മലാവി: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ പുതിയ പ്രസിഡന്റായി ജോയ്സ് ബാന്‍ഡയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ബിങ്കു മുത്താരിക കഴിഞ്ഞ ദിവസം അന്തരിച്ചതിനെത്തുടര്‍ന്ന് വന്ന ഒഴിവിലാണ് വൈസ് പ്രസിഡന്റായ ജോയ്സിനെ തെരഞ്ഞെടുത്തത്. അധികാര കൈമാറ്റം സംബന്ധിച്ച അനിശ്ചിതത്വം മൂലം മുത്താരിക മരിച്ച വിവരം രണ്ട് ദിവസമായി മറച്ചുവെച്ചിരിക്കുകയായിരുന്നു.
ദക്ഷിണ ആഫ്രിക്കയിലെ സൈനിക ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന മുത്താരിക ഹൃദയാഘാതം മൂലമാണ് വ്യാഴാഴ്ച മരിച്ചത്. മലാവിയിലെ ഭരണഘടന നിയമപ്രകാരം പ്രസിഡന്റ് മരിച്ചാല്‍ വൈസ് പ്രസിഡന്റിനായിരിക്കും അധികാരം ലഭിക്കുക. എന്നാല്‍ ജോയ്സിന് അധികാരം ലഭിക്കുന്നത് തടയാന്‍ ഭരണകക്ഷി നേതൃത്വം നടത്തിയ ശ്രമങ്ങളാണ് പ്രസിഡന്റിന്റെ മരണവിവരം പുറത്തറിയാന്‍ വൈകിയത്. ഇതോടെ മലാവിയിലെ ആദ്യ വനിതാ പ്രസിഡന്റായി ജോയ്സ് ബാന്‍ഡ മാറി. ഏറെക്കാലം സ്വേച്ഛാധിപത്യത്തിന് കീഴിലായിരുന്ന മലാവിയില്‍ 2004 ലാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: