ഇസ്ലാമാബാദ്: രണ്ടുദിവസങ്ങള്‍ക്ക് മുന്‍പ് വടക്കന്‍ സിയാച്ചിന്‍ മലനിരകളില്‍ കടുത്ത ഹിമപാതത്തെ തുടര്‍ന്നുണ്ടായ മഞ്ഞിടിച്ചിലില്‍ കുടുങ്ങിയ 139 സൈനികര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍പ്പെട്ടവരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ചൈനീസ് പത്രമായ സിന്‍ഹു റിപ്പോര്‍ട്ട് ചെയ്തു. ജീവനോടെ ഒരാളെ കണ്ടെത്താനായാല്‍ അത് അത്ഭുതമായിരിക്കുമെന്ന് സൈനിക വക്താവ് മേജര്‍ അത്തര്‍ അബ്ബാസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ഉണ്ടായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടിരിക്കുകയാണെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ സാങ്കേതിക സഹായത്തിനായി അമേരിക്കയില്‍നിന്നുള്ള എട്ടംഗ സംഘം പാക്കിസ്ഥാനില്‍ എത്തിയതായി സൈനിക മന്ത്രാലയം അറിയിച്ചു. ഗയാരിയില്‍ മഞ്ഞിനടിയില്‍ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കുവാനായി ഏതൊക്കെ വിധത്തിലുള്ള സഹായങ്ങള്‍ വേണമെന്നതിനെക്കുറിച്ചും അവരെ കണ്ടെത്തുവാന്‍ എത്രത്തോളം സാധ്യതകളുണ്ടെന്നും സംബന്ധിച്ച് അമേരിക്കന്‍ സംഘവുമായി ചര്‍ച്ച ചെയ്യുമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്ക്കരമായതുമൂലം പാക്കിസ്ഥാന് മറ്റു രാജ്യങ്ങളുടെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വരും ദിവസങ്ങളിലും കടുത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഉദ്യോഗസ്ഥന് മുഹമ്മദ് ഹനീഫ് അറിയിച്ചു.
സിയാച്ചിനിലെ രക്ഷാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാനായി ഉയര്‍ന്ന സൈനികോദ്യോഗസ്ഥര്‍ റാവല്‍പിണ്ടിയിലെ സൈനിക ഹെഡ് ക്വാര്‍ട്ടേഴ്സില്‍ കൂടിയിരുന്നതായി ചില ചാനല്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഇത് ഏറ്റവും വലിയ വെല്ലുവിളിയാണെന്നും സൈനികര്‍ അതില്‍ വിജയിക്കുമെന്നും ആര്‍മി ചീഫ് ജനറല്‍ അഷ്ഫക്ക് പര്‍വേശ് കയാനി സൈനികരോട് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുമായി ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഫോണിലൂടെ ഉത്കണ്ഠ വ്യക്തമാക്കി. ഒരു സ്ക്വയര്‍ കി.മീറ്റര്‍ ചുറ്റളവിലാണ് മഞ്ഞ് വീണു കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി അതിന്റെ നാലുഭാഗവും സൈനികര്‍ മുറിച്ചു നീക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: