ഭാരതീയ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്), അതേന്ന്; സംശയിക്കേണ്ട നമ്മുടെ സിപിഎം തന്നെ. അവരുടെ കോണ്‍ഗ്രസ് നാളെ തീരുകയാണ്. ഉപ്പുവെച്ചകലം പോലെയാണ് ആ പാര്‍ട്ടിയെന്ന് വിമര്‍ശിക്കാറുണ്ടെങ്കിലും പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും അതിന്റെ ലാഞ്ഛനപോലും കാണാറില്ല. പ്രൊഫഷണല്‍ ടച്ച് എന്ന് ആംഗലേയത്തില്‍ പറയുന്ന സംഗതി ടിയാന്മാര്ക്ക് നല്ലോണമുണ്ട്. അതില്‍ അസൂയമൂത്ത് മസില് പെരുപ്പിച്ച് കാട്ടി കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ വിതറിയിട്ടൊന്നും കാര്യമില്ല. 24 വര്‍ഷത്തിനിടെ കേരളത്തില്‍ ഇമ്മാതിരിയൊരു സംഗതിക്ക് തിരശ്ശീല ഉയരുമ്പോള്‍ വംഗനാട്ടിലും ഇവിടെയും ഭരണം ഗോപി. എന്നിട്ടെന്താ വല്ല കുറവും വല്ലതിനും സംഭവിച്ചുവോ? അതാണ് പറഞ്ഞത് പ്രൊഫഷണല്‍ ടച്ച് (ഇതില്‍ സാമ്പത്തികം, ഒത്താശ, കൈകാര്യകര്‍തൃത്വം, ഭീഷണി, പ്രലോഭനം എന്നിവയൊക്കെ കാണും) ഉണ്ടെന്ന്.
എന്തായാലും 1968നുശേഷമാണ് കോഴിക്കോട് ഒരു ദേശീയ പരിപാടിക്ക് (ഒരു രാഷ്ട്രീയകക്ഷിയുടെ) അരങ്ങാവുന്നത്. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുകയാണ് പാര്‍ട്ടി വളര്‍ത്താനുള്ള ഏക മാര്‍ഗമെന്ന് വിശ്വസിക്കുന്ന സിപിഎം പ്രത്യയശാസ്ത്ര ചര്‍ച്ചകളിലൂടെ അതൊന്നുകൂടി ഊട്ടിയുറപ്പിക്കുമോ അതല്ല തള്ളിക്കളയുമോ എന്നേ അറിയാനുള്ളൂ. ഇതിനെക്കുറിച്ച് വിചിന്തനം ചെയ്യാന്‍ താല്‍പ്പര്യപ്പെടുമോ എന്നാരാഞ്ഞുകൊണ്ട് പ്രകാശ്കാരാട്ടിന് ബിജെപിയുടെ സമുന്നതനായ നേതാവ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഒരു തുറന്ന കത്തയച്ചിരുന്നു. തലശ്ശേരിയില്‍ മുസ്ലീം യുവാവിനെ ഇരുട്ടിന്റെ മറവില്‍ കൊലക്കത്തിക്കിരയാക്കി ആ കൃത്യം ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവെക്കാന്‍ സന്നദ്ധരായ നീചരാഷ്ട്രീയ പ്രഭുത്വത്തില്‍ നിന്ന് നന്മ പ്രതീക്ഷിക്കുന്നതാണ് തെറ്റെന്ന് ശ്രീധരന്‍പിള്ളയ്ക്ക് അറിയാത്തതുകൊണ്ടല്ല. എന്തെങ്കിലും പറഞ്ഞ് ജനശ്രദ്ധയില്‍ നില്ക്കാന് താല്പര്യപ്പെടാത്ത അദ്ദേഹം വസ്തുതകള്‍ വേണ്ടവര്‍ എടുത്തുകൊള്ളട്ടെ എന്ന താല്‍പ്പര്യം കൊണ്ടാണ് തുറന്നകത്തിന് തുനിഞ്ഞത്. സത്യത്തിനുനേരെ മുഖം തിരിക്കാത്ത പാര്‍ട്ടിക്കാര്‍ക്ക് എന്ത് കത്ത് എന്ത് കഥ.
ഏതായാലും കാറ്റിന് അനുസരിച്ച് കാര്യം ചെയ്യുക എന്ന പഴമൊഴി ബലമാക്കി വാരികകളൊക്കെയും ഇത്തവണ കോണ്‍ഗ്രസ്സിന്റെ കൂടെയാണ്. മാധ്യമം ആഴ്ചപ്പതിപ്പ് (ഏപ്രില്‍ 9) പ്രത്യേകപതിപ്പ് ഇറക്കിയിരിക്കുന്നു. കവര്‍ക്കഥയായി ചുവന്ന പ്രതീക്ഷകള്‍ എന്നാണ് നല്‍കിയിരിക്കുന്നത്. കമ്മ്യൂണിസത്തിന്റെ സ്വത്വം സൂചിപ്പിക്കാന്‍ ചുവപ്പും നക്ഷത്രങ്ങളും ഒക്കെ ചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഭാവിയെക്കുറിച്ച് വിശകലനം ചെയ്യുന്നവര്‍ ഇതാ ഇവരൊക്കെയാണ്: പി. ഗോവിന്ദപ്പിള്ള, എം.പി. പരമേശ്വരന്, സച്ചിദാനന്ദന്, ബി. രാജീവന്, ഡോ. ടി.ടി. ശ്രീകമാര്‍, കെഇഎന്‍, കെആര്‍. മീര, കബിത മുഖോപാധ്യായ. ഇതില്‍ ചിലര്‍ എന്താണ് പറയുകയെന്ന് ഒരുവിധപ്പെട്ടവര്‍ക്കൊക്കെ അറിയാവുന്നതാണ്. ജീനികെട്ടിയ കുതിരയുടെ അസ്തിത്വം തെരയുന്നതില് അര്‍ത്ഥമില്ല. പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ. പാറക്കടവ് തുടക്കം എന്ന മുഖപ്രസംഗപംക്തിയില് ചിലത് കുറിച്ചിട്ടുണ്ട്. ആരൊക്കെയോ എവിടെയൊക്കെയോ പറഞ്ഞതിന്റെ പൊട്ടും പൊളിയും തപ്പിയെടുത്തശേഷം പാറക്കടവ് ഇങ്ങനെ അവകാശപ്പെടുന്നു: ക്യാപ്പിറ്റലിസത്തിനും കമ്മ്യൂണിസത്തിനുമപ്പുറം ലോകം മറ്റൊരു പ്രത്യയശാസ്ത്രം കൊതിക്കുന്നുണ്ടോ? ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണിതൊക്കെ. എന്തുതന്നെ പറഞ്ഞാലും പുതിയൊരു ലോകത്തിന്റെ പിറവിക്കായി ചുവന്ന സ്വപ്നങ്ങള്‍ കാണുന്നവര്‍ ലോകമെമ്പാടുമുണ്ട്. സ്വപ്നങ്ങള്‍ രണ്ടു ശതമാനം പോലും യാഥാര്‍ഥ്യത്തിന്റെ രഥ്യയിലേക്ക് വരാറില്ലെന്ന് സിഗ്മണ്ട് ഫ്രോയിഡ് നിരീക്ഷിക്കുന്നുണ്ട്. എങ്കിലും ഏതെങ്കിലും ശതമാനം എപ്പോഴെങ്കിലും കയറി വന്നാല്‍ കുശാലായി എന്നു തോന്നുന്നവരില്‍ പാറക്കടവും ഉള്ളത് നല്ലതു തന്നെ. അങ്ങനെ രക്ഷപ്പെടുമെങ്കില്‍ വായനക്കാരും രക്ഷപ്പെടും. തീരാരാവുകളില് ഒരു പ്രകാശലോകം എന്ന പാറക്കടവിന്റെ വരികള്‍ ശരാശരി കമ്മ്യൂണിസ്റ്റുകാരനുപോലും മനസ്സിലാവും എന്ന വലിയ സത്യം ഇതിലുണ്ട് എന്നുകൂടി പറയാതെ വയ്യ.
വെറുപ്പ് എന്നൊരു കവിതയിലൂടെ കമ്മ്യൂണിസ്റ്റ് സുഖത്തിന്റെ അടരുകളില്‍ എന്താണുള്ളതെന്ന് സച്ചിദാനന്ദന് പറയുന്നുണ്ട്. ഇതൊരു ലേഖനമാക്കുന്നതായിരുന്നു നല്ലതെന്ന് പത്രാധിപര്‍ പറയാത്തതുകൊണ്ട് (ചെയ്യാത്തതുകൊണ്ട്) നമുക്കതിനെ സഹിക്കേണ്ടിവന്നിരിക്കുന്നു. ഒരുപദം ഓര്‍മ്മിക്കുമ്പോള്‍ നമ്മുടെ മുന്നിലേക്ക് വരുന്ന ദൃശ്യവും യഥാര്ഥദൃശ്യവും എന്താണെന്ന് വിശകലനിക്കുകയാണ് സച്ചിദാനന്ദന്റെ കവി മനസ്സ്. ഒടുവില്‍ അവസാനത്തെ അഞ്ചു വരിയില്‍ അദ്ദേഹം പറയുന്നതാണ് സത്യമെന്ന് നമുക്ക് മനസ്സിലാക്കാം. അതിങ്ങനെ:
ഈ കവിത എഴുതേണ്ടിവന്നതിന്
ഞാന്‍ എന്നെ വെറുക്കുന്നു.
ഇത് ദൈവത്തിന്റെ പരസ്യമായ
ലോകത്തെ നിലനിര്‍ത്താനുള്ള
ഒരു പരസ്യമാണ്.
ഏതായാലും രഹസ്യം പരസ്യമാക്കിയല്ലോ കവി; നന്ദി.
കരുതിയിരിക്കുക, നിങ്ങളും സംശയിക്കപ്പെട്ടേക്കാം എന്ന കൃതി കെഇഎന്‍ എന്ന വീരസ്യക്കാരന്റെതാണ്. ലോകം മുഴുവന്‍ തന്റെ ദര്‍ശനങ്ങളിലൂടെ വേണം കാണാന്‍ എന്ന കമ്മ്യൂണിസ്റ്റ് കാളിമയുടെ ഉപോല്‍പ്പന്നം തലച്ചോറില്‍ കയറ്റിവെച്ചിരിക്കുന്ന വിദ്വാനാണ് കെഇഎന്‍. വാസ്തവത്തില്‍ കമ്മ്യൂണിസമെന്താണ് എന്ന് ഒറ്റ വാക്കില്‍ ചോദിച്ചാല്‍ ഊശാന്‍ താടി ഉഴിഞ്ഞ് ആകാശസ്വപ്നങ്ങള്‍ കാണുന്ന കെഇഎന്‍ എന്ന് മറുപടി പറഞ്ഞാല്‍ മതി. അസഹിഷ്ണുതയുടെ അനന്തകോടി വിഷസര്‍പ്പങ്ങളാണ് ടിയാന്റെ അക്ഷരങ്ങളിലൂടെ പുളഞ്ഞുതിമിര്ക്കുന്നത്. അതിന്റെ ഒരു സാമ്പിള്‍ വെടിക്കെട്ട് മേപ്പടി ലേഖനത്തിലും വായിക്കാം.
കോമണ്‍സെന്‍സ് എന്ന സാധനം അട്ടത്തുവെച്ച ശേഷമേ അത് വായിക്കാവൂ എന്നത് വേറെ കാര്യം. അധികമാരും കാണാത്ത പുസ്തകങ്ങള്‍ വായിച്ചെന്നു വരുത്തി ചിലത് തട്ടിമൂളിക്കുമ്പോള്‍ ഉണ്ടാകാവുന്ന കൗതുകമുണ്ടല്ലോ അതാണ് ഇവിടെയും തോന്നുന്നത്.
ഒരുവിധപ്പെട്ട കവിതകളെയൊക്കെ പൂണ്ടടക്കം വിമര്‍ശിക്കുന്ന വിദ്വാന് ദേശീയ വാരികയില്‍ ഒരു കവിത രചിച്ചിട്ടുണ്ട്. പേര് കാളിദാസപ്പെരുമ. നാലു വരി സംസ്കൃതം എടുത്തെഴുതിയശേഷം വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടായി കുറിച്ചുവെച്ചാല്‍ വിതയുമാവില്ല കവിതയുമാവില്ല. ശബ്ദതാരാവലി ഇടത്തും വലത്തും വെച്ച് അക്ഷരമറിയുന്ന ഏതു വിദ്വാനും ഇതൊക്കെ ചെയ്യാനാവും എന്നു പറഞ്ഞുകൊടുക്കാന്‍ ആരുമില്ലാത്തതുകൊണ്ട് പാവം വായനക്കാര്‍ക്ക് സഹിക്കുകയേ നിവൃത്തിയുള്ളൂ. മാനിഷാദ എന്ന് പണ്ട് ഋഷി പറഞ്ഞത് ആധുനികകാലത്തും പ്രസക്തം എന്നു തോന്നുമാറാണ് ചില രചനകള്‍. കല്ലറ അജയന്റെ യാത്രകള്‍ തുടരട്ടെ.
ഉള്‍ക്കരുത്തിന്റെയും ആര്‍ജവത്തിന്റെയും കമ്മ്യൂണിസ്റ്റ് മാതൃകയായിരുന്നു സി.കെ. ചന്ദ്രപ്പന് എന്നു പറയുന്നു കാനം രാജേന്ദ്രന്. ജനശക്തി (മാര്‍ച്ച് 31-ഏപ്രില്‍ 6)യിലാണ് അന്തരിച്ച നേതാവിനെ അദ്ദേഹം ഓര്‍മിക്കുന്നത്. അടുക്കും ചിട്ടയോടും കാര്യങ്ങള്‍ പറഞ്ഞുപോവുമ്പോള്‍ ചന്ദ്രപ്പന് എന്ന നേതാവിനെ കാണാത്തവര്‍ക്കുകൂടി ആ തെളിമ ബോധ്യമാവും. ഒരു നേതാവിനെ അനുസ്മരിക്കുന്നത് എങ്ങനെയെന്നതിന് തിളക്കമാര്‍ന്ന ഉദാഹരണമാണിത്. ഇത്രയേറെ സൗഹൃദബന്ധങ്ങള്‍ സൂക്ഷിക്കുകയും മാനവികതയ്ക്കും മനുഷ്യസ്നേഹത്തിനും വലിയ വിലകല്പിക്കുകയും ചെയ്തിരുന്ന സി.കെ. ചന്ദ്രപ്പന് ഇന്ന് നമ്മോടൊപ്പമില്ല എന്ന് കാനം പറയുമ്പോള്‍ വഴിതെറ്റി നടന്നുപോയ ഒരു മനുഷ്യസ്നേഹി എന്ന് ചിലര്‍ക്കെങ്കിലും തോന്നാം.
യുഡിഎഫ് സര്‍ക്കാറിന്റെ തലവേദനയ്ക്കുള്ള ഔഷധം എത്തിച്ചുകൊടുക്കലല്ലെങ്കിലും തലവേദനയുടെ രീതിയും സ്വഭാവവും എന്താണെന്ന് അന്വേഷിക്കുന്നു കലാകൗമുദി. മൂന്നു മന്ത്രിക്കസേരയും മുടിഞ്ഞ തലവേദനയും എന്നാണ് അവര്‍ (ഏപ്രില്‍ 08) പറയുന്നത്. നെയ്യാറ്റിന്‍കരയിലെ ഭൂരിപക്ഷവും മന്ത്രിസഭയിലെ ന്യൂനപക്ഷവും, കുഞ്ഞാലിക്കുട്ടിക്കെതിരെ പട, ഭരിക്കാന്‍ മാത്രം നേരമില്ല എന്നീ റിപ്പോര്‍ട്ടുകളിലൂടെ പോവുമ്പോള്‍ തലവേദന വ്യക്തം. കലാകൗമുദിയുടെ ഇടതുവശവും കൂടി ചേര്‍ത്തുവേണം വായിക്കാന്‍ എന്നേ പറയാനാവൂ. മേമ്പൊടിക്ക് പാര്‍ട്ടി കോണ്‍ഗ്രസ് വിഭവവുമുണ്ട്. മുന്തിയ ഇനം തന്നെയാവാം എന്നതിനാല്‍ പ്രകാശ്കാരാട്ടിനെക്കൊണ്ടു തന്നെ എഴുതിച്ചിരിക്കുന്നു. കോഴിക്കോട്ടുനിന്നൊരു പുതിയ ലൈന്‍ എന്നാണ് പേര്.
മലയാളവും (ഏപ്രില്‍ 6) ദേശാഭിമാനിയും (ഏപ്രില്‍ 8) പരസ്പരം മത്സരിച്ചാണ് കോണ്‍ഗ്രസ് പതിപ്പുകള്‍ ഇറക്കിയിരിക്കുന്നത്. തമ്മില്‍ ഭേദം മലയാളം തന്നെ. എന്താപറയുക, എല്ലാം കോണ്ഗ്രസ്മയം. തെറ്റദ്ധരിക്കല്ലേ, പാര്‍ട്ടി കോണ്‍ഗ്രസ്സാണേ.
തൊട്ടുകൂട്ടാന്‍
ഏതോ കവിതപോലച്ചൊല്ല്, കേട്ടൊരാ-
പ്പാതയോരത്തുനിന്നേറെ ദൂരം താണ്ടി
എത്രയോ പാടിയലഞ്ഞപുഴപിന്നോ-
ട്ടെത്തിയതിന്റെയുറവിടം കണ്ടപോല്‍!
ഓഎന്‍വി
കവിത: ഉറവിടം
ദേശാഭിമാനി വാരിക (ഏപ്രില്‍ 8)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: