പ്രതിരോധമന്ത്രി സ്ഥാനത്തിരുന്ന് അഴിമതി നടത്താനോ മറ്റാരുടെയെങ്കിലും അഴിമതിക്ക് കൂട്ടുനില്‍ക്കാനോ എ.കെ.ആന്റണിക്ക് എന്തെങ്കിലും ഭരണഘടനാ പരിരക്ഷയുണ്ടോ? പ്രതിപക്ഷത്തെ ചില മഹാരഥന്മാരും മലയാളികളായ ചില മാധ്യമ ചാവേറുകളും വീറോടെ വാദിക്കുന്നത് കാണുമ്പോള്‍ ആന്റണിക്ക് ഇങ്ങനെയൊരു പരിരക്ഷയുണ്ടെന്ന് തോന്നിപ്പോകും. സോണിയാഗാന്ധി നയിക്കുന്ന കേന്ദ്രസര്‍ക്കാരിലെ മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് അഴിമതിക്കെതിരെ ആന്റണി നടത്തുന്ന അവകാശവാദങ്ങള്‍ വിശുദ്ധ സത്യങ്ങളാണോ? അല്ലെന്നറിയാന്‍ ഒട്ടും പ്രയാസമില്ല. നിലവാരമില്ലാത്ത പ്രതിരോധ വാഹനങ്ങള്‍ വാങ്ങാന്‍ തനിയ്ക്ക് പതിനാല് കോടി രൂപ കോഴ വാഗ്ദാനം ചെയ്യപ്പെട്ടു എന്ന കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പാര്‍ലമെന്റിനകത്തും പുറത്തുമായി ആന്റണി അഞ്ച് നുണകള്‍ പറയുകയുണ്ടായി.
ഒന്നാമത്തെ നുണ: കരസേനാ മേധാവിയുടെ ആരോപണത്തില്‍ ഇതിനകം ഞാന്‍ നടപടി എടുത്തു കഴിഞ്ഞു. (മാര്‍ച്ച് 27 പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്)
നേര്: തനിക്ക് കോഴ വാഗ്ദാനം ലഭിച്ചു എന്ന് കരസേനാ മേധാവി വി.കെ.സിംഗ് ആന്റണിയോട് നേരിട്ട് പറഞ്ഞത് ഒരു വര്‍ഷംമുമ്പ്. ഈ ഒരു വര്‍ഷത്തിനിടെ ആന്റണി യാതൊരു നടപടിയും എടുത്തില്ല. കോഴ വാഗ്ദാനം ലഭിച്ചതായി ‘ദ ഹിന്ദു’ ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ (2012 മാര്‍ച്ച് 26) കരസേനാ മേധാവി ആവര്‍ത്തിച്ചപ്പോള്‍ മാത്രം, അതും പാര്‍ലമെന്റ് ചേരുന്ന സമയമായതിനാല്‍ ആന്റണി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കരസേനാ മേധാവി വാക്കാല്‍ പരാതിപ്പെടുന്നതിന് ഒരു വര്‍ഷത്തോളം മുമ്പ് ടട്ര ട്രക്കിടപാടില്‍ ക്രമക്കേടുണ്ടെന്ന് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുലാംനബി ആസാദ് വഴി ലഭിച്ച കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.ഹനുമന്തപ്പയുടെ പരാതിയിന്മേല് ആന്റണി നടപടിയൊന്നുമെടുത്തില്ല.
മേജര്‍ ജനറലായിരുന്ന തേജീന്ദര്‍ സിംഗാണ് കോഴ വാഗ്ദാനം ചെയ്തതെന്ന് കരസേനാ മേധാവി തന്നോട് പറഞ്ഞതായി ആന്റണി പാര്‍ലമെന്റില്‍ സമ്മതിച്ചു. ആദര്‍ശ് ഫ്ലാറ്റ് കുംഭകോണവുമായി ബന്ധപ്പെട്ടും ആരോപണ വിധേയനായ, മോശം ട്രാക് റെക്കോര്‍ഡുള്ള വ്യക്തിയാണ് തേജീന്ദര്‍ സിംഗ് എന്ന് പ്രതിരോധമന്ത്രിയായിരുന്ന ആന്റണിക്ക് അറിയാമായിരുന്നില്ലേ? എന്നിട്ടും അന്വേഷണത്തിന് ഉത്തരവിടാതിരുന്ന ആന്റണി വ്യക്തമായും അഴിമതിക്ക് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് കരുതേണ്ടത്.
രണ്ടാമത്തെ നുണ: ഒരു ജനറല്‍-തേജീന്ദര്‍ സിംഗാണെന്ന് തോന്നു-തന്നെ സന്ദര്‍ശിച്ച് കോഴ വാഗ്ദാനം ചെയ്തുവെന്ന് അദ്ദേഹം (കരസേനാ മേധാവി) എന്നോട് പറഞ്ഞു.. നടപടിയൊന്നുമെടുക്കാനാവുന്ന വിധം രേഖാമൂലമായ ഒരു പരാതിയും ലഭിച്ചില്ല. ഒരു ഊമക്കത്തുപോലും. (മാര്‍ച്ച് 27 ന് രാജ്യസഭയില്‍ നല്കിയ വിശദീകരണം)
നേര്: കരസേനാ മേധാവി ട്രക്ക് ക്രമക്കേടിനെക്കുറിച്ചും കോഴ വാഗ്ദാനത്തെക്കുറിച്ചും വാക്കാല്‍ വിവരം ധരിപ്പിക്കുന്നതിന് ഒരുവര്‍ഷത്തോളം മുമ്പ് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് വഴി തനിക്ക് ഇത് സംബന്ധിച്ച് രേഖാമൂലം പരാതി ലഭിച്ചുവെന്ന കാര്യം ആന്റണി പാര്‍ലമെന്റില്‍ നല്കിയ വിശദീകരണത്തില്‍ മറച്ചുപിടിച്ചു. ഉചിതമായ നടപടി എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് 2009 ഒക്ടോബര്‍ അഞ്ചിനാണ് ആസാദ് ആന്റണിക്ക് കത്തെഴുതിയത്. എന്നുമാത്രമല്ല, ടട്ര ട്രക്ക് വാങ്ങുന്നത് സംബന്ധിച്ച് 2008 മുതല്‍ സൈനികോദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. 2006 ഒക്ടോബര്‍ മുതല്‍ പ്രതിരോധ മന്ത്രിയായി തുടരുന്ന ആന്റണിക്ക് ഇത് അറിയാതിരിക്കില്ല.
മൂന്നാമത്തെ നുണ: ഞാന്‍ സത്യമാണ് പറയുന്നത്. സത്യം മാത്രമാണ് പറയുന്നത്. കുറ്റക്കാരനാണെങ്കില്‍ എന്നെ ശിക്ഷിക്കാം. (മാര്‍ച്ച് 27 ന് രാജ്യസഭയില്‍ പറഞ്ഞത്)
നേര്: ടട്ര ട്രക്കിടപാടില്‍ ക്രമക്കേട് നടന്നതായി മന്ത്രി ഗുലാം നബി ആസാദ് 2009 ലും കരസേനാ മേധാവി 2010 ലും അറിയിച്ചിട്ടും നടപടി എടുക്കാതിരുന്ന ആന്റണി കുറ്റകരമായ കൃത്യവിലോപമാണ് നടത്തിയത്. ഗുരുതരമായ കുറ്റകൃത്യങ്ങളോ അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഏതെങ്കിലും വ്യക്തി നടത്തുന്ന ശ്രമമോ ശ്രദ്ധയില്പ്പെടുന്നയാള് ക്രിമിനല്‍ നടപടിച്ചട്ടം സെക്ഷന്‍ 39 പ്രകാരം തൊട്ടടുത്ത മജിസ്ട്രേറ്റിനെയോ പോലീസുദ്യോഗസ്ഥനെ അറിയിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ഈ ചട്ടം ലംഘിക്കുക വഴി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 176 പ്രകാരം പരമാവധി ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ആന്റണി ചെയ്തിരിക്കുന്നത്. ടട്ര ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തത് 2012 മാര്‍ച്ച് 26 ന് മാത്രം. അതായത് നടപടിയുണ്ടാവാന്‍ മൂന്ന് വര്‍ഷത്തെ കാലതാമസം. ആന്റണി ചെയ്തത് ശിക്ഷയര്‍ഹിക്കുന്ന കുറ്റം.
നാലാമത്തെ നുണ: മൂന്ന് സേനാമേധാവികളിലും പ്രതിരോധമന്ത്രാലയത്തിന് പൂര്‍ണവിശ്വാസമുണ്ട്. (മാര്‍ച്ച് 29 ന് ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്)
നേര്: ആയുധങ്ങളുടെ കുറവ് കാരണം രാജ്യരക്ഷ അപകടത്തിലാണെന്ന് കാണിച്ച് പ്രധാനമന്ത്രി മന്മോഹന്സിംഗിന് മാര്‍ച്ച് 12 ന് കരസേനാ മേധാവി കത്തയച്ചു. കരസേനയ്ക്ക് ട്രക്കുകളുണ്ടെങ്കിലും ശത്രുവിനെ തോല്‍പ്പിക്കാനുള്ള പടക്കോപ്പുകളില്ലെന്നും വ്യോമപ്രതിരോധത്തിനുള്ള ആയുധങ്ങള്‍ 97 ശതമാനവും പഴഞ്ചനാണെന്നും, ഇന്‍ഫന്‍ട്രിക്ക് (കാലാള്‍പ്പട) നിര്‍ണായകമായ ആയുധങ്ങളുടെ കുറവുണ്ടെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു. പ്രതിരോധമന്ത്രിയെ മറികടന്ന് ഇത്തരമൊരു കത്ത് കരസേനാ മേധാവി പ്രധാനമന്ത്രിക്കെഴുതിയത് ആന്റണിയിലുള്ള അവിശ്വാസത്തിന് തെളിവ്. കരസേനയുടെ യുദ്ധസന്നദ്ധത വിപുലീകരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രിയോടുള്ള കത്തിലെ ആവശ്യം അഞ്ചര വര്‍ഷമായി പ്രതിരോധമന്ത്രി സ്ഥാനംവഹിക്കുന്ന ആന്റണിയിലുള്ള അവിശ്വാസത്തിന് വ്യക്തമായ തെളിവ്.
അഞ്ചാമത്തെ നുണ: അഴിമതി ഞാന്‍ സഹിക്കില്ല. ആയുധം വാങ്ങുന്നതുമായി ബന്ധപ്പെട്ട ഏത് ഘട്ടത്തിലും അഴിമതിയുണ്ടെന്ന് വന്നാല്‍ കരാര്‍ റദ്ദാക്കുമെന്ന് ഞാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. (മാര്‍ച്ച് 29 ന് വാര്‍ത്താ സമ്മേളനത്തില്‍)
നേര്: റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ വ്യോമസേനയും ഫ്രഞ്ച് വിമാന നിര്‍മാണ കമ്പനിയായ ഡാസള്ട്ടും തമ്മില്‍ ഒപ്പുവെച്ച 54,000 കോടി രൂപയുടെ കരാറുമായി ബന്ധപ്പെട്ട് 10,000 കോടി രൂപയുടെ അഴിമതി നടന്നതായി ആരോപണമുയര്‍ന്നു. ഫ്രഞ്ച് വ്യോമസേനയല്ലാതെ മറ്റൊരു രാജ്യവും റഫാല്‍ യുദ്ധവിമാനം ഉപയോഗിക്കുന്നില്ല. ലിബിയയിലെ സൈനിക നടപടിക്ക് ഈ വിമാനം ഉപയോഗിച്ചതിന്റെ ഫലം സമ്പൂര്‍ണ ദുരന്തമായിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ കരാര്‍ ലഭിച്ചില്ലായിരുന്നുവെങ്കില്‍ കമ്പനി പാപ്പരാവുമായിരുന്നു എന്നാണ് വിമാനനിര്‍മാണ കമ്പനിയായ ഡാസള്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയോട് പറഞ്ഞത്. യൂറോപ്യന്‍ കണ്‍സോര്‍ഷ്യത്തിന്റെ ടൈഫൂണ്‍, ബോയിംഗിന്റെ എഫ്/എ-18, ലോകീസ് മാര്ട്ടിന് കമ്പനിയുടെ എഫ്-16, റഷ്യയുടെ മിഗ് 35, സ്വീഡന്റെ സാബ് ഗ്രപ്പന് എന്നീ യുദ്ധവിമാനങ്ങളെ തഴഞ്ഞ് ഈ വര്‍ഷമാദ്യം ഫ്രാന്‍സുമായി ഒപ്പുവെച്ച കരാറില്‍ കോടികള്‍ കോഴയായി മറിഞ്ഞുവെന്നാണ് എല്ലാ സൂചനകളും. ഇതേക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് ജനതാപാര്‍ട്ടി നേതാവ് ഡോ.സുബ്രഹ്മണ്യന് സ്വാമി പ്രധാനമന്ത്രി മന്മോഹന് സിംഗിന് കത്തെഴുതിയിട്ടും പ്രതിരോധമന്ത്രി ആന്റണി പ്രതികരിച്ചിട്ടില്ല.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: