തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാഅതിര്‍ത്തിയായ നാവായിക്കുളം കടമ്പാട്ടുകോണത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. അന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്തുപേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് 6.50 ഓടെയാണ് കെഎസ്ആര്‍ടിസി തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റും കൊല്ലം തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസും കൂട്ടിയിടിച്ചത്. പാരിപ്പള്ളി സ്വദേശി സുജാത, പാരിപ്പള്ളി കുളമട സ്വദേശി സുലോചന, വിമല, വിദ്യ എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട സൂപ്പര്‍ഫാസ്റ്റ് കടമ്പാട്ടുകോണത്തുവച്ച് എതിര്‍ദിശയില്‍ നിന്ന് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊല്ലം ഭാഗത്തുനിന്നുവന്ന ഫാസ്റ്റ് പാസഞ്ചര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. കൂട്ടിയിടിയെതുടര്‍ന്ന് നിയന്ത്രണം വിട്ട സൂപ്പര്‍ഫാസ്റ്റ് വഴിയാത്രക്കാരിയെ ഇടിച്ചശേഷം സമീപത്തെ ചാലിലേക്ക് മറിഞ്ഞു. സൂപ്പര്‍ഫാസ്റ്റിന്റെ അമിതവേഗവും പ്രദേശത്തെ ദേശീയപാതയിലെ ഇറക്കവും അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. സമയത്ത് ചാറ്റല്‍മഴയുണ്ടായിരുന്നു. ചാറ്റല്‍മഴയില്‍ ബസ് തെന്നിയതാണ് അപകടകാരണമെന്ന് അപകടത്തില്‍പ്പെട്ട ബസിന്റെ ഡ്രൈവര്‍ ജയന് പറഞ്ഞു.
ഗുരുതരാവസ്ഥയിലായ 10 പേരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരെ തിരുവനന്തപുരം കിംസ് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, സമീപ്രദേശത്തെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാരും പോലീസും നേതൃത്വം നല്കി. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ടുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10,000 അടിയന്തര സഹായം അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: