ജലാന്തര്‍: പഞ്ചാബിലെ ജലാന്തറില്‍ തകര്‍ന്നുവീണ പുതപ്പുനിര്മാണ ഫാക്ടറിയുടെ കെട്ടിടാവശിഷ്ടങ്ങള്ക്കിടില്നിന്ന് 72 മണിക്കൂറിനുശേഷം ഒരു അന്യസംസ്ഥാനത്തൊഴിലാളിയെ കൂടി രക്ഷപ്പെടുത്തി.
ബീഹാര്‍ സ്വദേശിയായ നിതീഷ് കുമാറിനെയാണ് ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ രക്ഷപ്പെടുത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് പുറത്ത് കാത്തുനിന്ന സഹോദരനെയും കൂട്ടുകാരേയും അത്ഭുതപ്പെടുത്തിയാണ് നിതീഷ്കുമാര്‍ രക്ഷപ്പെട്ടത്.
എല്ലാ പ്രതീക്ഷയും അവസാനിച്ച അവസരത്തിലാണ് നിതീഷിനെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തതെന്നും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നിതീഷിന്റെ സഹോദരന് വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് നാലുനിലയുള്ള കെട്ടിടം തകര്‍ന്നുവീണത്. നാഷണല്‍ ഡിസാസ്റ്റര്‍ റസ്പോണ്സ്ഫോഴ്സ്, പഞ്ചാബ് പോലീസ്, സംഘടനകള്‍, സ്വകാര്യ വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
ചെറിയൊരു ടണല്‍ നിര്‍മിച്ചാണ് നിതീഷിന്റെ അടുത്തെത്തിയതും രക്ഷപ്പെടുത്തിയതെന്നും വേറെ ആരെങ്കിലും ജീവനോടെ ഉണ്ടോ എന്നറിയുവാന്‍ വേണ്ടിയുള്ള ശ്രമത്തിലാണെന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈനിക സംഘത്തിന്റെ നേതാവ് കേണല്‍ സിമ്മര്ജിത്ത് സിംഗ് അറിയിച്ചു. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ ദിവസം സന്ദീപ് കുമാറിനെ രക്ഷപ്പെടുത്തിയിരുന്നു. അതേസമയം, ചണ്ഡിഗഡ്ഢില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ജലാന്തര്‍ ഫോക്കല്‍ പോയിന്റില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് സഹായത്തിനായി ആരുടേയും ശബ്ദം കേള്‍ക്കുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതുവരെ അരുപത്തിയൊന്നോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഇനിയും കുറെപ്പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും അവര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നാലാംദിവസവും തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. മരണ സംഖ്യ ഉയരുവാന് സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം രണ്ടുമൂന്നു ദിവസം കൂടെ തുടരുമെന്നും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തെത്താനായി എല്ലാ ഭാഗത്തുനിന്നും ടണലുകള്‍ നിര്‍മിക്കുവാനുള്ള ശ്രമത്തിലാണെന്ന് എന്‍ഡിആര്‍എഫ് ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ജെ.കെ.റാവത്ത് പറഞ്ഞു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ആരെങ്കിലും ജീവനോടെ ഉണ്ടോ എന്ന് കണ്ടെത്തുവാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാക്ടറി ഉടമയും ജലാന്തര്‍ സ്വദേശിയുമായ ഷിതല്‍ വിജ്നെ തിങ്കളാഴ്ച രാത്രി മനഃപൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഫാക്ടറിയില്‍ എത്ര ജോലിക്കാര്‍ ഉണ്ടായിരുന്നെന്നോ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് ഫാക്ടറി വക്താക്കള്‍ക്ക് അറിയില്ലെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ പ്രിയങ്ക് ഭാരതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: