കൊച്ചി: തൃപ്പൂണിത്തുറ എരൂര്‍ റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനകം ആരംഭിക്കാനാകുമെന്ന് എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ഇതു സംബന്ധിച്ചുള്ള പ്രാരംഭ നടപടികള്‍ മരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. മേല്‍പാലത്തിന്റെ സര്‍വെ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറ അന്ധകാരത്തോടിനു കുറുകെയുള്ള പാലത്തിന്റെ നിര്‍മാണോദ്ഘാടനത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
41 കോടി രൂപയാണ് എരൂര്‍ റെയില്‍വെ മേല്‍പാലത്തിന്റെ നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 12.50കോടി കൊച്ചിന് റിഫൈനറി നല്‍കും. പാലത്തിന്റെ നിര്‍മാണ ചുമതല ആര്.ബി.ഡി.സി.യെ ഏല്പിക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ആര്.ഒ.ബി അടിസ്ഥാനത്തിലായിരിക്കും മേല്പാലനിര്മാണം. പദ്ധതി പ്രദേശത്ത് വളരെ കുറവ് കച്ചവടക്കാര്‍ മാത്രമേയുള്ളൂ. ഇവരെ മുന്‍സിപ്പാലിറ്റി പുനരധിവസിപ്പിക്കും. ഇതോടെ ഈ ഭാഗത്തെ വലിയ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും മന്ത്രി കെ.ബാബു പറഞ്ഞു.
ജനങ്ങളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും പൂര്‍ണമായ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. അന്ധകാരത്തോടിനു കുറുകെയുള്ള പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. നാഷണല്‍ ഹൈവേയുടേയും എന്‍.എച്ച്.എ.ഐയുടേയും നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ടോള്‍ വേണ്ടെന്നുവച്ചാല്‍ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം മന്ദഗതിയിലാകും. കേന്ദ്ര ഫണ്ട് പരമാവധി ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്നിലെത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇപ്പോഴത്തെ അവസ്ഥയില്‍ വികസനങ്ങളോട് പുറംതിരിഞ്ഞ് നില്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃപ്പൂണിത്തുറ അന്ധകാരത്തോടിനു കുറുകെയുള്ള പാലത്തിന് 260 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവു പ്രതീക്ഷിക്കുന്നത്. 19.32 മീറ്റര്‍ നീളവും രണ്ടുവരി ഗതാഗതത്തിനാവശ്യമായ 7.50 മീറ്റര്‍ വീതിയുമാണ് പാലത്തിന് വിഭാവനം ചെയ്തിരിക്കുന്നത്. ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ വീതം ഫുഡ്പാത്തുമുണ്ടാകും. നിര്‍മാണം ആറു മാസംകൊണ്ടു പൂര്‍ത്തിയാക്കാനാവുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു.
ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ ആര്.വേണുഗോപാല്‍, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, പ്രതിപക്ഷ നേതാവ് സി.എന്‍.സുന്ദരന്‍, ഉപാധ്യക്ഷ തിലോത്തമ സുരേഷ്, മരാമത്ത് സമിതി അധ്യക്ഷ രൂപരാജു, കൗണ്‍സിലര്‍മാരായ പുഷ്പമണി, ശകുന്തള ജയകുമാര്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.എ.ഹാഷിം, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ്.ഹുമയൂണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: