പോങ്ങ്യാങ്ങ്: ഉത്തരകൊറിയ റോക്കറ്റ് വിക്ഷേപണം നടത്തി. അയല്‍രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ഇന്നലെ രാവിലെ 7.39 ന് വിക്ഷേപണം നടത്തിയത്. അതേസമയം വിക്ഷേപണം പരാജയപ്പെട്ടുവെന്ന് ദക്ഷിണ കൊറിയ, ജപ്പാന് വ്യക്തമാക്കി. വിക്ഷേപിച്ച റോക്കറ്റ് അടുത്തനിമിഷംതന്നെ തകര്‍ന്ന് കടലില്‍ പതിച്ചുവെന്ന് ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രാലയം വക്താവ് കിം മിന് സിയോക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ വിക്ഷേപണം പരാജയപ്പെട്ടത് സംബന്ധിച്ച് ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ല.
ഉത്തരകൊറിയയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അമേരിക്ക ആരോപിച്ചു. ശക്തരായ എട്ടു രാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് നടത്തിയ വിക്ഷേപണം പ്രകോപനപരമാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജെ.കാര്‍ണി വ്യക്തമാക്കി. വിക്ഷേപണത്തെ ജര്‍മനിയും അപലപിച്ചു. റോക്കേറ്റ്ന്ന പേരില്‍ ആണവശേഷിയുള്ള ദീര്‍ഘദൂര മിസെയിലിന്റെ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തുന്നതെന്ന് ആരോപിച്ച് അയല്‍രാജ്യമായ ദക്ഷിണകൊറിയയും ജപ്പാനും എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. ദീര്‍ഘദൂര റോക്കറ്റായ ഉന്‍ഹ 3 ഉപയോഗിച്ച് ഉപഗ്രഹവിക്ഷേപണമാണ് ഉദ്ദേശിക്കുന്നതെന്നാണ് ഉത്തരകൊറിയയുടെ ഔദ്യോഗിക വിശദീകരണം. കാലാവസ്ഥാ പ്രവര്‍ത്തനത്തിനും രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള ഉപഗ്രഹമാണ് വിക്ഷേപിക്കുന്നതെന്നും ഉത്തരകൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
മൂന്നാമതൊരു ആണവപരീക്ഷണത്തിനുകൂടി ഉത്തരകൊറിയ രഹസ്യ തയ്യാറെടുപ്പ് നടത്തുകയാണെന്നും ദക്ഷിണ കൊറിയ നേരത്തെ ആരോപിച്ചിരുന്നു. 2006 ലും 2009 ലും ആണവപരീക്ഷണങ്ങള്‍ നടത്തിയ പുങ്ങ്യേരിയിലെ തുരങ്കത്തിന് മുന്നില്‍ കാണുന്ന മണ്ണിന്റേയും മണലിന്റേയും കൂമ്പാരങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഇതിന്റെ സൂചനയാണെന്ന് ദക്ഷിണ കൊറിയ നേരത്തെ പറഞ്ഞിരുന്നു. യുഎസില്‍നിന്നുള്ള ഭക്ഷ്യ സഹായം പുനരാരംഭിക്കുന്നതിനായി തങ്ങളുടെ ആണവമിസെയില് പദ്ധതികള്‍ മരവിപ്പിക്കുകയാണെന്ന് ഉത്തരകൊറിയ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റോക്കറ്റ് വിക്ഷേപണത്തിന്റെ വാര്‍ത്ത വന്നതോടെ യുഎസ് തല്ക്കാലം കരാറില്‍നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: