കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ. ലീഗിന് അഞ്ചാംമന്ത്രി സ്ഥാനത്തിന് യാതൊരു അര്‍ഹതയുമില്ല. പാണക്കാട് ഹൈദരലി തങ്ങളുടെ പരിചയക്കുറവിനെ മന്ത്രി കുഞ്ഞാലിക്കുട്ടി മുതലെടുക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് തങ്ങളെ കൂട്ടി കോട്ടയത്തു പോയത്. സാധാരണ തങ്ങള്‍ക്കു ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്തു ചെന്നു കാണുകയാണു പതിവ്. ഉമ്മന്‍ ചാണ്ടി അതു തെറ്റിച്ചു. തങ്ങളുടെ പരിചയക്കുറവാണ് ഇതിനു കാരണമായത്. അത് മുതലെടുത്ത കുഞ്ഞാലിക്കുട്ടിയുടെ നടപടി പ്രതിഷേധാര്‍ഹമാണ്.
ഉമ്മന്‍ചാണ്ടിയും രമേശും തമ്മില്‍ വകുപ്പു വിഭജന കാര്യത്തില്‍ മാത്രമേ തര്‍ക്കമുള്ളു. ഇഷ്ടക്കാര്‍ക്കു വകുപ്പുകള്‍ ലഭിക്കാത്തതിന്റെ കൊതിക്കെറുവാണ് രമേശ് ചെന്നിത്തലയ്ക്കുള്ളത്. ഇവര്‍ രണ്ടുപേരും ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും കോണ്‍ഗ്രസുകാരെ ഇരുവരും അവഹേളിച്ചു.
ആഭ്യന്തര വകുപ്പ് നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടി വകുപ്പില്ലാതെ നടന്നിട്ട് എന്തുകാര്യം. പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ഇരുവരുമാണ്. ആരോടും ആലോചിക്കാതെയുള്ള ഇവരുടെ തീരുമാനങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അന്തസ് കളഞ്ഞു കുളിച്ചു. പാര്‍ട്ടി ഇതുവരെ ഇത്തരം ലജ്ജാകരമായ സാഹചര്യം നേരിട്ടിട്ടില്ല.
പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് അടിയന്തരമായി കെപിസിസി ജനറല്‍ ബോഡി വിളിച്ചുകൂട്ടണം. ഒന്നോ രണ്ടോ ദിവസം തന്നെ ഈ വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കണം. ഇതിനു താമസം വന്നാല്‍ പലതും വിളിച്ചു പറയേണ്ടിവരും. ഇരുവരും രാജിവെക്കണമോയെന്ന കാര്യം അവര്‍ തീരുമാനിക്കണം. പരസ്യ വിവാദങ്ങള്‍ക്കൊന്നുമില്ലെന്നും പാര്‍ട്ടി യോഗത്തില്‍ തന്റെ അഭിപ്രായങ്ങള്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എ മാരുടെ എണ്ണം നോക്കി ഇതുവരെ കേരളത്തില്‍ മന്ത്രിമാരെ തീരുമാനിച്ചിട്ടില്ലെന്നും ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: