അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഇനിയും എട്ട് മാസങ്ങള്‍ അവശേഷിക്കെ സൈബര്‍ ലോകം മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കുമായി വേര്‍തിരിഞ്ഞു കഴിഞ്ഞു. യുവാക്കള്‍ക്കിടയില്‍ മോഡി തരംഗം സൃഷ്ടിക്കാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായ ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ബ്ലോഗുകള്‍, ഇ-മെയിലുകള്‍, വെബ്സൈറ്റുകള്‍, വീഡിയോ അപ്ലോഡിംഗുകള്‍ എന്നിവ സജ്ജമായിക്കഴിഞ്ഞതായും മോഡി തരംഗത്തിന് തടയിടാന്‍ സമാനരീതിയില്‍ തന്നെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് കരുക്കള്‍ നീക്കിത്തുടങ്ങിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നരേന്ദ്രമോഡിയെ എതിര്‍ക്കുന്ന ചില സര്‍ക്കാരിതര സംഘടനകളും ഇന്റര്‍നെറ്റില്‍ സജീവമാണ്. ‘ടൈം’ മാസിക നടത്തിയ സര്‍വെ പ്രകാരം ജനങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള നൂറുപേരുടെ പട്ടികയില്‍ മോഡി മുന്‍പന്തിയിലെത്തിയതും അദ്ദേഹത്തിന്റെപേര് വോട്ടെടുപ്പിനിട്ടതും മാസിക അഭിമുഖം തയ്യാറാക്കിയതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരുന്നു. ‘ടൈം’ മാസികയുടെ അവസാന ഫലപ്രഖ്യാപനം ഈ മാസം 17 ന് നടക്കും.
മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അജണ്ടകളെ പ്രതിരോധിക്കാന്‍ പ്രസിഡന്റായി അര്‍ജുന്‍ മൊദ്‌വെയ്ഡ അധികാരമേറ്റശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസ് കൂടുതല്‍ സമയം ഇന്റര്‍നെറ്റ് മേഖലയിലും ചെലവഴിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ പരമാവധി പ്രയോജനപ്പെടുത്താനും കോണ്‍ഗ്രസ് നേതാക്കളുടെ പ്രസംഗങ്ങള്‍ യൂട്യൂബ് വഴി അപ്ലോഡ് ചെയ്യാനും മോഡിയ്‌ക്കും ബിജെപിക്കും പ്രതികൂലമായിട്ടുള്ള രാഷ്‌ട്രീയ ഘടകങ്ങള്‍ ജനങ്ങളിലെത്തിക്കാനും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ചുവരുന്നതായും കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി.
എട്ട് മാസങ്ങള്‍ക്കുശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മോഡിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലം മുതല്‍ ആരംഭിച്ചുകഴിഞ്ഞതായും പ്രതിപക്ഷം അറിയിച്ചു.
വെബ്സൈറ്റുകളില്‍ നിറസാന്നിധ്യമായ മോഡിയ്‌ക്ക് ട്വിറ്ററിലും ബ്ലോഗിലും ആയിരക്കണക്കിന് ആരാധകരാണുള്ളത്. തെരഞ്ഞെടുപ്പില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ഇ-മെയിലുകളും വെബ്സൈറ്റുകളും ബ്ലോഗുകളും കൂടുതല്‍ ഉപയുക്തമാക്കാന്‍ സംസ്ഥാന ബിജെപി ഘടകം തീരുമാനിച്ചുകഴിഞ്ഞതായി ഗുജറാത്ത് ബിജെപി മുഖ്യവക്താവ് ജഗദീഷ് ഭവ്സര്‍ പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ എത്രത്തോളം ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ ചര്‍ച്ച നടന്നതായും ഇതുവരെ കണ്ട മോഡി അനുകൂല പ്രചാരണങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായി പുതിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ഭവ്സര്‍ പറഞ്ഞു.
മോഡിക്കെതിരെ പ്രസ്താവനകളുമായി സൈറ്റില്‍ പ്രത്യക്ഷപ്പെടുന്ന സര്‍ക്കാരിതര സംഘടന ‘ടൈം’ സര്‍വെ വോട്ടെടുപ്പിലും മോഡിക്കെതിരെ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: