കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഞായറാഴ്ചയുണ്ടായ ചാവേര്‍ ആക്രമണ പരമ്പരക്ക് പിന്നില്‍ ഹഖാനി ശൃംഖലയാണെന്ന് അഫ്ഗാന് വിദേശകാര്യ മന്ത്രി ബിസ്മില്ലാ മുഹമ്മദി. ആക്രമണവുമായി ബന്ധപ്പെട്ട് ഒരു ഭീകരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അല്‍ഖ്വയ്ദ ബന്ധമുള്ള ഹഖാനി ശൃംഖലയാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അധികൃതര്‍ അറിയിച്ചു. 36 ഭീകരരും അഫ്ഗാന് സുരക്ഷാസേനയിലെ എട്ടുപേരും 18 മണിക്കൂര്‍ നീണ്ടുനിന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നംഗര്‍ഹാര്‍ പ്രവിശ്യയില്‍നിന്നും മറ്റൊരു ഭീകരനെ പിടികൂടിയതിനുശേഷമാണ് ഹഖാനി ശൃംഖലയുടെ പങ്ക് ദൃഢമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹഖാനി ശൃംഖലയാണ് ഇത്തരത്തില്‍ ആക്രമണം നടത്തുന്നതെന്നും അഫ്ഗാനിലെ ഉന്നത ഉദ്യോഗസ്ഥരെയും വിദേശ ഉദ്യോഗസ്ഥരെയുമാണ് ആക്രമണം ലക്ഷ്യംവച്ചതെന്നും പാശ്ചാത്യ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമേരിക്കന്‍ സൈനിക നടപടികളെയാണ് ഇപ്പോള്‍ തങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഹക്കാനി ശൃംഖലയിലെ വക്താവ് അറിയിച്ചു. കഴിഞ്ഞവര്‍ഷം സപ്തംബറില്‍ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ഹഖാനി ശൃംഖലയായിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഹഖാനി ശൃംഖലയുടെ മാത്രം ശൈലിയാണെന്ന് നാറ്റോ വക്താവ് കേണല്‍ ഡാനിയേല്‍ ജെ.ഡബ്ല്യു.കിംഗ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: