പന്തളം എന്നാല്‍ പന്തംകൊളുത്തി പട നടത്തുന്ന സ്ഥലം എന്നാണ് ചെറുപ്പത്തില്‍ ധരിച്ചു വച്ചിരുന്നത്. പ്രൈമറിക്ലാസ്സിലെ രാമക്കൈമള് സാര്‍ ആണ് ശൈലികളും പഴഞ്ചൊല്ലുകളുമൊക്കെ ആദ്യമായി പറഞ്ഞു തന്നത്. അതു മനസ്സില്‍ പതിയത്തക്കവിധം വിശദീകരിച്ചു തരികയും ചെയ്തു. അദ്ദേഹമാണ് പടപേടിച്ചു പന്തളത്തു ചെന്നപ്പോള്‍ അവിടെ നടക്കുന്ന പന്തംകൊളുത്തി പടയെക്കുറിച്ച് വിശദീകരിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം കോളേജ് വിദ്യാഭ്യാസ കാലത്ത് ഞാന്‍ സംഘത്തില്‍ ചേര്‍ന്ന വിവരം അറിഞ്ഞ് വീട്ടില്‍ വന്ന് വളരെ സമയം എന്നെ നേര്‍വഴിക്കു കൊണ്ടുവരാന്‍ കൈമള്‍സാര്‍ ശ്രമിച്ചു. അന്നദ്ദേഹം ചുവപ്പിന്റെ പാതയിലായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് മനംമാറ്റം വന്ന് സംഘപ്രസ്ഥാനങ്ങളോടൊത്തു വരികയും അവയില്‍ ചിലതിന്റെ ജില്ലാതല ചുമതലകള്‍ വഹിക്കുകയും തന്റെ ഗ്രാമമായ കോടിക്കുളത്ത് വിദ്യാഭാരതിയുടെ വിദ്യാലയം ആരംഭിക്കുവാന്‍ മുന്‍കയ്യെടുക്കുകയും ചെയ്തു.
പിന്നെ ധര്‍മ്മ ശാസ്താവിന്റെ ബാല്യകാലം കഴിഞ്ഞ പന്തള രാജധാനിയെക്കുറിച്ചറിഞ്ഞു. ഞങ്ങളുടെ നാട്ടിലെ എന്‍.എസ്.എസ് സ്കൂളില്‍ പന്തളത്തു തട്ടയില്ക്കാരന് മാധവക്കുറുപ്പു സാര്‍ അധ്യാപകനായി വന്നപ്പോള്‍ പന്തംകൊളുത്തി പട നടക്കുന്ന സ്ഥലം, ഞങ്ങളുടെ നാട്ടിലെ പടമിറ്റം പോലുള്ള ഒന്നായിരിക്കുമോ എന്ന സംശയം ചോദിക്കുകയുണ്ടായി. പന്തളം അങ്ങനെയൊരു വിദൂരമായ ഫാന്റസിയുടെ നാടായിട്ടാണു മനസ്സില്‍ പതിഞ്ഞത്.
1948 കാലത്തു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചിരുന്നപ്പോള്‍ പന്തളം പി.ആര്.മാധവന്‍പിള്ള എന്ന നേതാവ് തൊടുപുഴയില്‍ തടങ്കലില്‍ കഴിഞ്ഞിരുന്നു.
വേറെയും ചിലരുണ്ടായിരുന്നു. പന്തളം പി.ആര് പിന്നീട് സിപിഐയുടെ എം.എല്‍.എയും മറ്റുമായി പന്തളത്തെ വളരെ പ്രശസ്തമായ പട്ടിരേത്തു കുടുംബാംഗമായിരുന്നു. പി.ആര് എന്നതിനാല്‍, അദ്ദേഹത്തെ സായാഹ്ന സവാരിക്കു കൊണ്ടുപോയ അകമ്പടിക്കാര്‍ വളരെ ഭവ്യതയോടെ പെരുമാറിയതോര്ക്കുന്നു. മഹാത്മാഗാന്ധി കോളേജില്‍ മലയാളം അധ്യാപകനായി പട്ടരേശന് എന്ന് സ്വയം പറഞ്ഞിരുന്ന പി.ആര് സാറും യൂണിവേഴ്സിറ്റി കോളേജില്‍ സഹപാഠിയായി പി.ആര്.രാജേന്ദ്രനുമുണ്ടായിരുന്നു. പന്തളക്കാരായ ആറേഴു കുറുപ്പന്മാരും ഒരു നീലകണ്ഠഅയ്യര് വേറെയും.
പന്തളത്തെപ്പറ്റിയുള്ള മറ്റൊരോര്‍മ അവിടുത്തെ എന്‍.എസ്.എസ്.കേളേജ് സ്ഥാപനമാണ്. പെരുന്നയിലും തിരുവനന്തപുരത്തും കോളേജുകള്‍ സ്ഥാപിക്കാനെ മന്നത്തു പദ്മനാഭനടക്കമുള്ള എന്‍.എസ്.എസ് നേതാക്കള്‍ക്ക് താത്പര്യമുണ്ടായിരുന്നുള്ളൂ. പക്ഷേ, പന്തളത്തെ നായര്‍ പ്രമുഖന്മാര് കോളേജിനുള്ള സ്ഥലമുണ്ടാക്കി, പണമുണ്ടാക്കി മുന്നിട്ടിറങ്ങിയപ്പോള്‍ അതും മറ്റവയ്ക്കൊപ്പം യാഥാര്‍ഥ്യമായി. അതേപ്പറ്റി മാധവക്കുറുപ്പു സാര്‍ അച്ഛനോട് പറഞ്ഞത് ഞാനോര്‍ക്കുന്നു.
തിരുവനന്തപുരത്തേക്ക് എം.സി.റോഡു വഴിയുള്ള യാത്രയ്ക്കിടെ പെരുന്നയിലും പന്തളത്തും കേശവദാസപുരത്തും കോളേജിന്റെ കരിങ്കല്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു വരുന്നതു കാണാമായിരുന്നു.
പന്തളം അതിബുദ്ധിമാന്മാരുടെ നാടാണ്. കവിതയും സാഹിത്യവും അവിടെ വിലസിയിരുന്നു. പന്തളം കേരളവര്‍മയുടെ കേരളവര്‍മ രാമായണം അതിപ്രശസ്തമാണല്ലോ. സാഹിത്യ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം അത്യുന്നതമാണ്. “കാക്കേ കാക്കേ കൂടെവിടെ….” എന്നാരംഭിക്കുന്ന കേരളത്തിലെ ഏറ്റവും പ്രശസ്തമായ ആ കുഞ്ഞിപ്പാട്ട് പന്തളം കേരളവര്‍മ നമ്മുടെ പാഠപുസ്തക നിര്‍മാണ സമിതിക്കു വേണ്ടിയെഴുതിയതാണത്രെ.!
അതുപോലെ തന്നെ പന്തളം കെ.പി.രാമന്പിള്ളയെന്ന അധ്യാപകനെയും കവിയെയും സ്മരിക്കാതെ വയ്യ. നാല്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തിന്റെ സാഹിത്യ രാഷ്ട്രീയ ലേഖനങ്ങള്‍ കൊണ്ട് സമൃദ്ധമായിരുന്നു തിരുവിതാംകൂര്‍ ഭാഗത്തെ പത്രമാസികകള്‍. “അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി, അതിനുള്ളിലാനന്ദ ദീപം കൊളുത്തി….” എന്നാരംഭിക്കുന്ന പ്രാര്ഥാനാഗീതം വല്ലാത്ത അനുഭൂതി നല്‍കുന്നതായിരുന്നു. അദ്ദേഹത്തിന്റെ പാരഡി ഗാനങ്ങളും പരിഹാസ കവിതകളും സജ്ഞയന്റെതിനോടു കിടപിടിക്കുന്നവയായിരുന്നു. അദ്ദേഹത്തിന് ഒരു പ്രത്യേക അവസരത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടി വന്നതോടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയമടയാനും രംഗത്തു നിന്നും അപ്രത്യക്ഷമാകാനുമാണ് യോഗമുണ്ടായത്.
ഞങ്ങളുടെ കുടുംബത്തിനും വേണമെങ്കില്‍ ഒരു പന്തള ബന്ധം പറയാനുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണതെന്നു മാത്രം. ആ അതീതകാലത്തു പന്തളത്തു നിന്നും ഇടപ്പള്ളിയിലേക്കു വന്ന ഒരു വധുവിന്റെ സഹായികളായി എത്തിയവരുടെ പിന്മുറക്കാര് തൊടുപുഴയിലേക്ക് കുടിയേറിയതാണത്രെ ഞങ്ങളുടെ പൂര്‍വ്വികര്‍. അന്നുകൊണ്ടുവന്ന ധര്‍മദൈവ വിഗ്രഹം അയ്യന്‍കോയിക്കല്‍ എന്നറിയപ്പെടുന്ന ഇന്നത്തെ സ്ഥലത്തു പ്രതിഷ്ഠിക്കപ്പെട്ടുവത്രെ. ചില തറവാട്ടു പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയപ്പോള്‍ പന്തളത്തെ മൂലസ്ഥാനത്ത് ഏതാനും കര്‍മങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.
ആദ്യമായി പന്തളത്തു പോകാന്‍ അവസരം ലഭിച്ചത് 1969ല്‍ അവിടെ സംഘ ശിക്ഷാവര്‍ഗ് നടന്നപ്പോഴാണ്. അന്ന് ശ്രീഗുരുജി ശിബിരത്തിലുണ്ടായിരുന്നു. തലശ്ശേരിയിലെ വാടിക്കല്‍ രാമകൃഷ്ണനെ മാര്‍ക്സിസ്റ്റുകള്‍ വെട്ടിക്കൊന്ന വിവരം ശിബിരത്തില്‍ ലഭിച്ചപ്പോള്‍ ഉടന്‍ അവിടെയെത്താന്‍ ഭാസ്കര്‍റാവുജി നിര്‍ദ്ദേശിച്ചു. അതിനാല്‍ അന്ന് പന്തളവുമായി കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍ രണ്ടു പന്തളത്തുകാര്‍ സംഘത്തിന്റെ അഖിലഭാരതീയ ചുമതലകള്‍ വഹിക്കാന്‍ നിയുക്തരായ വിവരം അറിഞ്ഞപ്പോള്‍ പഴയ ഓര്‍മകള്‍ ചികഞ്ഞെടുക്കുകയായിരുന്നു. അഖിലഭാരതീയ ശാരീരിക് പ്രമുഖായിരുന്ന കെ.സി.കണ്ണന് സഹസര്‍ കാര്യവാഹ് ആയി നിയുക്തനായപ്പോള് ആ സ്ഥാനം വഹിക്കുന്ന ആദ്യകേരളീയനായി. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് തൊടുപുഴയില്‍ സംഘത്തിന്റെ രണ്ടാംവര്‍ഷ പരിശീലന ശിബിരം നടപ്പോള്‍ മുഖ്യശിക്ഷക് ആയി എത്തിയ അവസരത്തിലാണ് കെ.സി.കണ്ണനുമായി ആദ്യം പരിചയപ്പെടുന്നത്. സംഘത്തിന്റെ ശാരീരിക കാര്യക്രമങ്ങള്‍ എങ്ങനെ കുറ്റമറ്റ രീതിയിലാക്കണം എന്നതിനെപ്പറ്റി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. കേരളത്തില്‍ മിക്കവാറും എല്ലായിടത്തും പ്രചാരകനായി പ്രവര്‍ത്തിക്കുന്നതിനിടെ തികച്ചും കാര്യമാത്ര വിഷയങ്ങളില്‍ ഒതുങ്ങി നില്ക്കുന്ന ആളായിട്ടേ അദ്ദേഹത്തെപ്പറ്റി തോന്നിയിരുന്നുള്ളൂ. അദ്ദേഹത്തിന്റെ സഹജമായ ഉള്ളുതുറന്നുള്ള പെരുമാറ്റവും സംഭാഷണങ്ങളും അനുഭവിച്ചത് കോഴിക്കോട്ടു നിന്നും വടകരയ്ക്കടുത്തുള്ള ആലഞ്ചേരിയിലേക്ക് യുവമോര്‍ച്ചാ നേതാവായിരുന്ന എം.ടി.രമേശിന്റെ വീട്ടില്‍ അദ്ദേഹത്തിനു വിവാഹമംഗളങ്ങള്‍ ആശംസിക്കാന്‍ പോയ യാത്രയ്ക്കിടയിലാണ്. രമേശന്റെ അയല്‍ക്കാരും കുടുംബാംഗങ്ങളുമൊക്കെ വര്‍ഷങ്ങള്‍ക്കു മുമ്പത്തെ പരിചയക്കാരായിരുന്നതിനാല്‍ ആ യാത്രയൊരു പുനഃസമാഗമം കൂടിയായി.
ഒരിക്കല്‍ അവിചാരിതമായി പന്തളത്ത് കുളനടയ്ക്കടുത്ത് കെ.സി.കണ്ണന്റെ വീട്ടില്‍ പോകാനും അവസരം ലഭിച്ചു. സ്വദേശീ ജാഗരണ്‍ മഞ്ചിന്റെ ചുമതല ഉണ്ടായിരുന്നപ്പോള്‍ ശ്രീ ഗോവിന്ദാചാര്യയും കെ.വി.ബിജുവുമൊത്ത് പന്തളത്തു പോയിരുന്നു. അന്നുച്ചയ്ക്ക് കണ്ണന്റെ വീട്ടില്‍ പോയി കുടുംബാംഗങ്ങളുമൊത്ത് ഭക്ഷണം കഴിക്കാന്‍ അവസരമുണ്ടായി.
അതേസമയം ദേശീയ ചുമതലയിലേക്കു വരുന്ന ജെ.നന്ദകുമാറിനെ കുറേക്കൂടി നന്നായി അടുത്തറിഞ്ഞിരുന്നു. നന്ദകുമാറിനെ പരിചയമാകുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ പിതാവ് ജഗന്നാഥന് സാറിനെ അടുത്തറിയുമായിരുന്നു. നന്ദകുമാര്‍ പ്രാന്തകാര്യാലയത്തില്‍ താമസിച്ചാണ് പഠിച്ചത്. അന്നു മറ്റുചില വിദ്യാര്‍ഥികള്‍ കൂടി കാര്യാലയവാസികളായി ഉണ്ടായിരുന്നു. ഇന്ന് അഭിഭാഷക പരിഷത്തിന്റെ ചുമതല വഹിക്കുന്ന നഗരേഷും ജന്മഭൂമിയുടെ കോഴിക്കോട് പതിപ്പിന്റെ ചുമതല വഹിക്കുന്ന കെ.മോഹന്‍ദാസും.
അവരെയും അറിയുന്നതിനു മുമ്പ് അവരുടെ അച്ഛന്മാരെത്തന്നെയാണ് അടുത്തറിയുമായിരുന്നത്. മോഹന്‍ദാസിന്റെ അച്ഛന് വാസുദേവന്‍ വളരെക്കാലം പ്രചാരകനായിരുന്നു. അതിനും മുമ്പ് പേരാമ്പ്ര ശാഖയുടെ ചുമതലക്കാരനുമായിരുന്നു. നഗരേഷിന്റെ അച്ഛനാകട്ടെ വൈയ്ക്കം നഗരസഭയുടെ അധ്യക്ഷനായി വളരെക്കാലം ഇരുന്നു. കാര്യാലയത്തിലെ സാഹിത്യപ്രവര്ത്തനത്തിലായിരുന്നു ഇവര്‍ക്ക് താത്പര്യം. അന്നവര്‍ ഓരോദിവസവും ഓരോ കയ്യെഴുത്തു പ്രതികളിറക്കിയിരുന്നത് വളരെ സഹായകരമായിരുന്നു. കഥയും കവിതയും വാര്‍ത്താശകലങ്ങളും നര്‍മവുമൊക്കെ വിതറി തയ്യാറാക്കിയ അതിനു പിന്നിലെ വിരുതന്മാര് പിന്നെ എത്ര ഉയര്‍ന്ന തലത്തിലെത്തി. രണ്ടുപേര്‍ പത്രപ്രവര്ത്തനത്തിലുയര്ന്നു. നന്ദകുമാര്‍ അഖിലഭാരതീയ ചുമതല വഹിക്കുന്നു. മുമ്പ് ഹരിയേട്ടന് അഖിലഭാരതീയ ബൗദ്ധിക്ക് പ്രമുഖനായിരിക്കെ പൂജനീയ ഗുരുജിയുടെ സമ്പൂര്‍ണ വാങ്മയം സമാഹരിക്കുക എന്ന ബൃഹത്തും മഹത്തുമായ കൃത്യം നിര്‍വ്വഹിച്ചു. നന്ദകുമാര്‍ എന്താണ് ഏറ്റെടുക്കാന്‍ പോകുന്നതെന്ന് ആകാംഷയോടെ ഉറ്റുനോക്കുകയാണ്.
പന്തളത്തെ പ്രമുഖര്‍ ഇവിടെ അവസാനിക്കുന്നില്ല. അതിനു സമീപം തന്നെയാണല്ലോ എം.എ.സാറിന്റെയും സഞ്ജയന്റയും സ്ഥലം. ജന്മഭൂമിയില് ചുമതല വഹിക്കുന്ന മുന്‍ ഹിന്ദു ഐക്യവേദി കണ്‍വീനറും സമീപസ്ഥന്‍ തന്നെ. നമ്മള് സാധാരണയായി ഈ വിധം ഓര്‍ക്കാത്ത നമ്മുടെ രാജേട്ടന്റെ(ഒ.രാജഗോപാല്‍)അച്ഛന് പന്തളത്തിനടുത്ത് മാന്തുക എന്ന നാട്ടുകാരനാണ്.
ശ്രീ അയ്യപ്പന്റെ ബാല്യകാലം കഴിച്ചുകൂട്ടിയ പന്തളം ആത്മീയതയുടെയും ക്ഷാത്രത്തിന്റെയും സംയുക്ത പ്രകാശനത്തിലൂടെ ഒട്ടേറെ അതുല്യ പ്രതിഭകള്‍ക്ക് ജന്മം നല്കി എന്നേ കരുതാനുള്ളൂ.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: