മട്ടാഞ്ചേരി: പാശ്ചാത്യ ശൈലിയിലെ വിദ്യാഭ്യാസ പിന്തുടര്ച്ചയും, വിദ്യാഭ്യാസ മേഖലയിലെ നയംമാറ്റങ്ങളും പഠന രീതികളുടെ ശൈലികളും വിദ്യാഭ്യാസ മേഖലയെ വികലമാക്കുന്നതായി കാശിമഠം ഉത്തരാധികാരി സംയമീന്ദ്രതീര്‍ത്ഥ സ്വാമി പറഞ്ഞു. അധ്യാപക- വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ ഇന്ന് കലാലയങ്ങളില്‍ മാത്രമായി ഒതുങ്ങുന്നു. ജീവിതശൈലിയെയും ചിട്ടകളെയും സാംസ്ക്കാരികതയെയും പാകപ്പെടുത്തുന്നതായിരുന്നു ഗുരുശിഷ്യബന്ധങ്ങള്‍ ഇത് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് കാശിമഠാധിപതി സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ ശിഷ്യന് സംയമീന്ദ്രതീര്‍ത്ഥ സ്വാമി പറഞ്ഞു. കൊച്ചി ടിഡി ഹൈസ്കൂള്‍ ശതോത്തര (125) വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിജി.
എഴുതാനറിയാത്തവര്‍ പോലും വിജയിക്കുന്ന വിദ്യാഭ്യാസമാണ് ഇന്നുള്ളത്. സ്കൂള്‍ പഠനങ്ങള്‍ക്കായുള്ള പ്രോജക്റ്റ് വര്‍ക്കുകള്‍ രക്ഷിതാക്കളുടേതായി മാറുന്നു. മനുഷ്യാവകാശത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകനെതിരെ പരാതി നല്കുവാന് കഴിയുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. അദ്ധ്യാപക- വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ സുഹൃദ് ബന്ധങ്ങളായി മാറുന്നു. ഇപ്രകാരം വിദ്യാലയാന്തരീക്ഷങ്ങള്‍ മാറുമ്പോള്‍ ശരിയായ ജീവിതദിശ നല്കുന്നതില് സമര്‍പ്പണബുദ്ധിയോടെ അദ്ധ്യാപകരും, രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ പറഞ്ഞു.
ഗോശ്രീപുരം തിരുമലക്ഷേത്രത്തില്നിന്ന് ടിഡിസ്കൂള്‍ അങ്കണത്തിലെത്തിയ സ്വാമിയെ ദേവസ്വം ആചാര്യന് രാമാനന്ദഭട്ട് പൂര്‍ണകുഭം നല്കി സ്വീകരിച്ചു. തുടര്‍ന്ന് വേദഘോഷങ്ങളും ബാന്റ് മേളവുമായി സ്വാമിയെ സ്കൂള്‍ ഹാളിലേയ്ക്ക് വരവേറ്റു. വേദിയില്‍ ഭദ്രദീപം കൊളുത്തി സ്വാമി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റും സ്കൂള്മാനേജരുമായ കപില്‍ ആര്.പൈ, ആഘോഷകമ്മറ്റി ചെയര്മാന് അഡ്വ.എ.ബി.പ്രഭു, ജനറല്‍ കണ്‍വീനര്‍ ആര്.മോഹന്‍ദാസ്, പൂര്‍വ്വ അദ്ധ്യാപക പ്രതിനിധി ഗോവിന്ദപൈ, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സ്കൂളിലെ കുട്ടികള്‍ ഗാനാവതരണം നടത്തി. വിരമിച്ചവരില്‍ 75 വയസ്സ് പിന്നിട്ട 25 അദ്ധ്യാപകരെ സ്വാമികള്‍ പൊന്നാട- ഫലമന്ത്രാക്ഷരം നല്കി അനുഗ്രഹിച്ചു. ക്ഷേത്ര ഭരണാധികാരി വി.ഹരിപൈ, വെങ്കടേശ്വരപൈ, സമിതി അംഗം ദേവാനന്ദ കമ്മത്ത്, ബാബറാവു, പ്രധാനാധ്യാപിക രാജമ്മ കിളിക്കാര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: