തൃപ്പൂണിത്തുറ: ഹില്‍പ്പാലസ് കാഴ്ചബംഗ്ലാവില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ (സിഎച്ച്എസ്) മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും, പണം ചെലവഴിച്ചതിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് പുതിയ ഡയറക്ടര്‍ ജനറല്‍ ഡോ. എം.ജി.എസ്.നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മാനേജ്മെന്റ് ബോര്‍ഡിന്റെ ആദ്യയോഗം സര്‍ക്കാരിന് ശുപാര്‍ശ നല്കാന് തീരുമാനിച്ചു. സിഎച്ച്എസിന്റെ ഭരണത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഡയറക്ടര്‍ ജനറല്‍ ഡോ. എം.ജി.എസ്.നാരായണന് സെന്റര്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2011 ആഗസ്റ്റ് 20ന് ചുമതലയേറ്റ ബോര്‍ഡ് ഓഫ് മാനേജ്മെന്റിന്റെ ആദ്യയോഗം തിങ്കളാഴ്ച ചേര്‍ന്നാണ് ക്രമക്കേടുകളില്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. 2012 ഫെബ്രുവരി 15ന് ചേര്‍ന്ന 18 അംഗങ്ങളുടെ ഗവേണിങ്ങ് ബോഡിയുടെ ആദ്യയോഗത്തില്‍ത്തന്നെ ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഡിജി പിറഞ്ഞു.
ടൂറിസം ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് ബേപ്പൂരില്‍ സ്ഥാപിച്ചിട്ടുള്ള ഉരുനിര്മ്മാണത്തെക്കുറിച്ച് നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. 75 ലക്ഷം ചെലവഴിച്ചിട്ടും ഉരുനിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. മേല്‍നോട്ട സമിതിയില്‍ വിദഗ്ധരില്ല. പഠിപ്പിക്കാന്‍ നിശ്ചയിച്ചവരില്‍ പരിശീലനം ലഭിച്ചവരുമില്ല. ഇനിയും 40 ലക്ഷം കൂടി വേണമെന്നാണ് രജിസ്ട്രാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ സമിതികളുടെ തീരുമാനങ്ങള്‍ എഴുതിവച്ച മിനുട്സ് ബുക്ക് കാണാനില്ല. പേജ് നമ്പറിട്ട് സീലുവച്ച മിനുട്സ് ബുക്കിന് പകരം ഒറ്റപ്പെട്ട കടലാസുകളാണ് കിട്ടിയത്. അവയില്‍ മുന്‍ ഡിജി ഒപ്പിട്ട കോപ്പിയും രജിസ്ട്രാര്‍ ഒപ്പിട്ട കോപ്പിയും തമ്മില്‍ നിയമനങ്ങളുടെ കാര്യത്തിലും പ്രൊജക്ടുകളുടെ കാര്യത്തിലും വ്യത്യാസമുണ്ട്. ഇതെല്ലാം വ്യക്തമായതോടെ സാംസ്ക്കാരികമന്ത്രിയും വൈസ് ചെയര്‍മാനും രജിസ്ട്രാറെ ക്രമക്കേടുകള്‍ക്കും മര്യാദകെട്ട പെരുമാറ്റത്തിനും നേരിട്ട് പരസ്യമായി ശാസിക്കുകയുണ്ടായി. ഡിജിയുടെ അറിവോ സമ്മതമോ കൂടാതെ കത്തിടപാടുകളും ചെലവുകളും നടത്തിയത് ക്രമവിരുദ്ധവും നിയമവിരുദ്ധവും ആയതിനാല്‍ സമഗ്രമായ അന്വേഷണം വേണം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും അന്വേഷണവിധേയമാക്കണം. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച രജിസ്ട്രാറെ തല്‍സ്ഥാനത്തുനിന്ന് മാറ്റി വേണ്ടത്ര യോഗ്യതയുള്ളയാളെ നിയമിക്കണം.
സിഎച്ച്എസില് ഇപ്പോള്‍ നടത്തിവരുന്ന പിജി ഡിപ്ലോമ കോഴ്സുകളായ ആര്‍ക്കിയോളജിക്ക്, മ്യൂസിയോളജി, ആര്‍ക്കൈവല്‍ സ്റ്റഡീസ്, കണ്‍വര്‍സേഷന്‍ എന്നിവയ്ക്ക് ഏതെങ്കിലും യൂണിവേഴ്സിറ്റിയുടെയോ പിഎസ്സിയുടെയോ അംഗീകാരമില്ലാത്ത അവസ്ഥയാണ്. പഠിച്ചുപോയവര്ക്കും പഠിക്കുന്ന 40 പേര്‍ക്കും ഇതുകൊണ്ട് ഗുണമില്ല. പരിഹാരമായി പുതിയ അക്കാദമിക് കൗണ്‍സില്‍ രൂപീകരിച്ച് സിലബസ് തയ്യാറാക്കി അംഗീകാരത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്. നാല് കോഴ്സുകള്‍ക്ക് രണ്ട് പേരാണ് പഠിപ്പിക്കാനുള്ളത്.
സമഗ്രമായ പഠനത്തിനാവശ്യമായ ആധുനിക സൗകര്യങ്ങളുള്ള ലൈബ്രറി കോംപ്ലക്സ് സിഎച്ച്എസിന്റെ നേതൃത്വത്തില്‍ ഉണ്ടാവണം. കമ്പ്യൂട്ടര്‍ സംവിധാനങ്ങളുള്ള ഈ റഫറന്‍സ് ലൈബ്രറി ആയിരിക്കും ഇനി മുതല്‍ സിഎച്ച്എസിന്റെ പ്രധാന സ്ഥാപനം. 1400 പുസ്തകങ്ങളുണ്ടായിരുന്ന ലൈബ്രറിയില്‍നിന്നും 40 പുസ്തകങ്ങള്‍ കളവ് പോയിട്ടുണ്ട്. സിഎച്ച്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശദമായ ഓഡിറ്റ് നടത്തുന്നതാണ്. ശോചനീയാവസ്ഥയിലായിട്ടുള്ള കാഴ്ചബംഗ്ലാവിനെ ശരിയായി പുനരുദ്ധരിക്കണം. ഗൈഡുമാര്‍ക്ക് പരിശീലനം നല്‍കണം. മ്യൂസിയം-സിഎച്ച്എസ് എന്നിവയെക്കുറിച്ച് വെബ്സൈറ്റ് തുടങ്ങണം.
കേരളത്തില്‍ പൈതൃക സ്ഥാപന സര്‍വെ ഇതുവരെ നടത്തിയിട്ടില്ല. സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളില്‍ പൈതൃകസ്ഥാപനങ്ങളുടെ സമഗ്രമായ സര്‍വെ ആരംഭിക്കണം. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ജേര്‍ണല്‍ പ്രസിദ്ധീകരണം, പരിക്ഷിത്ത് തമ്പുരാന് അവാര്‍ഡ്, പ്ലാസ്റ്റിക് നിരേധനം, ഫൗണ്ടന് പുനരുദ്ധാരണം, കുളം-കിണര്‍ ശുദ്ധീകരണം, ഗ്രീവന്‍സ് സെല്‍, ഇ-ടോയ്ലറ്റ്, സിഎച്ച്എസിന് എംബ്ലം, നൂതന വൈദ്യുത സംവിധാനം തുടങ്ങി നിരവധി കാര്യങ്ങള്‍ നടപ്പാക്കുന്നതിനും മനേജ്മെന്റ് ബോര്‍ഡ് യോഗം തീരുമാനിച്ചതായി എംജിഎസ് പറഞ്ഞു.
മ്യൂസിയം ഡയറക്ടര്‍ ഡോ. ഉദയവര്മ്മന്, പ്രൊഫ. എം.ജി.ശശിഭൂഷണ്‍, പ്രൊഫ. രമാരാജന്‍, ഡോ. കെ.എ.എം.അന്‍വര്‍, ഡോ. എസ്.റെയ്മോന്‍ എന്നിവരും മാനേജ്മെന്റ് യോഗത്തില്‍ പങ്കെടുത്തു. മുന്‍മന്ത്രി ടി.എം.ജേക്കബ്, പ്രൊഫ. ആര്.എസ്.ശര്‍മ്മ, ജോണ്‍ ഓച്ചന്തുരുത്ത്, ഗവര്‍ണര്‍ ഫാറൂക്ക് തുടങ്ങി അന്തരിച്ച പ്രമുഖര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: