ന്യൂദല്‍ഹി: ജമ്മുകാശ്മീരിലും മണിപ്പൂരടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന നിയമം പിന്‍വലിക്കണമെന്ന് പറയുക വഴി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ നേരിട്ട് ഇടപെട്ട ഐക്യരാഷ്ട്രസഭ മാപ്പ് പറയണമെന്ന് വിശ്വഹിന്ദുപരിഷത്ത് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച യുഎന്‍ റിപ്പോര്‍ട്ട് തള്ളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് വിശ്വഹിന്ദുപരിഷത്ത് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു.
ഇപ്പോള്‍ ലോകരക്ഷകരാണെന്ന് അവകാശപ്പെടുന്ന യുഎന്‍ 1990ല്‍ കാശ്മീരിലെ പണ്ഡിറ്റുകളെയും സിഖുകാരെയും വംശീയ ഉന്മൂലനം ചെയ്യപ്പെട്ടപ്പോള്‍ എവിടെയായിരുന്നുവെന്ന് തൊഗാഡിയ പ്രസ്താവനയില്‍ ചോദിച്ചു. കാശ്മീരിലെ ജിഹാദികള്‍ ഹിന്ദുവനിതകളെ അപമാനിക്കുകയും ബലാത്സംഗത്തിനിരയാക്കി കൂട്ടക്കൊല നടത്തിയപ്പോഴും യുഎന്‍ മൗനം പാലിക്കുകയായിരുന്നു. ‘നിങ്ങളുടെ സ്ത്രീകളെ ഞങ്ങള്‍ക്ക് തന്നിട്ട് കാശ്മീര്‍ വിടുക’ എന്നാണ് തട്ടിക്കൊണ്ടുപോയി അപമാനിച്ചശേഷം തിരിച്ചേല്‍പ്പിച്ച സ്ത്രീകളുടെ മാറിടങ്ങളില്‍ ഭീകരര്‍ എഴുതിയിരുന്നത്. ഇതിനുശേഷം ദശലക്ഷക്കണക്കിന് കാശ്മീര്‍ പണ്ഡിറ്റുകളും സിഖുകാരുമാണ് സ്വന്തം സ്ഥലമോ വീടോ തിരിച്ചുകിട്ടുമെന്ന യാതൊരു പ്രതീക്ഷയുമില്ലാതെ നരകയാതന അനുഭവിക്കുന്നത്. ഈ ഹതഭാഗ്യര്‍ക്ക് വോട്ടവകാശം പോലുമില്ലാത്ത അവസ്ഥയാണ്. ഇക്കാലമത്രയും എവിടെയായിരുന്നു യുഎന്‍, തൊഗാഡിയ ചോദിച്ചു.
ബംഗ്ലാദേശിലും പാക്കിസ്ഥാനിലുമായി ദശലക്ഷക്കണക്കിന് ഹിന്ദുക്കളെയാണ് മുസ്ലീം തീവ്രവാദികള്‍ ആട്ടിയോടിക്കുകയും കൊലപ്പെടുത്തുകയും ബലംപ്രയോഗിച്ച് മതംമാറ്റുകയും ചെയ്തത്. ഭാരതത്തിലേയ്ക്ക് രക്ഷപ്പെട്ട ഇത്തരം ആയിരക്കണക്കിനാളുകള്‍ സര്‍ക്കാരിന്റെ യാതൊരു സഹായവുമില്ലാതെ കഴിയുകയാണ്. യുഎന്‍ തിരിഞ്ഞുനോക്കുന്നില്ല.
ഹിന്ദുക്കളായി തുടരുന്നതുകൊണ്ടുമാത്രം മലേഷ്യയില്‍ ആയിരക്കണക്കിന് പേര് ലാത്തിച്ചാര്‍ജിന് ഇരയാവുകയാണ്. അവരുടെ ക്ഷേത്രങ്ങള്‍ ഇടിച്ചുനിരത്തി മസ്ജിദുകള്‍ പണിയുമ്പോള്‍ യുഎന്‍ മൗനം പാലിക്കുകയാണ്. ആസ്സാമിലെ ഗോത്രവര്‍ഗക്കാര്‍ കൂട്ടക്കൊല ചെയ്യപ്പെടുമെന്ന ഭീതിയിലാണ്. യുഎന്‍ ഇതൊന്നും കാണുന്നില്ലെന്ന് തൊഗാഡിയ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: