അങ്കമാലി: റവന്യൂ, പോലീസ് അധികാരികളുടെ പരോക്ഷ പിന്തുണയോടെ പെരിയാര്‍ നദി കേന്ദ്രീകരിച്ച് മണല്‍കൊള്ള സജീവം. മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്ത് പ്രദേശങ്ങളിലെ മണല്‍ കടവുകളിലാണ് അധികൃതരുടെ പിന്തുണയോടെ മണല്‍ മാഫിയ സജീവമായിട്ടുള്ളത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ താഴെ തട്ടില്‍ വരെ പടി കൊടുത്തുകൊണ്ടാണ് മണല്‍ മാഫിയ സംഘം വിലസുന്നത്. ഈ നിയമലംഘനം നടത്തിവരുന്നതിന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ മാസപ്പടിയും ദിവസപ്പടിയും നല്‍കുന്നുണ്ട്. തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത റവന്യൂ പോലീസ് ഉദ്യോഗസ്ഥരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന തരത്തിലേക്ക് മണല്‍, മണ്ണ് മാഫിയ സംഘങ്ങള്‍ ഈ മേഖലയില്‍ വളര്‍ന്നു കഴിഞ്ഞു. കാലടി പോലീസ് സ്റ്റേഷന്
മണല്‍ മാഫിയയുടെ സ്വന്തം സ്റ്റേഷന്പോലെയാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ ഭരണം നടത്തുന്നത് മാഫിയ സംഘങ്ങളാണെന്നും ഇവരുടെ വരുതിയില്‍ നില്‍ക്കാത്ത ഒരു നിയമപാലകന് ഇവിടെ അധികം കാലം ഇരിക്കുവാന് കഴിയുകയില്ലെന്നും പറയപ്പെടുന്നു. അതുകൊണ്ട് തന്നെ മറ്റ് കേസുകളെക്കാള്‍ പോലീസിന് മണല്‍ കേസുകളോടാണ് താല്പര്യം. പടി കൃത്യമായി നല്‍കുന്നവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനും പടി അടയ്ക്കാത്തവരെ പിടിക്കൂടി ഒരിക്കലും ഊരിപോരാത്തവിധത്തില് കേസ് എടുക്കാനും പോലീസ് ഉത്സാഹം കാട്ടുന്നുണ്ട്. അടുത്തിടെ നിര്‍മ്മിച്ച ശ്രീമൂലം പാലത്തിന്റെ കാലില്‍ വഞ്ചി കെട്ടിയിട്ടുകൊണ്ടാണ് രാത്രികാലങ്ങളില്‍ മണല്‍ വാരുന്നത് നടത്തുന്നത്. ഇവിടെ ഇപ്പോള്‍ നടക്കുന്നതുപൊലെ മണല്‍വാരല്‍ സജീവമായി നടന്നാല്‍ പാലത്തിന്റെ കാലുകള്‍ക്ക് ഉടന്‍ ബലക്ഷയം വരുവാന്‍ സാദ്ധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ നിരീക്ഷണത്തിന് പട്രോളിംഗ് ബോട്ടും പോലീസുകാരും ഉണ്ടെങ്കിലും മാഫിയ സംഘങ്ങളൊത്തുള്ള മദ്യക്കമ്പനികൂടലാണ് സ്ഥിരം പരിപാടികളെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇവര്‍ക്ക് ഒപ്പം നില്‍ക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നത് സ്ഥിരം പതിവാണ്. ഏറെ നാളുകളായി നിര്‍ജ്ജീവമായിരുന്ന മലയാറ്റൂര്‍ പഞ്ചായത്തിലെ മണല്‍ക്കൊള്ള വീണ്ടും സജീവമായിരിക്കുകയാണ്. മണല്‍ കടവുകളിലും നിരത്തുകളിലുമുള്ള പോലീസ് പരിശോധന പ്രഹസനമായതോടെയാണ് അനധികൃത മണല്‍കടത്ത് ഇവിടെ സജീവമായിട്ടുള്ളത്. ഈ പ്രദേശത്തെ അംഗീകൃത മണല്‍ കടവുകളില്‍ വന്‍ തട്ടിപ്പുകളാണ് നടന്നുവരുന്നതെന്ന് പറയപ്പെടുന്നു. കടവുകളില്‍ അനുവദനീയമായതിന്റെ ഇരട്ടി മണലാണ് കയറിപ്പോകുന്നത്. നീലിശ്വരം- നടുവട്ടം വഴിയും കൊറ്റമം കുളമ്പാട്ടുപുരം വഴിയുമാണ് മലയാറ്റൂര്‍ പഞ്ചായത്തിലെ കടവുകളില്‍നിന്നുള്ള മണലുകള്‍ കടത്തിക്കൊണ്ടുപോകുന്നത്. ഈ പ്രദേശത്ത് അന്യസംസ്ഥാന തൊഴിലാളികളാണ് മണല്‍ വാരുന്നത്. അംഗീകൃത തൊഴിലാളികളുടെ പാസ് ഉപയോഗിച്ച് സ്വന്തമായ മേല്‍വിലാസം പോലുമില്ലാത്ത അന്യതൊഴിലാളികളെക്കൊണ്ട് മണല്‍ വാരുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നത് പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂരിന്റെ നാശത്തിന് കാരണമാകും. അതുപോലെ ശ്രീമൂലനഗരം, കാഞ്ഞൂര്‍ പഞ്ചായത്തുകളില്‍നിന്നുള്ള കള്ള മണല്‍ ശ്രീമൂലനഗരം പാലം വഴിയാണ് കടത്തിക്കൊണ്ടുപോകുന്നത്. നേരത്തെ പോലീസിനും മറ്റ് അധികാരികള്‍ക്കും വിവരം നല്‍കിക്കൊണ്ടാണ് ഇവര്‍ രാത്രികാലങ്ങളില്‍ ഈ പ്രദേശങ്ങളില്‍ക്കൂടി മണല്‍കൊള്ള നടത്തുന്നത്. ആരെങ്കിലും പരാതിപ്പെട്ടാല്‍ പോലീസ് മണല്‍മാഫിയയ്ക്ക് വിവരം നല്‍കിയതിനുശേഷമാണ് അന്വേഷണത്തിന് വരുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് വിലയേക്കാള്‍ കുറവും കൂടുതല്‍ മണലും ലഭിക്കുന്നതുമൂലം ഈ പ്രദേശങ്ങളിലെ കള്ളമണലിന് ഡിമാന്റ് ഏറെയാണ്. പെരിയാറിനെ നശിപ്പിക്കുകയും ഈ പ്രദേശത്തെ ജനജീവിതം താറുമാറാക്കുകയും ചെയ്യുന്ന രാത്രികാലങ്ങളിലെ മണല്വേട്ടയ്ക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: