അകപുല്‍കോ: മെക്സിക്കോയില്‍ വിവിധ അക്രമസംഭവങ്ങളില്‍ 28 പേര് കൊല്ലപ്പെട്ടു. അകപുല്‍കോയില്‍ ഉപേക്ഷിക്കപ്പെട്ട വാഹനത്തില്‍ ഏഴുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. വിഷകാനില് ഒമ്പതും ന്യൂവോലിയോണില് എട്ടുപേരും കൊല്ലപ്പെട്ടു. മയക്കുമരുന്നു സംഘങ്ങളാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഉപേക്ഷിക്കപ്പെട്ട വാഹനത്തില്‍നിന്നും കണ്ടെത്തിയവരെയെല്ലാം കൊലപ്പെടുത്തിയത് മയക്കുമരുന്ന് സംഘങ്ങളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ ഇവിടെ എത്തിയിരുന്നു. മെക്സിക്കോയിലെ ഗരോരേയില് സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരെ കൊലപ്പെടുത്തിയത് മയക്കുമരുന്ന് സംഘമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കോഹൂലയില് ആയുധധാരികളായ ഒരു സംഘം ആളുകള്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു. മെക്സിക്കോയില്‍ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ അക്രമങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 2006 ഡിസംബറിനുശേഷം മെക്സിക്കോയില്‍ 50,000 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: