതെന്ന് പാക്കിസ്ഥാന് സൈനിക മേധാവി വ്യക്തമാക്കി.
സിയാച്ചിനില്‍നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തയ്യാറാകണമെന്ന് പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സിയാച്ചിന്‍ മേഖലയിലെ സേനാ വിന്യാസത്തിന് മാത്രമായി ഇന്ത്യയും പാക്കിസ്ഥാനും കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളും പരസ്പര ധാരണയിലെത്തി സേനയെ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 1984 മുതലാണ് ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തി പ്രദേശമായ സിയാച്ചിനില്‍ സേനാ വിന്യാസം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: