കൊച്ചി: പന്ത്രണ്ടാം പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും നഗര, ഗ്രാമ വികസനത്തിന് പുതിയ കേന്ദ്ര പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും നിലവിലുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ ജില്ലാതല എന്യുമറേഷന് പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന്് വെള്ളാരംകുത്ത്് കോളനിയില്‍ തുടക്കമാകുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. ഭാരതസര്‍ക്കാരിന്റെ സാങ്കേതികവും സാമ്പത്തികവുമായ സഹായത്തോടെ അതത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് സെന്‍സസ് നടത്തുന്നത്.
ഗ്രാമ, നഗര പ്രദേശങ്ങളില്‍ ഒരേ സമയം നടക്കാന്‍ പോകുന്ന ഈ സെന്‍സസ് രാജ്യത്തെ ആദ്യ സംരംഭമാണ്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും പാര്‍പ്പിട നഗരദാരിദ്ര്യ നിര്‍മാര്‍ജന വകുപ്പും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയും ഭാരത് ഇലക്ട്രോണിക്സും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും സംയുക്തമായാണ് സെന്‍സസിനു നേതൃത്വം നല്‍കുന്നത്. 2011 ലെ സെന്‍സസില്‍ ശേഖരിച്ച വിവരങ്ങളെ ആധാരമാക്കി തയാറാക്കിയ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റേയും രണ്ടാം ഘട്ട ജനസംഖ്യാ കണക്കെടുപ്പില്‍ കണ്ടെത്തിയ കുടുംബങ്ങളുടേയും ഭവന രഹിത കുടുംബങ്ങളുടേയും ഇലക്ട്രോണിക് ഇമേജുകളെ ആധാരമാക്കിയാണ് സെന്‍സസ് നടത്തുക.
ഗ്രാമ, നഗര പ്രദേശങ്ങളില്‍ പ്രത്യേകം ചോദ്യാവലികള്‍ ഉപയോഗിച്ച് നടത്തുന്ന എന്യുമറേഷനില്‍ രാജ്യത്തെ മൊത്തം പൗരന്മാരുടേയും സാമൂഹികവും സാമ്പത്തികവും ജാതിയും സംബന്ധിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ശേഖരിക്കുന്ന ജാതി, മതം സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തില്ല. സര്‍ക്കാര്‍ വകുപ്പുകളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരേയും ഒന്‍പതും അതിനു മുകളിലുമുള്ള ക്ലാസ്സുകളിലെ അധ്യാപകരേയുമാണ് എന്യുമറേഷന് ജോലികള്‍ക്ക് തെരെഞ്ഞെടുത്തിട്ടുള്ളത്. ഓരോ വില്ലേജിലേയും 100 മുതല്‍ 125 വീടുകള്‍ വീതം വരുന്ന ഓരോ എന്യുമറേഷന് ബ്ലോക്കുകളായാണ് സെന്‍സസ് നടത്തുക. ഒരു എന്യുമറേറ്റര്‍ക്ക് പരമാവധി നാല് എന്യുമറേഷന് ബ്ലോക്കുകളാണ് നല്‍കുന്നത്. വിവര ശേഖരണം പൂര്‍ണമായും ടാബ്ലറ്റ് പിസി ഉപയോഗിച്ച് നടത്തുന്നതിനാല്‍ ഡാറ്റാ എന്‍ട്രി നടത്താന്‍ ഒരു ഓപ്പറേറ്ററും എന്യുമറേറ്റര്ക്കൊപ്പം ഗൃഹസന്ദര്‍ശനം നടത്തും. കുടുംബനാഥന്മാര് നല്കുന്ന വിവരങ്ങള്‍ക്ക് കൈപ്പറ്റ് രസീത് നല്‍കും.
ശേഖരിക്കുന്ന വിവരങ്ങള്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ ജാതി ഒഴികെയുള്ള വിവരങ്ങളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓരോരുത്തരുടേയും വാര്‍ഡും വീട്ടു നമ്പരും എന്യുമറേഷന് സമയത്ത് രേഖപ്പെടുത്തേണ്ടതിനാല്‍ 10നകം വീട്ട് നമ്പര്‍ നല്കുന്ന പ്രക്രിയ പൂര്‍ത്തീകരിച്ചതായി ഉറപ്പു വരുത്തണം. ആക്ഷേപങ്ങളും പരാതികളുമുണ്ടെങ്കില്‍ അവ പരിഹരിച്ച ശേഷമായിരിക്കും അന്തിമ ലിസ്റ്റ് തയാറാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: