ആലുവ: ഐക്യമില്ലായ്മയാണ് ഹിന്ദുക്കളുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍.സോമന് അഭിപ്രായപ്പെട്ടു. ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആലുവ ടൗണ്‍ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹിന്ദുക്കള്‍ സംഘടിതരാകണമെന്നാണ് എസ്എന്‍ഡിപി യോഗത്തിന്റെ പ്രഖ്യാപിത നയം. ഹിന്ദു സമൂഹത്തിന്റെ നിലനില്‍പ്പിനുതന്നെ അത്യന്താപേക്ഷിതമായ ഒത്തുചേരലാണ് ഈ സമ്മേളനത്തിലൂടെ സാഫല്യമാകുന്നത്. ഇതരമത സമൂഹങ്ങള്‍ അനര്‍ഹമായ അവകാശങ്ങള്‍ സംഘടിതമായി വിലപേശി കൈവശപ്പെടുത്തുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. ഐക്യത്തോടെ മുന്നോട്ടുപോയാല്‍ ഒരു ശക്തിക്കും ഹിന്ദുസമൂഹത്തെ തകര്‍ക്കാന്‍ കഴിയില്ലായെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പ്രഭാഷണം നടത്തി. സംഘടനാ സെക്രട്ടറി കെ.പി.ഹരിദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. കെ.ഹരിദാസ് സ്വാഗതവും സ്വാമി ബ്രഹ്മചാരി ഭാര്ഗറാം നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഹിന്ദുജാഗരണം-മാര്‍ഗദര്‍ശനം എന്ന വിഷയത്തില്‍ ഹിന്ദുജാഗരണ്‍മഞ്ച് അഖില ഭാരതീയ പ്രഭാരി കെ.സി.കണ്ണന് സംസാരിച്ചു. രാവിലെ ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.എന്‍.രവീന്ദ്രനാഥ് പതാക ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: