കണ്ണൂര്‍: സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതായി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. എപിഎല്‍ വിഭാഗത്തിന് 10.5 കിലോ അരി നല്‍കിയിരുന്നത് 15 കിലോയായി ഉയര്‍ത്തിയിട്ടുണ്ട്. 2010-11ല്‍ പൊതുവിതരണശൃംഖലവഴി 474.76 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് നല്‍കിയത്. 2011-12 ല്‍ ഇത് 649.72 ലക്ഷം ടണ്ണായി വര്‍ദ്ധിച്ചിട്ടുണ്ട്.
ഉല്‍പ്പാദനത്തിലും സംഭരണത്തിലും ഉയര്‍ച്ചയുണ്ടായി. 2010-11 ല്‍ നമ്മുടെ അരി ഉല്‍പ്പാദനം 959.8 ലക്ഷം ടണ്ണായിരുന്നു. ഇതില്‍ 341.98 ടണ്ണും കേന്ദ്രം സംഭരിച്ചു. 868.74 ടണ്‍ ഗോതമ്പ് ഉല്പ്പാദിപ്പിക്കപ്പെട്ടതില് 283.85 ടണ്ണും സംഭരിച്ചു. ഇപ്പോള്‍ 544.33 ലക്ഷം ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ കരുതല്‍ ശേഖരമായി ഉണ്ടെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ മാങ്ങാട്ടുപറമ്പില്‍ കണ്ടെയ്നര്‍ ഫ്രൈറ്റ് ഡിപ്പോ ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി.
ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി രാജ്യവ്യാപകമായി ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും, സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനും ചേര്‍ന്ന് 14.50 ലക്ഷം ടണ്‍ സ്ഥാപിത ശേഷിയുള്ള സംഭരണ ശാലകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. എഫ് സി ഐ 5.70 ലക്ഷം ടണ്ണും, കേന്ദ്ര വെയര്‍ ഹൗസിംഗ് കോര്പ്പറേഷന് 8.80ലക്ഷം ടണ്ണും ശേഷിയുള്ള സംഭരണ ശാലകളാണ് സ്ഥാപിക്കുന്നത്.
പന്ത്രണ്ടാം പദ്ധതിയില്‍ സംഭരണ ശാലകള്‍ സ്ഥാപിക്കുന്നതിന് എഫ് സി ഐ 554 കോടി രൂപയും, കേന്ദ്ര ഹൗസിംഗ് കോര്പ്പറേഷന് 670.93 കോടി രൂപയും ചെലവിടും. വയനാട് ജില്ലയില്‍ മീനങ്ങാടിയിലും ഇടുക്കി ജില്ലയിലെ അറക്കുളത്തും 5000 ടണ്‍ വീതമുള്ള സംഭരണ ശാലകള്‍ സ്ഥാപിക്കുന്നതിന് 3.75 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ കുന്നന്താനത്ത് നിലവില്‍ നിര്‍മ്മിക്കുന്ന 5000 ടണ്ണിന് പുറമെ 5000 ടണ്‍ സംഭരണ ശാലകൂടി സ്ഥാപിക്കും.
സംസ്ഥാനത്ത് എഫ് സി ഐ ക്ക് നിലവില്‍ 5.34 ലക്ഷം ടണ്‍ ശേഷിയുള്ള സംഭരണ കേന്ദ്രങ്ങളുണ്ട്. വേയര്ഹൗസിങ്ങ് കോര്‍പ്പറേഷന്റെ ശാലകളുടെ ശേഷി 1.39 ടണ്ണാണ്. 68 ടണ്‍ ശേഷിയുള്ള മറ്റൊരു സംഭരണ കേന്ദ്രം അടുത്തമാസം കാക്കനാട്ട് കമ്മീഷന് ചെയ്യും. ആലപ്പുഴ ജില്ലയിലെ പുറക്കാട്, കോഴിക്കോട് ജില്ലയിലെ കാക്കഞ്ചേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 5000ടണ്‍ വീതമുള്ള സംഭരണ കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കും. സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ രാജ്യത്തൊട്ടാകെ 5.39 ലക്ഷം ടണ്‍ ശേഷിയുള്ള സംഭരണ ശാലകള്‍ സ്ഥാപിക്കാന്‍ വെയര്‍ഹൗസിംഗ് കോര്പ്പറേഷന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 2.53 ലക്ഷം ടണ്‍ ശേഷിയുള്ള സംഭരണ കേന്ദ്രം 2013 മാര്‍ച്ചിനകം കമ്മീഷന് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
1957ല്‍ ഏഴ് വെയര്‍ഹൗസുകളുമായി സ്ഥാപിതമായ സി ഡബ്ല്യു സിക്ക് ഇന്ന് 35 കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനുകള്‍ അടക്കം രാജ്യത്ത് ഒട്ടാകെയായി 465 വെയര്‍ഹൗസുകളുണ്ട്. രാജ്യത്തെ മിനിരത്നകമ്പനികളില് ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ നാല് വര്‍ഷത്തെ വിറ്റുവരവ് 1200കോടിയാണ്. കഴിഞ്ഞവര്‍ഷം 40 ശതമാനം ഡിവിഡന്റ് കേന്ദ്ര സര്‍ക്കാരിന് നല്കി.
മാങ്ങാട്ടുപറമ്പില്‍ കമ്മീഷന് ചെയ്ത കണ്ടെയ്നര്‍ ഫ്രൈറ്റ് ഡിപ്പോ സംസ്ഥാനത്തെ പ്രഥമസംരംഭമാണ്. മംഗലാപുരം, കൊച്ചി തുറമുഖങ്ങളിലേക്കുള്ള ചരക്കുകള്‍ സൂക്ഷിക്കുന്നതിനും ഇവിടെ തന്നെ കസ്റ്റംസ് ക്ലിയറന്‍സ് ചെയ്യാനും സൗകര്യമുണ്ടാകും. ഇത് പരിസ്ഥിതി സൗഹൃദ കേന്ദ്രം കൂടിയാണ്. സോളാര്‍ എനര്‍ജി പാനല്‍, മഴവെള്ള സംഭരണി എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ഭാവി വികസനത്തിന് തടസ്സമില്ലാത്തവിധം വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
കൊച്ചി ഏലൂരില്‍ എഫ് എ സി ടി യുമായി സഹകരിച്ച് മറ്റൊരു കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന് കൂടി സ്ഥാപിക്കും. എഫ് എ സി ടിയും സെന്‍ട്രല്‍ വെയര്‍ ഹൗസിങ്ങ് കോര്‍പ്പറേഷനും പദ്ധതി സംബന്ധിച്ച് ധാരണയായിട്ടുണ്ടെങ്കിലും സ്ഥലം കൈമാറി കിട്ടിയിട്ടില്ല. സ്ഥലം ലഭ്യമായാല്‍ ഉടന്‍ പണി തുടങ്ങും. കുട്ടനാട് പാക്കേജിന്റെ ഭാഗമായിട്ടാണ് പുറക്കാട് ദേശീയപാതയില്‍ 5000 ടണ്‍ ഗോഡൗണ്‍ സ്ഥാപിക്കുന്നത്, മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: