വിജ്ഞാന ദീപ്തികൊണ്ട് വിശ്വവിജയം നേടിയ ജഗദ്ഗുരു ആദിശങ്കരന്റെ പിറവികൊണ്ട് പ്രസിദ്ധമായ മേല്‍പ്പാഴൂര്‍ ഇല്ലത്തെ (അമ്മാത്തില്ലം) പവിത്രാന്തരീക്ഷത്തില് മന്ദ്രമധുരമായി ഒഴുകിവന്ന സരസ്വതീവന്ദനത്തോടെ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഈ വര്‍ഷത്തെ ത്രിദിന പഠനശിബിരത്തിന് നാന്ദിയായി.
വൈദേശിക പ്രത്യേയശാസ്ത്രങ്ങളും ദര്‍ശനങ്ങളും ബൗദ്ധികരംഗം കയ്യടക്കിയിരുന്ന എണ്‍പതുകള്‍ മുതല്‍ വൈചാരികരംഗത്ത് ബദല്ചിന്താ പദ്ധതികളുമായി രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയക്ക് നേതൃത്വം നല്കികൊണ്ടിരിക്കുന്ന ഭാരതീയ വിചാരകേന്ദ്രത്തിന്റെ ചരിത്രത്തിലെ ഉജ്വലാദ്ധ്യായങ്ങളില് ഒന്നായിരുന്നു, എപ്രില്‍ 6,7,8 തീയതികളില്‍ പിറവം വെളിയനാട് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ആസ്ഥാനത്തു നടന്നത്.
വിദ്യാഭ്യാസ വിചക്ഷണന്മാര് മുതല്‍ വിദ്യാര്‍ത്ഥികളും സാധാരണക്കാരുമടങ്ങുന്ന ശിബിരാര്‍ത്ഥികള്‍ കേരളത്തിന്റെ ബൗദ്ധികാന്തരീക്ഷത്തിന്റെ ഒരു പരിഛേദം തന്നെയായിരുന്നു. ഭാരതീയ വിചാര കേന്ദ്രത്തിന്റെ കഴിഞ്ഞ മുപ്പതു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വെറുതെയായില്ല എന്നു തെളിയിക്കുന്നതായിരുന്നു സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള പഠിതാക്കളുടെ സജീവ പങ്കാളിത്തം. ബൗദ്ധിക മേഖലയില്‍ വരും കാലങ്ങളിലെ ഹൈന്ദവ മുന്നേറ്റത്തിനായുള്ള വിചാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊടും പാവുമേകാന്‍ അവര്‍ക്കു കഴിയുമെന്നുറപ്പ്.
6-ാം തീയതി വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്കു ഉദ്ഘാടന സഭയോടെയാണ് പഠനശിബിരം ആരംഭിച്ചത്. ചിന്മയ മിഷന് കേരള ഘടകം അദ്ധ്യക്ഷന്‍ സ്വാമി വിവിക്താനന്ദസരസ്വതി ഉത്ഘാടനം നിര്‍വ്വഹിച്ച് ശിബിരത്തെ അനുഗ്രഹിച്ചു. ശിബിരം നടക്കുന്ന സ്ഥലത്തിന്റെ പ്രാധാന്യം അദ്ദേഹം വിവരിച്ചത് പഠിതാക്കള്‍ കൗതുകത്തോടെയും ആത്മപുളകത്തോടെയുമാണ് സ്വീകരിച്ചത്.
പിറവത്തിന്റെ ചരിത്ര പ്രാധാന്യത്തെ കവര്‍ന്നെടുക്കുന്ന ക്രൈസ്തവ കാപട്യത്തെ തുറന്നു കാട്ടിക്കൊണ്ടായിരുന്നു ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്റെ ആമുഖ പ്രഭാഷണം. കേരളം ലോകത്തിനു നല്കിയ ഏറ്റവും വലിയ സംഭാവന ശങ്കരാചാര്യരാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അദ്വൈതവേദാന്തത്തെ സമൂര്‍ത്ത രൂപം നല്കി ജനഹൃദയത്തില്‍ പ്രതിഷ്ഠിച്ച, ആചാര്യ പാദരുടെ ജീവിതത്തെ ചുരുങ്ങിയ വാക്കുകളില്‍ വരച്ചുകാട്ടി.
ഭാരതത്തിന്റെ നാലുഭാഗങ്ങളില് ആചാര്യപാദര്‍ നാലുമഠങ്ങള്‍ സ്ഥാപിച്ചത് രാഷ്ട്രത്തിന്റെ അതിര്‍വരമ്പുകള്‍ പോലെ പ്രതീകാത്മകമായിരുന്നു. ഒരോ മഠത്തിനും ഓരോ വേദത്തിന്റെ അധികാരവും അദ്ദേഹം കല്‍പ്പിച്ചുകൊടുത്തു. മുമ്പ് നിലനിന്നിരുന്ന ഏകതയ്ക്ക് സമൂര്‍ത്തരൂപം നല്‍കിയത് ശങ്കരാചാര്യരാണ്. ചിന്നഭിന്നവും ശിഥിലവുമായിരുന്ന സന്യാസസംഘങ്ങളെ ആരണ്യം, വനം, ഗിരി, പര്‍വ്വതം, ആശ്രമം, പുരി, തീര്‍ത്ഥം, സരസ്വതി, സാഗരം, ഭാരതി എന്നിങ്ങനെ ദശനാമി സമ്പ്രദായത്തില്‍ ശങ്കരന് ക്രോഡീകരിച്ചു. ഓരോ സംഘത്തിനും ഓരോ പ്രവര്‍ത്തന മേഖല നിശ്ചയിച്ചു. വേദങ്ങള്‍ക്കുശേഷം, ഭാരതമിന്നും ഭാരതമായി നിലനില്‍ക്കുന്നത് ശങ്കരാചാര്യരിലൂടെയാണ്. അധഃപതനത്തിന്റെ, അടിമത്വത്തിന്റെ നെല്ലിപ്പലക കണ്ട ഭാരതത്തെ ഒരു വരാഹാവതാരം പോലെ ശങ്കരാചാര്യര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. �ശങ്കരാചാര്യര്‍ ഇല്ലായിരുന്നില്ലെങ്കില്‍ ഹിന്ദുമതം നശിച്ചുപോകുമായിരിരുന്നു. ഭാരതം സ്വതന്ത്രമാകുകയുമില്ലായിരുന്നു� എന്ന സി.രാജഗോപാല്‍ ആചാരിയുടെ നിരീക്ഷണം വസ്തുനിഷ്ഠമാണെന്നും പരമേശ്വര്‍ജി ചൂണ്ടിക്കാട്ടി. ഇന്ന് ലോകത്തെ ഭരിക്കുന്നത് അര്‍ത്ഥവും കാമവുമാണ്. സനാതന ധര്‍മ്മത്തിന്റെ യുഗാവിഷ്ക്കാരമാണ് ഏകാത്മ മാനവദര്ശനമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ് ഉത്ഘാടന സഭയില്‍ ആദ്ധ്യക്ഷ്യം വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. കെ. ജയപ്രസാദ് സ്വാഗതവും സംഘാടക സമിതി രക്ഷാധികാരി അഡ്വ. കെ.എന്‍. സ്വാമിദാസ് നന്ദിയും പറഞ്ഞു.
ഉച്ചയ്ക്കു ശേഷം നടന്ന സഭയില്‍ �വിവേകാനന്ദപഠനവേദിയായിരുന്നു വിഷയം. �ശങ്കരന്റെ ബുദ്ധിവൈഭവവും ബുദ്ധന്റെ ഹൃദയവും ചേര്‍ന്ന വ്യക്തിത്വമാണ് ഭാവിഭാരതത്തിന് ആവശ്യം� എന്ന വിവേകാനന്ദവാണിയുടെ ഭാവാര്‍ത്ഥം വ്യാഖ്യാനിച്ചുകൊണ്ട്, ഭാരതീയ ചിന്തയുടെ പ്രചാരണത്തില്‍ ഭാവാത്മക യൗവ്വനത്തിന്റെ പ്രസക്തി വരച്ചുകാട്ടുന്നതായിരുന്നു കാ.ഭാ.സുരേന്ദ്രന്റെ വിഷയാവതരണം. വിവേകാനന്ദപഠനവേദി പ്രവര്‍ത്തകര്‍ ആര്‍ജ്ജിക്കേണ്ട ഉള്‍കരുത്ത്, സ്വാധ്യായം, സംഘാടന മികവ് എന്നീ സവിശേഷ ഗുണങ്ങളെക്കുറിച്ച് വിഷയാവതരണത്തില്‍ അദ്ദേഹം മാര്‍ഗ്ഗദര്‍ശനം നല്കി. ഭാരതീയ വിചാരകേന്ദ്രം എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ. കെ. ശിവപ്രസാദ് സഭ നിയന്ത്രിച്ചു. വയനാട് ജില്ലാ കാര്യദര്‍ശി വി.കെ. സന്തോഷ്കുമാര്‍ സ്വാഗതവും സംയോജകന്‍ രംഗനാഥ് കൃഷ്ണ നന്ദിയും പറഞ്ഞു.
സ്വാമി വിവേകാനന്ദനും കേരളവും� എന്നതായിരുന്നു അടുത്ത വിഷയം. വിവേകാനന്ദ സാഹിത്യത്തില്‍ അവഗാഹമുള്ളയാളും ഗ്രന്ഥകാരനുമായ പ്രെഫ: എസ്സ്. രാധാകൃഷ്ണനായിരുന്നു അവതാരകന്. വിവേകാനന്ദനെ വിലയിരുത്തുന്നതില്‍ പണ്ഡിതന്മാര്ക്ക് വന്ന പിഴവിനെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹം തുടങ്ങിയത്. ഓരോരുത്തരും അവരവരുടെ പരിമിതിയും യുക്തിയുമനുസരിച്ച് വിവേകാനന്ദനെ വ്യാഖ്യാനിച്ചു. ഏതുവീക്ഷണത്തിലും വ്യാഖ്യാനിക്കാവുന്ന സംപുഷ്ട ആശയങ്ങളുടെ കലവറയായിരുന്നു വിവേകാനന്ദന്. എല്ലാ വ്യാഖ്യാനങ്ങളും ഭാഗീകം മാത്രമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ എല്ലാ ചെറുഭാഗങ്ങള്ക്കും ഒരു ഏകതയുണ്ടായിരുന്നു. അത് ആധ്യാത്മികതയല്ലാതെ മറ്റൊന്നുമായിരുന്നില്ല.
കൊടുങ്ങല്ലൂര്‍ കോവിലകത്തെ സ്ത്രീജനങ്ങളുടെ സംസ്കൃതപാണ്ഡിത്യം വിവേകാനന്ദനെ അതിശയിപ്പിച്ചു. പിന്നീട് അമേരിക്കയില്‍ നടത്തിയ പ്രഭാഷണത്തില്‍ കേരളീയ സ്ത്രീകളുടെ മഹത്വത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഈ സ്വാധീനത്താലാണ്. എറണാകുളത്ത് ചട്ടമ്പിസ്വാമികളെ കാണാനിടയായതും, �ഞാനൊരു സമ്പൂര്‍ണ്ണമനുഷ്യനെ കണ്ടു� എന്ന് വിവേകാനന്ദസ്വാമികള്‍ അതിനെപ്പറ്റി ഡയറിയില്‍ കുറിച്ചതും പ്രെഫ: രാധാകൃഷ്ണന് വിവരിച്ചു. കേരളനവോത്ഥാനത്തിന് വിവേകാനന്ദന് നല്കിയ സംഭാവനകളുടെ അറിയപ്പെടാത്ത ഏടുകള്‍ പഠിതാക്കള്ക്കുമുന്നില് തുറന്നുകാട്ടിയ അദ്ദേഹത്തിന്റെ പ്രഭാഷണം, ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചും, അവരില്ലായിരുന്നുവെങ്കില്‍ കേരളത്തിനു വന്നു ഭവിക്കുമായിരുന്ന ദുരന്തങ്ങളെക്കുറിച്ചും സൂചനകള്‍ നല്കി. തൃശ്ശൂര്‍ ജില്ലാ അദ്ധ്യക്ഷന്‍ സി.എന്‍. മുരളീധരന് നായര്‍ പ്രഭാഷകനെ വേദിക്കു പരിചയപ്പെടുത്തി. വിചാര കേന്ദ്രം പട്ടാമ്പി സ്ഥാനീയ സമിതി കാര്യദര്‍ശി അഡ്വ. വി.രാജേഷ് നന്ദിപറഞ്ഞു.
സംസ്ഥാന പഠനശിബിരത്തിന്റെ ഏറ്റവും വലിയ സവിശേഷതയും ആകര്‍ഷണീയതയും പ്രാധാന്യവും സൈദ്ധാന്തിക പഠനമെന്നു വിശേഷിപ്പിക്കാവുന്ന ഏകാത്മമാനവദര്ശനത്തെപ്പറ്റിയുള്ള പഠനമായിരുന്നു. രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ രണ്ട് അവിസ്മരണീയ ക്ലാസുകളിലൂടെ ബഹുഭാഷാപണ്ഡിതനും സൈദ്ധാന്തികനുമായ ആര്.ഹരി വിഷയാവതരണം നടത്തി.
മാര്‍ക്സിസം, ഫ്രോയിഡിസം, ഡാര്‍വിനിസം എന്നിവ പോലെ അപൂര്‍ണ്ണമായ ഒരു രാഷ്ട്രീയ പ്രത്യശാസ്ത്രമല്ല ഏകാത്മമാനവദര്‍ശനമെന്ന് സമര്‍ത്ഥിച്ചുകൊണ്ടായിരുന്നു അദ്ദേഹം വിഷയം അവതരിപ്പിച്ചു തുടങ്ങിയത്. �ഏകാത്മ മാനവദര്‍ശനം ഒരു രാഷ്ട്രീയ സിദ്ധാന്തമല്ല. സാമ്പത്തിക നന്മ പുതുക്കാവുന്ന ഒരു സിദ്ധാന്തവുമല്ല. ഇത് തീര്‍ത്തും ഭാരതീയ സിദ്ധാന്തമാണ്. സമീപനം ശരിയാവണമെങ്കില്‍ മറ്റു സിദ്ധാന്തങ്ങളുമായി താരതമ്യപ്പെടുത്തേണ്ടിവരും. അദ്ദേഹം വിശദീകരിച്ചു. കമ്മ്യൂണിസം സോഷ്യലിസം എന്നിവയില്‍ പ്രവേശിക്കുന്നതിനു മുമ്പ് പാശ്ചാത്യര്‍ക്ക് തനതായ ജീവിതവീക്ഷണം ഉണ്ടായിരുന്നു. തദ്ദേശീയരായ ജനതയുടെ യഥാര്ത്ഥവീക്ഷണമായിരുന്നു അത്. അധിനിവേശ ശക്തികള്‍ അവയെ തകര്‍ത്തെറിഞ്ഞു. ഭാരതീയ ദര്‍ശനത്തോട് സാദൃശ്യമുള്ളവയായിരുന്നു അവരുടെ അന്നത്തെ വീക്ഷണം.
ഇന്നത്തെ പാശ്ചാത്യ ദര്‍ശനം ക്രിസ്തുവിനു ശേഷം യൂറോപ്പില്‍ വളര്‍ന്നുവന്ന ക്രൈസ്തവ ദര്‍ശനമാണ്. എന്നാല്‍ ക്രിസ്തുപൂര്വ്വ ദര്‍ശനമാണ് യഥാര്‍ത്ഥ പാശ്ചാത്യ ദര്‍ശനം. പില്ക്കാലത്ത് ക്രൈസ്തവ, ഇസ്ലാമിക, യഹൂദി ദര്‍ശനങ്ങള്‍ അവിടങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. അത്തരം സെമിറ്റിക്ക് ദര്‍ശനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഏകാത്മ മാനവദര്‍ശനം.
ദൈവം, സൃഷ്ടി, മനുഷ്യന്, പ്രകൃതി എന്നീ ഘടകങ്ങള്‍ക്ക് സെമിറ്റിക്ക് ദര്‍ശനത്തിനും ഏകാത്മമാനവദര്ശനത്തിലും പ്രാധാന്യമുണ്ട്. എങ്കിലും സമീപനത്തില്‍ രണ്ടിലും മൗലികമായി വ്യത്യാസമുണ്ട്. മനുഷ്യനെ ഏറ്റവും വലുതാക്കിയ വ്യക്തിത്വമാണ് സെമിറ്റിക്ക് ദൈവം. പ്രപഞ്ചബാഹ്യനാണ് അദ്ദേഹം. മറ്റൊരു ലോകത്തില്‍ കഴിയുന്നു. അടിമയും ഉടമയും തമ്മിലുള്ള ബന്ധമാണ് ആ ദൈവത്തിനും മനുഷ്യനും തമ്മിലുള്ളത്. ആകാശദൈവം എന്ന് സെമിറ്റിക്ക് ദൈവത്തെ വിശേഷിപ്പിക്കാം. പക്ഷാപാതിയാണ് സെമിറ്റിക്ക് മതത്തിലെ ഈശ്വരന്. സന്താനങ്ങളില്‍ ഒന്നിനെ മാത്രം തെരഞ്ഞെടുത്തിരിക്കുന്നു അദ്ദേഹം. ആ മധ്യസ്ഥനിലൂടെയല്ലാതെ നിങ്ങള്‍ക്ക് ദൈവത്തെ പ്രാപിക്കുക സാധ്യമല്ല.
സേച്ഛാധിപതിയായ ഒരു രാജാവിനെപ്പോലെയാണ് സെമിറ്റിക്ക് ദൈവം പെരുമാറുന്നത്. മറ്റൊരാളെ അംഗീകരിക്കാനോ വകവെച്ചുകൊടുക്കാനോ സമ്മതിച്ചുകൊടുക്കാനോ തയ്യാറല്ല. അത്രയ്ക്കും അസൂയലുവാണ്. ഈ ദൈവത്തിന്റെ സൃഷ്ടി തന്നില്‍ നിന്നും അന്യമാണ്. മല, പ്രകൃതി എന്നിവകളെയെല്ലാം അഞ്ചുദിവസം കൊണ്ട് അദ്ദേഹം സൃഷ്ടിച്ചു. ആറാം ദിവസം സ്വസ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു. അങ്ങനെ ദൈവത്തിന് പുരുഷരൂപം ലഭിച്ചു. സ്ത്രീയുടെ രൂപത്തിലോ മരത്തിന്റെ രൂപത്തിലോ ചെടിയുടെ രൂപത്തിലോ ദൈവത്തെ കാണാന്‍ സെമിറ്റിക്കുകള്ക്കാവാത്തതിന്റെ മനശ്ശാസ്ത്രം ഇങ്ങനെ രൂപപ്പെടുന്നു.
തന്റെ സൃഷ്ടികളുടെ ഉപഭോക്താവാണ് ഈ പുരുഷ ദൈവം. മനുഷ്യനുവേണ്ടിയാണ് ഈ പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളുമെന്ന ഉപഭോഗ ഭ്രാന്തിന്റെ കാതല്‍ ഈ വീക്ഷണമാണ്. പ്രകൃതിയെ നശിപ്പിക്കാന്‍ അതുകൊണ്ട് മനസാക്ഷിക്കുത്തിന്റെ ആവശ്യമില്ല. പുരുഷനെ സൃഷ്ടിച്ചതോടെ സൃഷ്ടിക്കുള്ള ഉപകരണങ്ങള്‍ തീര്‍ന്നതുകൊണ്ട് പുരുഷനില്‍ നിന്ന് സ്ത്രീയെ സൃഷ്ടിക്കേണ്ടിവന്നു, ഈ ദൈവത്തിന്. പുരുഷനുവേണ്ടി, പുരുഷനില്‍ നിന്ന്, പുരുഷനു ശേഷം സ്ത്രീ സൃഷ്ടിക്കപ്പെടുന്നു. പാപത്തിനു പ്രേരിപ്പിക്കപ്പെട്ട അവളില്‍ നിന്ന് ഉണ്ടായവരെല്ലാം പിന്നീട് പാപികളായി മാറി. അങ്ങനെ ദൈവത്തിന്റെ നിലനില്‍പ്പ് പാപിയിലായി. കമ്മ്യൂണിസത്തില്‍ പാപി അഥവാ സാത്താനു പകരം �സംഘര്‍ഷം� ഇടം തേടി. സംഘര്‍ഷം ഇല്ലാതെ കമ്മ്യൂണിസത്തിന് നിലനില്‍പ്പ് ഇല്ലാതെ വന്നു.
സൃഷ്ടിയുടെ അഭേദ്യഭാഗമാണ് മനുഷ്യനെന്നാണ് ഹൈന്ദവ ദര്‍ശനം. ഈ ദര്‍ശനത്തിന്റെ പ്രതിഫലനം ക്രൈസ്തവ പൂര്‍വ്വ മതങ്ങളിലും കാണാം. ഇന്‍ക, മയ സംസ്ക്കാരങ്ങള്‍ ഈ ദര്‍ശന സാദൃശ്യത്താല്‍ ശ്രദ്ധേയമാണ്.
�ഏകാത്മ മാനവദര്‍ശനം� ഭാരതീയ ദര്‍ശനം അഥവാ ഹൈന്ദവ ദര്‍ശനമാണ്. വിവേകാനന്ദന്, ശ്രീ അരവിന്ദന് തുടങ്ങിയ സന്യാസിമാരും സമ്പൂര്‍ണ്ണാനന്ദ, ഭഗവന്‍ ദാസ് തുടങ്ങിയ ചിന്തകരും ഈ ദര്‍ശനത്തിന്റെ ക്രോഡീകരണത്തില്‍ ഗണ്യമായ സംഭാവനകള്‍ നല്കിയവരാണ്. പിന്നീട് ശ്രീ ഗുരുജിയും ദീനദയാല്‍ജിയും അതിനെ ഏകീകരിച്ച് പ്രകാശിപ്പിച്ചു. യഥാര്‍ത്ഥ ഭാരതീയ വീക്ഷണത്തിന്റെ പ്രതിഫലനമാണ് ഏകാത്മമാനവദര്‍ശനം. അടിസ്ഥാനപരമായ കാഴ്ചപ്പാടാണ് അത്. ഈ വീക്ഷണമനുസരിച്ച് പ്രകൃതിയെ നശിപ്പിക്കാന്‍ നമുക്ക് സാധ്യമല്ല. കൊതുകിനും ചിതലിനും ഇവിടെ നിലനില്ക്കാന് അവകാശമുണ്ട്.
കയ്യൂക്കുള്ളവന് കാര്യക്കാരനാകുന്നില്ല. സഹജീവികളെ നിലനിര്‍ത്താന്‍ നമ്മുക്ക് ബാധ്യതയുണ്ട്. കാരണം, രൂപത്തില്‍ പലതായി കാണപ്പെടുന്നവയിലും വര്‍ത്തിക്കുന്നത് ഒരേ മൂലചൈതന്യമായ ഈശ്വരനാണ്. ഒരു കാന്തം പൊട്ടിച്ച് 25 കഷണങ്ങളാക്കിയാലും കാന്തികശക്തി ഇല്ലാതാകുന്നില്ല. ഇത് അംഗീകരിക്കുന്ന ഭാരതീയന് മരത്തിലും, മൃഗത്തിലും, ജഗത്തിലും ഈശ്വരനെ കാണാന്‍ വിഷമമില്ല. ഈ ഐകമത്യം പുല്ലിനേയും, പൂവിനേയും, പുഴയേയും സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനും നമ്മുക്ക് പ്രേരണ നല്കുന്നു.
മൂലദര്ശനം ജീവിതത്തിന്റ വിവിധ തലങ്ങളില്‍ ഉപയോഗിക്കുമ്പോഴേ സാര്‍ത്ഥകമാകുകയുള്ളു. അല്ലെങ്കില്‍ അതു വെറും ബുദ്ധി വ്യായാമം മാത്രമായിരിക്കും. പേരിടല്‍ കര്മ്മത്തില്പോലും നമ്മുടെ കാഴ്ച്ചപ്പാട് പ്രതിഫലിക്കണം. ആത്മാവെന്ന് ഭാരതീയര്‍ വിവക്ഷിക്കുന്നതും സോള്‍ എന്ന് ബൈബിളില്‍ പറയുന്നതും തമ്മില്‍ അന്തരമുണ്ട്. പ്രാണനെന്നു നാം പറയുന്നതിനെയാണ് ബൈബിളും ഖുര്‍ ആനും ആത്മാവായി വിവക്ഷിക്കുന്നത്.
പാശ്ചാത്യ ദര്‍ശനത്തില്‍ ദൈവവും പ്രകൃതിയും തമ്മില്‍, ദൈവവും സൃഷ്ടികളും തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഇവിടെ സമന്വയവും സാമഞ്ജസ്യവുമാണ് പുലരുന്നത്. ധര്‍മ്മം സൃഷ്ടിക്കപ്പെട്ടത് വൈവിധ്യം നിറഞ്ഞ ലോകത്തെ സമന്വയിപ്പിക്കാനാണ്. ആര്.ഹരി പറഞ്ഞു.
വൈവിദ്ധ്യവും വൈചിത്ര്യവും വൈരുദ്ധ്യവും നിറഞ്ഞ ഭാരതീയ ഗ്രന്ഥപരമ്പരകളിലൂടെ കടന്ന് അവയുടെ സത്തയെ സ്വാംശീകരിച്ച് ഏകാന്മമാനവദര്ശനമായി പകര്‍ന്നുതന്ന അദ്ദേഹത്തിന്റെ ക്ലാസ്സ് രണ്ട് അദ്ധ്യായങ്ങളുള്ള ഒരു ഗ്രന്ഥം പാരായണം ചെയ്ത അനുഭൂതിയാണ് പഠിതാക്കള്‍ക്ക് പകര്‍ന്നു നല്‍കിയത്. ഏകാത്മമാനവദര്‍ശനത്തെ അറിയുകയെന്നാല്‍ ഭാരതീയദര്‍ശനത്തെ അടുത്ത് അറിയുക എന്നാണ്. ലളിത സുന്ദരമായ ഉദാഹരണങ്ങളിലൂടെ അനുഭവസമ്പന്നനായ അദ്ദേഹം ദര്‍ശനത്തിന്റെ ആഴങ്ങളിലേക്ക് അനുവാചകനെ കൂട്ടികൊണ്ടുപോയി.
ഭാരതീയ വിചാരകേന്ദ്രം റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. കെ.എന്‍ മധുസൂദനന്‍പിള്ള സഭയ്ക്ക് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ലാ കാര്യദര്‍ശി സി. സദാനന്ദന് മാസ്റ്റര്‍ സ്വാഗതവും ആലപ്പുഴ ജില്ലാ സമിതി അംഗം ഹരികുമാര്‍ ഇളയിടത്ത് കൃതഞ്ജതയും പറഞ്ഞു.
വിവേകാനന്ദന്റെ 150 -ാം ജന്മദിനം വിപുലമായി ആഘോഷിക്കാനും, ഗീതാ സ്വാദ്ധ്യായ സമിതി, വിവേകാനന്ദ പഠനവേദി എന്നിവകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താനും തീരുമാനിച്ചു. മലയാള ദിനാചരണം മാതൃഭാഷയുടെ മഹത്വത്തെയും പ്രാധാന്യത്തെയും ജനമനസ്സുകളില്‍ ഊട്ടിഉറപ്പിക്കുംവിധമാകണമെന്ന് തീരുമാനിച്ചു. �സംഘടന: ലക്ഷ്യം,വികാസം� എന്ന വിഷയത്തില്‍ ആര്.സജ്ഞയന്‍ മാര്‍ഗ്ഗദര്‍ശനം നല്കി. സംസ്ഥാന കാര്യദര്‍ശി കെ.സി സുധീര്‍ബാബു അദ്ധ്യക്ഷത വഹിച്ച ഈ സഭയില്‍ തിരുവനന്തപുരം ജില്ലാ കോശാദ്ധ്യക്ഷന്‍ പ്രസന്നകുമാര്‍ സ്വഗതം പറഞ്ഞു. �വിവേകാനന്ദ ജയന്തിയില്‍ ഭാരതീയവിചാരകേന്ദ്രത്തിന്റെ പങ്ക്� എന്ന വിഷയത്തില്‍ പി.പരമേശ്വരന് മാര്‍ഗ്ഗദര്‍ശനം നല്കി. അഡ്വ. എന്‍ അജീഷ് സ്വാഗതവും മലപ്പുറം ജില്ലാ കാര്യദര്‍ശി പി.കെ. വിജയന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
സമാപന സഭയില്‍ സംഘാടക സമിതി രക്ഷാധികാരി പരമേശ്വരന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.ഐ.ഐസക്ക്, കെ.പി പ്രഭ, എന്‍.എസ്. അനില്‍കുമാര്‍, സി.എന്‍. ഉണ്ണികൃഷ്ണന് കളമ്പൂര് എന്നിവര്‍ സംസാരിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് സമാപനസന്ദേശം നല്കി. സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന് എഴുതിയ വൈഭവത്തിലേക്കുള്ള വഴി എന്ന ഗ്രന്ഥം ഉത്ഘാടന സഭയില്‍ സ്വാമിവിവിക്താനന്ദ സരസ്വതി ഡോ. എം മോഹന്‍ ദാസിനു നല്കി പ്രകാശിപ്പിച്ചു.
ഹരികുമാര്‍ ഇളയിടത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: