ന്യൂദല്‍ഹി: ഭീകരവിരുദ്ധകേന്ദ്രം (എന്‍സിടിസിന) സംബന്ധിച്ച് ഇന്ന് നടക്കുന്ന യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല. പകരം ബംഗാള്‍ ധനകാര്യമന്ത്രി അമിത് മിത്ര യോഗത്തില്‍ പങ്കെടുക്കും.
ആഭ്യന്തര സുരക്ഷ സംബന്ധിച്ച് ഇന്ന് നടക്കുന്ന യോഗത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയം ലഭിക്കുന്നില്ലെന്നും അതിനാല്‍ മെയ് അഞ്ചിന് മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് മമതാ ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ഒഡീഷാ മുഖ്യമന്ത്രി നവീന്‍പട്നായിക് എന്നിവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഭീകരവിരുദ്ധ കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുമെന്നും രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ തകര്‍ക്കുമെന്നുമാണ് ഇവരുടെ വാദം.
ഇന്ന് നടക്കുന്ന യോഗം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഉദ്ഘാടനം ചെയ്യും. അതിര്‍ത്തി ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, രഹസ്യാന്വേഷണ വിഭാഗത്തിന്റെ കഴിവുകള്‍ വര്‍ധിപ്പിക്കുക, അതിര്‍ത്തി, തീരസുരക്ഷ എന്നിവ ശക്തിപ്പെടുത്തുകഎന്നതാണ് യോഗത്തിലെ മുഖ്യ വിഷയം. എട്ട് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിര്‍ത്തി കടന്നുള്ള ഭീകരവാദം, പ്രത്യേകിച്ച് ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍, പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, പ്രത്യേകിച്ച് അതിര്‍ത്തി കടന്നുള്ള കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് എന്നിവ സംബന്ധിച്ചും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: