തൃശൂര്‍ : ചുമര്‍ചിത്ര സംരക്ഷണത്തിന്റെ പേരുപറഞ്ഞ് പുരാവസ്തു വകുപ്പ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതായി ആരോപണം. ഏറെ ഐതിഹ്യപ്പെരുമ നിറഞ്ഞ വടക്കുന്നാഥ ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാതെയാണ് പുരാവസ്തുവകുപ്പ് ക്ഷേത്രവികസനത്തെ അട്ടിമറിക്കുന്നതെന്നാണ് ഭക്തജനങ്ങളുടെ ആരോപണം. എന്നാല്‍ തങ്ങളുടെ അധീനതയിലുള്ള ചുമര് ചിത്രങ്ങളാകട്ടെ സംരക്ഷിക്കാതെ നാശത്തിന്റെ വക്കിലാണ്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചുമര് ചിത്രങ്ങളുടെ സംരക്ഷണം 1958,60 കാലഘട്ടത്തിലാണ് പുരാവസ്തുവകുപ്പ് ഏറ്റെടുത്തത്. എന്നാല്‍ ഇവ വേണ്ടരീതിയില്‍ സംരക്ഷിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. പല ചുമര്‍ചിത്രങ്ങളും കാണാന്‍ സാധിക്കാത്തവിധം നാശത്തിന്റെ വക്കിലാണ്. ശോചനീയമായ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കെ ഗോപുരനടയും കിഴക്കേ ഗോപുരനടയും പുനര്‍ നിര്‍മ്മിക്കണമെന്ന ഭക്തജനങ്ങളുടെ ആവശ്യം ഇക്കാലമത്രയായിട്ടും നടപ്പിലാക്കാന്‍ പുരാവസ്തു വകുപ്പിനും ദേവസ്വം ബോര്‍ഡിനും സാധിച്ചിട്ടില്ല.
പുരാവസ്തു വകുപ്പിനെക്കൊണ്ട് വടക്കുന്നാഥ ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കാന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കും കഴിയുന്നില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. തെക്കെ ഗോപുരനടയുടെ പുനര്‍നിര്‍മാണം പന്ത്രണ്ട് വര്‍ഷം മുമ്പാണ് പുരാവസ്തു വകുപ്പ് ആരംഭിച്ചത്. കോടിക്കണക്കിന് രൂപ ചിലവാക്കി എന്നു പറയുന്നുണ്ടെങ്കിലും ഇത് ഇതുവരെയും പൂര്‍ത്തീകരിച്ചിട്ടില്ല. ക്ഷേത്രത്തിനുള്ളിലെ നൃത്തനാഥന്റെ മുകള്‍ ഭാഗം സംരക്ഷിക്കാനും നടപടികള്‍ ആയിട്ടില്ല. ഏറെ ദൈവീക പ്രാധാന്യമുള്ള ഇവിടുത്തെ നൃത്തനാഥന്റെ ചിത്രം പ്ലാസ്റ്റിക് ഷീറ്റിട്ട് മറച്ച് അതിന് മുകളിലാണ് പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നത്.
ക്ഷേത്രക്ഷേമസമിതിയും നാട്ടുകാരും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തയ്യാറാണെങ്കിലും ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പുരാവസ്തു വകുപ്പ് ഇതിനെ തകിടം മറിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ ഭക്തജനങ്ങള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് എംപിയുടേയും മറ്റും സാന്നിധ്യത്തില്‍ യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്നപരിഹാരം നിര്‍ദ്ദേശിച്ചെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മന്ദഗതിയിലാണ്.
ക്ഷേത്രവികസനത്തിനുമാത്രം ഇല്ലാത്ത വാദങ്ങള്‍ കണ്ടെത്തുന്ന പുരാവസ്തു വകുപ്പ് പ്രദക്ഷിണ വഴിയിലെ മറ്റ് ആളുകളുടെ മരാമത്ത് പണികള്‍ക്ക് മൗനാനുവാദം നല്‍കുകയാണ്. ക്ഷേത്രത്തിന്റെ 300 മീറ്റര്‍ പരിധിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ പുരാവസ്തു വകുപ്പിന്റെ അനുമതി വേണമെന്നാണ് ചട്ടം. എന്നാല്‍ ഇത് മറ്റുപലരും ലംഘിക്കുമ്പോഴും ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും അട്ടിമറിക്കുന്ന സമീപനമാണ് ഇവര്‍ കൈക്കൊള്ളുന്നത്.
വടക്കുന്നാഥക്ഷേത്രവികസനത്തിന്റെ കാര്യത്തില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡും പുറം തിരിഞ്ഞിരിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള തീര്‍ത്ഥക്കുളം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ഓംബുഡ്സ്മാനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ലീഗല്‍ അഡ്വൈസര്‍ വിജയിച്ചില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. അതുപോലെതന്നെ ഗോശാല സംരക്ഷിക്കുന്നതിലും ആനകളെ സംരക്ഷിക്കുന്നതിലും തികഞ്ഞ അലംഭാവമാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ നടത്തുന്നത്. വര്‍ഷത്തില്‍ മൂന്നര കോടി രൂപയോളം വടക്കുന്നാഥ ക്ഷേത്രത്തില്‍ നിന്നും ബോര്‍ഡിന് വരുമാനം ലഭിക്കുന്നുണ്ട്. ഇതിന്റെ തെല്ലൊരു അംശം പോലും ക്ഷേത്രോന്നമനത്തിനായി ചിലവഴിക്കുന്നില്ല എന്നും ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: