കൊച്ചി: നിര്‍ദ്ദിഷ്ട മൂലമ്പിള്ളി-ചാത്തനാട് നാലുവരിപ്പാതയിലെ പ്രധാനപ്പെട്ട മൂന്നു പാലങ്ങളുടെ നിര്‍മാണം ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ച വിശദമായ പഠനത്തിനായി 19-നു സ്ഥലം സന്ദര്‍ശിക്കാമെന്ന് ഡിഎംആര്‍സി അദ്ധ്യക്ഷനായ ഇ.ശ്രീധരന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീതിനെ അറിയിച്ചിട്ടുണ്ട്. ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ (ജിഡ) കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദിഷ്ട നാലുവരിപ്പാതയ്ക്ക് അനുമതിയായത്. ഇതിന്റെ നിര്‍മാണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജിഡ ഡിഎംആര്‍സിക്കു കത്തു നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം ഡിഎംആര്‍സിയുടെ ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു.
മൂലമ്പിള്ളി-ചാത്തനാട് നാലുവരിപ്പാതയില്‍ മൂന്നു പ്രധാനപ്പെട്ട പാലങ്ങളാണ് നിര്‍മിക്കുന്നത്. മൂലമ്പിള്ളി-പിഴല പാലത്തിന് 180 മീറ്ററും പിഴല-വലിയകടമക്കുടി പാലത്തിന് 230 മീറ്ററും വലിയകടമക്കുടി-ചാത്തനാട് പാലത്തിന് 350 മീറ്ററും വീതം നീളം വരും. പിഴലയിലെ ചെറിയ പാലത്തിന് 40മീറ്റര്‍ നീളമുണ്ടാകും. 4.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരിപ്പാതയ്ക്ക് 22 മീറ്റര്‍ വീതിയാണ് വിഭാവന ചെയ്യുന്നത്. ഇതില്‍ 15 മുതല്‍ 18 വരെ കലുങ്കുകളും നിര്‍മിക്കേണ്ടതുണ്ട്. 97.2 കോടി രൂപയാണ് മൂലമ്പിള്ളി-ചാത്തനാട് നാലുവരിപ്പാതയ്ക്ക് ചെലവു പ്രതീക്ഷിക്കുന്നത്.
മൂലമ്പിള്ളി-ചാത്തനാട് റോഡ് യാഥാര്‍ഥ്യമാകുന്നതോടെ ചാത്തനാടിനെ വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡുമായി മൂലമ്പിള്ളിയില്‍ ബന്ധിപ്പിക്കാനാവും. പദ്ധതിയുടെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുക കടമക്കുടി പഞ്ചായത്തിനായിരിക്കും. കടമക്കുടിക്ക് എറണാകുളത്തേക്ക് കണ്ടെയ്നര്‍ റോഡില്‍ ഇതുവഴി എളുപ്പം പ്രവേശിക്കാനാകും.
പദ്ധതി സംസ്ഥാന അവലോകന സമിതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് പാരിസ്ഥിതിക അനുമതിക്കായി അയച്ചിരുന്നു. സെസ്സിന്റെ പഠന റിപ്പോര്‍ട്ടോടെ തിരിച്ചു കിട്ടിയ നിര്‍ദ്ദേശം സംസ്ഥാന തീരദേശ മാനേജ്മെന്റ് അതോറിറ്റി പഠിച്ച് വീണ്ടും കേന്ദ്ര മന്ത്രാലയത്തിന് സമര്‍പിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്തെ ജനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ ഭൂമി വിട്ടുകിട്ടുന്നതിന് എം.എല്‍.എമാരായ വി.ഡി.സതീശന്, എസ്.ശര്‍മ്മ എന്നിവരെ ചര്‍ച്ച നടത്താന്‍ ജിഡ യോഗത്തില്‍ ധാരണയായിരുന്നു. സൗജന്യമായി വിട്ടുകിട്ടുന്ന ഭൂമിക്ക് ആനുപാതികമായി ഭൂമി വികസിപ്പിക്കാന്‍ സ്ഥല ഉടമകള്‍ക്ക് അനുവാദവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: