കോട്ടയം: ഹൗസിംഗ് ബോര്‍ഡില്‍ നിന്നും വായ്പ എടുത്തു കുടിശ്ശികയാകുന്നവരുടെ വസ്തു കുറഞ്ഞ നിരക്കില്‍ ലേലത്തില്‍ പിടിക്കാന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നു.മാത്രമല്ല ജപ്തിയാകുന്ന വസ്തു ഉദ്യോഗസ്ഥര്‍ ബിനാമികളെ കൊണ്ടു ലേലം പിടിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.
ഹൗസിംഗ് ബോര്‍ഡില്‍ നിന്നും വായ്പ എടുത്തു കുടിശ്ശികയായവര്‍ വായ്പ അടച്ചു തീര്‍ക്കാന്‍ തയ്യാറായാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകാറില്ല. ജപ്തിനടപടിയിലെത്തി നില്‍ക്കുമ്പോഴാണ് വായ്പക്കാരനും ഹൗസിംഗ് ബോര്‍ഡും ആശയവിനിമയം നടക്കുന്നതുപോലും. വായ്പ തിരിച്ചടക്കുന്നതിനെക്കാള് ഉദ്യാഗസ്ഥര്‍ക്കു താത്പര്യം വസ്തു ലേലത്തില്‍ വെക്കുന്നതാണ്. ഹൗസിംഗ് ബോര്‍ഡിന്റെ വായ്പാ തവണ എത്ര അടച്ചാലും അതു വായ്പ തുകയില്‍ കുറവു വരില്ല. ഇത് ഹൗസിംഗ് ബോര്‍ഡിന്റെ മാത്രം പ്രത്യേകതയാണ്.
പലിശയും പിഴപ്പലിശയും കൂട്ടി വലിയൊരു സംഖ്യ തിരിച്ചടവു വരുന്നതോടെ വസ്തുലേലത്തിന് വെക്കാന്‍ വായ്പക്കാര്‍ നിര്‍ബ്ബന്ധിതരാകുന്നു. വായ്പ തിരിച്ചടക്കാന്‍ തയ്യാറാകുന്നവരെ ശത്രുക്കളെപ്പോലെയാണ് ഉദ്യോഗസ്ഥര്‍ വീക്ഷിക്കുന്നത്.
ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഹൗസിംഗ് ബോര്‍ഡില്‍ നിന്നും വായ്പ എടുത്തു വീടു വച്ചവരില്‍ നല്ലൊരു ശതമാനം ആളുകളും കണ്ണീര്‍ക്കയത്തിലാണ്. കണക്കുകളുടെ രാവണന്കോട്ടയില്പ്പെട്ടു നട്ടം തിരിയുകയാണ് ഹൗസിംഗ് ബോര്‍ഡില്‍ നിന്നും വായ്പ എടുത്തവര്‍.
കെ.വി.ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: