പള്ളുരുത്തി: കൊച്ചിതുറമുഖത്തെ എഫ്സിഐയുടെ ഗോഡൗണില്‍ ഞായറാഴ്ച രാവിലെ 9.30 യോടെ ഉണ്ടായ തീപിടുത്തത്തില്‍ ഇവിടെ ശേഖരിച്ചിരുന്ന രണ്ട് ലോഡ് അരിയും, ഗോതമ്പും കത്തിനശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ ഗോഡൗണ്‍ ഭാഗികമായി കത്തിനശിച്ചു. ചെങ്കല്ലില്‍ തീര്‍ത്ത ഭിത്തികള്‍ക്ക് വിള്ളല്‍ വീണിട്ടുമുണ്ട്. വിവരമറിഞ്ഞ് മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, ദ്രോണാചാര്യ, ഗാന്ധിനഗര്‍, കൊച്ചിന് പോര്‍ട്ട് ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ മൂന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ഗോഡൗണില്‍ നിന്നും ആളിപടര്‍ന്ന തീനാളങ്ങള്‍ നാട്ടുകാരെ കടുത്ത ഭീതിയിലാഴ്ത്തി തീപിടുത്ത വിവരം അറിഞ്ഞ് കുത്തിച്ചെത്തിയ അഗ്നിശമന സേനംഗങ്ങളുടെ അവസരോചിതമായ ഇടപെടലാണ് തീപിടുത്തം വ്യാപിക്കാതിരിക്കുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. ഗോഡൗണ്‍ നാലുവശവും താഴിട്ടുപൂട്ടിയിട്ടതിനാല് ഫയര്‍ യൂണിറ്റിലെ അംഗങ്ങള്‍ക്ക് ആദ്യം ഗോഡൗണില്‍ കടക്കാന്‍ കഴിഞ്ഞില്ല പിന്നീട് ഭിത്തി തകര്‍ത്താണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അകത്ത് പുകയുയരുന്നത് സമീപത്തുണ്ടായിരുന്ന സെക്യൂരിറ്റി കാരുടെ ശ്രദ്ധയില്‍ പെട്ടില്ല. പെട്രോള്‍ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ട് കൊച്ചിന് പോര്‍ട്ട് ഫയര്‍ യൂണിറ്റാണ് ഗോഡൗണില്‍ നിന്നും പുകയുയരുന്നത് കണ്ടത്. കൊച്ചിന് പോര്‍ട്ട് ചീഫ് ഫയര്‍ ഓഫീസര്‍ രാധാകൃഷ്ണന് നായര്‍, ബിബിന്‍ മാത്തന് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: