പൊട്ടിക്കുക പടക്കം, കത്തിക്കുക പൂത്തിരി. ആഹ്ലാദത്തിന്റെ ആയിരമായിരം വര്‍ണങ്ങള്‍ ആകാശത്ത് നൃത്തം ചവിട്ടട്ടെ. അങ്ങനെ കണിക്കൊന്നയുടെ ഹൃദയഹാരിയായ വികാരം നമുക്കു നെഞ്ചേറ്റാം. എല്ലാവര്ക്കും കാലികവട്ടത്തിന്റെ വിഷുവാശംസകള്‍. ആശംസകള്‍ കേട്ടും ആഹ്ലാദാരവങ്ങളില്‍ മുഴുകിയും വിഷുവെ മുറുകിപ്പുണരുമ്പോള് ചിലര്‍ സങ്കടപ്പെട്ടിരിക്കുകയാവും. സാമ്പത്തികമായി, ശാരീരികമായി, വൈകാരികമായി തകര്‍ന്ന ചിലയാളുകള്‍ക്ക് ആഘോഷങ്ങളുടെ പേരുകേള്‍ക്കുന്നതേ അലര്‍ജിയുണ്ടാക്കും. അവര്‍ക്ക് ദേഷ്യം വരും. വലിയ വായില്‍ ചിലപ്പോള്‍ വല്ലതും വിളിച്ചു പറയും. ശാരീരികമായി ആക്രമിക്കാന്‍ വരും. അതൊക്കെ പതിവാണ്. ഇത്തവണത്തെ വിഷു വേളയിലും അങ്ങനെയൊക്കെ പ്രതീക്ഷിക്കാം; പ്രതീക്ഷിക്കണം.
പ്രകാശ് കാരാട്ടിനെ വീണ്ടും കരുത്തനായ നേതാവായി നമ്മുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിറ്റ്) തെരഞ്ഞെടുത്ത സമയത്തിങ്കല്‍ പ്രിയപ്പെട്ട അച്ചു സഖാവിന് വേദനയോടെ കോഴിക്കോട്ടെ കോണ്‍ഗ്രസ് വേദി വിട്ടിറങ്ങേണ്ടിവന്നു. പാര്‍ട്ടിയുടെ പരമോന്നത പരിപാടി കോഴിക്കോട്ട് പര്യവസാനിക്കാനിരിക്കെ എന്ത് സ്വന്തം പരിപാടിക്കാണ് അദ്ദേഹം തത്രപ്പെട്ട് പോയത് എന്നറിയില്ല. നേരത്തെ പറഞ്ഞതുപോല, ആഹ്ലാദത്തിന്റെ പരമകാഷ്ഠയില്‍ പങ്കുകൊള്ളാനുള്ള മാനസികാവസ്ഥ കൈമോശം വന്നാല്‍ പിന്നെ സ്ഥലം വിടുന്നതാണ് മര്യാദ. അതാണ് വിഎസ് കാണിച്ചത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ കോഴിക്കോട്ട് മറ്റ് പല സംഭവവികാസങ്ങള്‍ക്കും ഇടവരുമായിരുന്നു. മാര്‍ക്സ് കാത്തു എന്ന് കമ്യൂണിസ്റ്റ് ശൈലിയില്‍ പറയുക.
കേഡര്‍ പാര്‍ട്ടിയുടെ കൂച്ചുവിലങ്ങുകളെക്കുറിച്ച് ശരിക്കറിയാവുന്ന വിഎസ് സഖാവിന് കരണത്തേറ്റ അടി തന്നെയായി കോണ്‍ഗ്രസ്. പി.ബി. പ്രവേശനത്തിന്റെ എല്ലാ തയ്യാറെടുപ്പുകളും ടിയാന് നടത്തിയിരുന്നു. പ്രഖ്യാപനത്തിനു കാത്തുനില്‍ക്കെയാണ് ഓര്‍ക്കാപ്പുറത്ത് പ്രഹരമേറ്റത്. അതിന്റെ തീക്ഷ്ണതയില്‍ പിടിച്ചുനില്‍ക്കാനാവാതെ, കടപ്പുറത്തെ വേദിയില്‍ പിബി മെമ്പര്‍ ബേബി സഖാവ് അഭിവാദ്യം ചെയ്യുന്നത് കണ്ടുനില്‍ക്കാനുള്ള ത്രാണിയില്ലാതെയാണ് ടിയാന് സ്ഥലം വിട്ടത്. പ്രകാശും പിണറായിയും ആവോളം പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചും വിഷു ആഘോഷിക്കുമ്പോള്‍ ശരിക്കും വേലിക്കുള്ളിലായിപ്പോയ വിഎസ് യഥാര്‍ഥ ക്യാപ്പിറ്റല്‍ പണിഷ്മെന്റ് കിട്ടിയ അവസ്ഥയിലാണ്. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നാണ് പഴമൊഴി. നാട്ടിലെ നാരികളെ അധിക്ഷേപിച്ചും അപമാനിച്ചും നടക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു. കറിവേപ്പിലയ്ക്കും ഒരു ദിവസം വരുമെന്ന് പറയുന്നത് വെറുതെയല്ല. കേഡര്പാര്ട്ടിയില് പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടി അജണ്ടയല്ലാതെ സ്വന്തം അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന എല്ലാ ബഹുമാനിതരും ഇക്കാര്യം ഒന്ന് ഓര്‍ത്തുവെച്ചാല്‍ നന്ന്. പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചും വിഷു ആഘോഷിക്കുന്ന എല്ലാ സഹൃദയരും ഒരു വേള അപമാനിതനായ സഖാവിനെ ഓര്‍ക്കണേ, പ്ലീസ്.
ബേബി സഖാവിനെ കോടിയേരിയും പിണറായിയും കൂടി കൊടി പിടിപ്പിച്ച് പിബിപ്പുരയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് മംഗളത്തില്‍ (ഏപ്രില്‍ 10) സക്കീര്‍ഹുസൈന്‍ വരച്ചുവെച്ചിരിക്കുന്നത്. ടിയാന് വിഎസ്സിനോട് എന്തോ ഇത്തിരി സ്നേഹമുണ്ടെന്ന് തോന്നുന്നു. നാട്ടിലെ സകലമാന മാധ്യമങ്ങളും വിഎസ്സിന്റെ വിഷമത്തിലേക്ക് തൂലിക ചലിപ്പിച്ചപ്പോള്‍ ഹുസൈന് മാത്രം വേറിട്ടു നിന്നു. എം.എ. ബേബിയെ പിബിയിലേക്ക് കൊണ്ടുവരാന്‍ ഈ ടിയാന്മാര് നന്നായി ശ്രമിച്ചെന്നാണല്ലോ ഹുസൈന് പറയുന്നത്. അപ്പോള്‍ വിഎസ്സിന്റെ ശത്രു ആരാ? ബേബി, പിണറായി, കോടിയേരി? കൊല്ക്കൊത്താലോബി? കൂടുതല്‍ കാര്യങ്ങള്‍ ചിന്തിച്ചാല്‍ നമുക്ക് വിഷു ആഘോഷിക്കാനാവില്ല. ഇനിയും ഒരങ്കത്തിന്റെ ബാല്യം സിരകളില്‍ നിറച്ചാണ് വിഎസ് പഴയപണിതന്നെ തുടരുമെന്ന് പറഞ്ഞിരിക്കുന്നത്. അത് പലര്‍ക്കുനേരെയുമുള്ള ഭീഷണിയായും താക്കീതായും വ്യാഖ്യാനിക്കാം. വ്യാഖ്യാനമല്ലോ സുഖപ്രദം.
കേരളത്തില്‍ സാമുദായിക വോട്ടുണ്ടോ? ഇല്ലെന്ന് വിശ്വസിക്കുന്നവരുടെ കൂടെ ഹമീദ് ചേന്നമംഗലൂര്‍. കാര്യങ്ങള്‍ ഒരുവിധം പഠിച്ചെഴുതുന്ന ഹമീദ് ഇങ്ങനെ പറയുമ്പോള്‍ വിശ്വസിക്കയത്രേ നമുക്കു കരണീയം. മാതൃഭൂമി ആഴ്ചപ്പതിപ്പി(ഏപ്രില്‍ 8-14)ലെ സാമുദായിക വോട്ടുബാങ്ക് കേരളത്തിലില്ല! എന്ന ലേഖനത്തിലാണ് അദ്ദേഹം നിരീക്ഷണങ്ങള്‍ നിരത്തുന്നത്. മതങ്ങളുടെയും അവരുടെ നേതാക്കളുടെയും താളത്തിനൊത്ത് തുള്ളി വോട്ടുപെട്ടിയില്‍ അവര്‍ വോട്ടു നിറയ്ക്കുമെന്ന് കരുതേണ്ടെന്ന് ഹമീദ് പറയുന്നു. നോക്കുക: മറുഭാഗത്ത് മതേതരമൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന പരസഹസ്രം ആളുകള്‍ ആ നിലയില്‍ സംഘടിതരല്ല. ധാടിയും മോടിയും അരമനകളും അവര്‍ക്കില്ല. സ്വന്തമായി പത്രമോ ചാനലോ അമ്മാതിരി മറ്റ് അധോഘടനാ സൗകര്യങ്ങളോ അവകാശപ്പെടാനുമില്ല അവര്‍ക്ക്. അതിനാല്‍ തന്നെ അവര്‍ താരതമ്യേന ശബ്ദഹീനരാണ്. എന്നുവെച്ച് അവര്‍ എണ്ണത്തില്‍ ബലഹീനരാണെന്ന് ആരും കരുതരുത്. ഏതെങ്കിലും മതേതര പാര്‍ട്ടിക്കകത്തോ പുറത്തോ ആയി നിലകൊള്ളുന്നവരാണ് അവര്‍. അവരത്രെ യഥാര്‍ഥത്തില്‍ മതേതര കേരളത്തിന്റെ നട്ടെല്ല്. കാര്യം ശരിയാവാം. ഈ നട്ടെല്ല് വളഞ്ഞുപോകാതിരിക്കാന്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് വിശകലനം വേണ്ടത്രയില്ല. എല്ലാം കൂടി ഒന്നിച്ചായാല്‍ അടുത്ത ലേഖനത്തിന് സ്കോപ്പെവിടെ?
പുതിയ പ്രഭാതങ്ങളെ സ്വപ്നംകാണലാണ് ജീവന്റെ തുടിപ്പ് നിലനില്‍ക്കുന്നുണ്ട് എന്ന തോന്നലിനു തന്നെ കാരണം. അങ്ങനെ സ്വപ്നം കാണുമ്പോള്‍ ചില പ്രശ്നങ്ങള്‍ സ്വാഭാവികമായുണ്ടാകുമെന്ന് പറയുന്നു വിദ്യാര്‍ഥി ചാറ്റര്‍ജി. കേരളത്തിലും ബംഗാളിലും അധികാരം നഷ്ടപ്പെട്ട സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലെത്തുമ്പോള്‍ പുതിയ പ്രഭാതങ്ങളെ സ്വപ്നംകാണണോ? എന്നാണ് ചാറ്റര്‍ജി ചോദിക്കുന്നത്. ജനങ്ങള്‍ ഇടതുപക്ഷത്തെ തൊഴിച്ചെറിയുമ്പോള്‍ തന്നെ അതില്‍ കഠിനമായി വ്യസനിക്കുന്നത് എന്തുകൊണ്ട് എന്നും ഇതില്‍ നിരീക്ഷിക്കുന്നു. ബംഗാളിന്റെ രാഷ്ട്രീയമാണ് മുഴുവനുമെങ്കിലും മൊത്തത്തിലുള്ള വിലയിരുത്തലില്‍ കേരളവും തൊട്ടുകൂട്ടുന്നുണ്ട്. നാളിതുവരെ പുലര്‍ത്തിയ ധാര്‍ഷ്ട്യത്തിനും അഴിമതിക്കും വലിയ വിലതന്നെയാണ് സിപിഎമ്മിന് കൊടുക്കേണ്ടിവന്നത്. അപമാനകരമായ രീതിയില്‍ അധികാരത്തില്‍ നിന്ന് പുറത്തായി എന്നു മാത്രമല്ല, ഭരണത്തിലുണ്ടായിരുന്ന സമയത്തെ ദുഷ്ചെയ്തികളുടെ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതും സിപിഎം നേതാക്കള്‍ക്ക് വലിയ തലവേദനയായി മാറിയിരിക്കയാണ്. ഇത് കേരളത്തിലും ബംഗാളിലും ഒരുപോലെത്തന്നെ. അത്തരം കാര്യങ്ങളുടെ ഉള്ളറകളിലേക്ക് ശ്രദ്ധ പോകാതിരിക്കാന്‍ വേണ്ട കുറുക്കുവഴികളൊക്കെ പാര്‍ട്ടി കണ്ടെത്തുന്നു എന്നതിലാണ് അവരുടെ പ്രൊഫഷണലിസം. വിഎസ്സിന്റെ പിബി പ്രവേശം നിഷേധിക്കപ്പെട്ടതും അത്തരമൊരു കുറുക്കുവഴിയാണ്. ഇനി മാസങ്ങളോളം രാജ്യത്തിന്റെ കാവല്‍ നായ്ക്കളായ നാലാം തൂണുകള്‍ അതിന് പിന്നാലെ കുരച്ചുപായും. അതോടെ മേറ്റ്ല്ലാം മറ്റ് വഴിക്കുപോവും. വിധുവിന്‍സെന്റാണ് ലേഖനം മൊഴിമാറ്റിയിരിക്കുന്നത്. അതിന്റെ കല്ലുകടി അവിടവിടെ ധാരാളം.
ഭഗവത്ഗീത ഒരു മരുന്നാണ്. മനസ്സിന്, ശരീരത്തിന്, ആത്മാവിന്. അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അര്ജുനനിലൂടെ നാമറിഞ്ഞു. പരശ്ശതംപേര് അനുഭവത്തിലൂടെ അതിന്നും അറിഞ്ഞുകൊണ്ടിരിക്കുന്നു. ഭാരതം അറിഞ്ഞതിനേക്കാള്‍ ആഴത്തില്‍ ഗീത മറ്റുരാജ്യങ്ങള്‍ അറിഞ്ഞിട്ടുണ്ട്. ചിലര്‍ അത് അപകടമാണെന്ന് വരുത്തിത്തീര്‍ത്ത് നിരോധിക്കാന്‍ മുതിരുകയും ചെയ്തു. അപ്പോഴും നമുക്കുപറയാന്‍ ഒന്നേയുള്ളൂ. എല്ലാം ഞാന്‍ പറഞ്ഞുകഴിഞ്ഞിരിക്കുന്നു. നിന്റെ ചിന്തയ്ക്കും യുക്തിക്കും അനുസരിച്ച് പ്രവര്‍ത്തിക്കുക. സ്വാതന്ത്ര്യത്തിന്റെ സീമാതീതമായ അവകാശം വകവെച്ചുകൊടുക്കുന്ന മറ്റേത് ദര്‍ശനമുണ്ട്.
അതുകൊണ്ടുതന്നെ ഇതിന് വിശ്വവ്യാപകമായ മാനം കൈവരേണ്ടത് ആവശ്യമാണ്. അതിന് ആഗോള സര്‍വകലാശാല സ്ഥാപിക്കണമെന്നാണ് സ്വാമി ഉദിത് ചൈതന്യ അസന്ദിഗ്ധമായി സ്ഥാപിക്കുന്നത്. പവിത്രഭൂമി (ഏപ്രില്‍)യില്‍ സുകുമാരന്‍ പെരിയച്ചൂരുമായി സ്വാമി ഇതിനെക്കുറിച്ച് അര്‍ത്ഥശങ്കക്കിടവരാത്തവിധം സംസാരിക്കുന്നു. സ്വാമിയുടെ പ്രഭാഷണം പോലെത്തന്നെ തെളിമയുള്ളതാണ് എഴുത്തും. കൃതഹസ്തനായ സുകുമാരന്‍ കരുതലും കരുതിവെപ്പും കാരുണ്യവും അക്ഷരങ്ങളില്‍ ഒതുക്കിവെച്ചിരിക്കുന്നു. ഭഗവത്ഗീതാ സര്‍വ്വകലാശാലയെക്കുറിച്ചുള്ള സ്വാമിയുടെ സങ്കല്പനം ഇങ്ങനെയാണ്: ഭഗവത്ഗീതാ സര്‍വ്വകലാശാലയില്‍ ഭാരതത്തിലെ ഓരോ ക്ഷേത്രവും അഫിലിയേറ്റ് ചെയ്യണം. ക്ഷേത്രങ്ങളിലൂടെ ഗീതയടക്കമുള്ള പുരാണഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്ന ചിട്ടയായ പഠനരീതി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ‘ക്ഷേത്രപഠനകേന്ദ്രങ്ങള്’ ഉരുത്തിരിഞ്ഞു വരണം. ഭഗവത്ഗീതാ സര്‍വ്വകലാശാല ഒരു തുറന്ന സര്‍വ്വകലാശാലയായി മാറണം. അതിസുന്ദരമായ ഈ കാഴ്ചപ്പാടിലൂടെ ലോകാസമസ്താ സുഖിനോഭവന്തു തന്നെയല്ലേ ഉദ്ഘോഷിക്കപ്പെടുന്നത്. ഓരോ ലക്കവും പവിത്രമാക്കാന്‍ ശ്രമിക്കുന്ന മാസികയെ അറിയാതെ നെഞ്ചേറ്റിപ്പോകുന്നുവെന്ന് പറയാതെ വയ്യ.
തൊട്ടുകൂട്ടാന്‍
പൊന്നുഷസ്സേ വിണ്ണിലാര്
എന്റെ ജന്മച്ചീട്ടുതന്ന്
നിന്നെയൂതിക്കാച്ചിയിന്നാ
ജ്വല്ലറിയില്‍ തൂക്കിയിട്ടു?!
ദിവാകരന് വിഷ്ണുമംഗലം
കവിത: മാറ്റ്
ചന്ദ്രിക ആഴ്ചപ്പതിപ്പ് (ഏപ്രില്‍ 7-13)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: