ന്യൂദല്‍ഹി: ജന്‍ലോക്പാല്‍, കള്ളപ്പണം എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ജൂണ്‍ മൂന്നിനു നിരാഹാര സമരം അനുഷ്ഠിക്കുമെന്ന് അണ്ണാ ഹസാരെയും ബാബ രാംദേവും അറിയിച്ചു. മേയ് ഒന്നു മുതല്‍ ദേശീയ തലത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ദല്‍ഹിയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ഇരുവരും അറിയിച്ചു.
അഴിമതിയ്ക്കെതിരെ പോരാടാന്‍ ജനങ്ങളോട് ആവശ്യപ്പെടും. യു.പി.എ സര്‍ക്കാരിനെ താഴെയിറക്കണമെന്നത് തങ്ങളുടെ അജന്‍ഡയല്ലെന്നും ജനലോക്പാല്‍ ബില്‍ നടപ്പിലാക്കുകയാണ് തങ്ങളുടെ ആവശ്യം. ജനങ്ങളുടെ താല്പര്യം സര്‍ക്കാരിന് മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിനെ അനുസരിക്കേണ്ട കാര്യമില്ലെന്നും ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ ശക്തമായ ലോകായ്കുത കൊണ്ടുവരാനായി സംസ്ഥാനത്തെ ജനങ്ങളുടെ പൊതുഅഭിപ്രായം തേടുന്നതിന് മെയ് ഒന്ന് മുതല്‍ സംസ്ഥാനത്ത് പര്യടനം നടത്തുമെന്നും അണ്ണാ അറിയിച്ചു. മഹരാഷ്ട്രയിലെ ഷിര്‍ദിയില്‍ നിന്നുമാണു യാത്ര ആരംഭിക്കുന്നതെന്ന് ഹസാരെ അറിയിച്ചു. ബാബ രാംദേവിനൊപ്പമാകും സമരത്തിനു നേതൃത്വം നല്കുകയെന്നു ഹസാരെ അറിയിച്ചു.
രാജ്യത്തെ നാണയപ്പെരുപ്പം കുറയ്ക്കാന്‍ വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു കൊണ്ടുവരണം. ശക്തമായ ലോക്പാല്‍ നടപ്പാക്കാന്‍ ജനങ്ങളെ ഒരുമിപ്പിക്കും. അഴിമതി വിഷയത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ കൂടിയാണു രാംദേവും താനും കൂടി രാജ്യമൊട്ടാകെ യാത്ര ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: