മലപ്പുറം: കോണ്‍ഗ്രസ് പതാക ഒരു സമുദായ നേതാവിനും അടിയറവയ്ക്കില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അല്ലാതെ തനിച്ചു ജയിക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയും കേരളത്തിലില്ല. ആരുടെയെങ്കിലും ഔദാര്യത്തില്‍ സ്ഥാനമാനങ്ങള്‍ നേടി അത് ജന്മാവകാശമായി കാണുകയാണ് ചിലരൊക്കെ. ചിലര്‍ക്ക് ഭ്രാന്തു പിടിച്ചിരിക്കുന്നു. രാജ്യസഭ സീറ്റ് നല്‍കുന്നത് വലിയ വിട്ടുവീഴ്ചയായാണ് ചിലര്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് ആരുടെയും ഔദാര്യമല്ല. 2004 ഉം 2006 ഉം ആരും മറക്കേണ്ടെന്നും ഇ.ടി. മുഹമ്മദ് ബഷീറിന്റെ അഭിപ്രായ പ്രകടനത്തിന് മറുപടിയായി ആര്യാടന് പറഞ്ഞു.
ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തിനെതിരായി ഒരു നിമിഷം പോലും മന്ത്രിയായി തുടരില്ല. തുമ്മിയാല്‍ പോകുന്ന സ്ഥാനമാണ് മന്ത്രിപദമെങ്കില്‍ 100 പ്രാവശ്യം തുമ്മാന്‍ തയാറാണ്. മന്ത്രി പദവിക്ക് വലിയ വില കല്പിക്കുന്നില്ല. ഗസ്തൗസില്‍ താമസിക്കുന്നതു പോലെയാണ് മന്ത്രി പദമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സിന് ക്ഷീണം വരുന്ന ഒരു കാര്യത്തിനും മരണം വരെ താന്‍ ഉണ്ടാകില്ല. തന്റെ അഭിപ്രായങ്ങള്‍ ഇനിയും പറയും. അതു തടയാന്‍ ഒരു പ്രസ്ഥാനത്തിനും കഴിയില്ല. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ നാടുകടത്തിയ കോണ്‍ഗ്രസിന് ഈ അല്പ്പായുസ്സുകളെ തെല്ലും ഭയപ്പെടേണ്ട കാര്യമില്ല.
ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ അവഗണിച്ച് ഒരു ഭരണകൂടത്തിനും ഇവിടെ നിലനില്‍ക്കാനാകില്ല. ഞങ്ങള്‍ക്ക് പച്ചക്കണ്ണടയില്ല, വെളുത്ത കണ്ണടയാണ്. ലീഗിന്റെ തെറിപ്രകടനങ്ങള്ക്ക് മറുപടി പ്രകടനങ്ങള്‍ ഇനി നടത്തേണ്ട. അവര്‍ക്ക് അതേ അറിയൂ. നമുക്ക് ഇനിയും കാലമുണ്ട്. അവിടെവെച്ചു നോക്കാമെന്നും ആര്യാടന് പറഞ്ഞു.
അഞ്ചാംമന്ത്രിയുടെ സത്യപ്രതിജ്ഞക്കുശേഷം ആദ്യമായി ജില്ലയിലെത്തിയ ആര്യാടന് മുഹമ്മദിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. ജില്ലാ അതിര്‍ത്തിയായ ചങ്ങരംകുളത്തു നിന്ന് സ്വീകരിച്ച് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെ മലപ്പുറം ഡിസിസി ഓഫീസിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: