മുംബൈ: പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്രക്ക് മഹാരാഷ്ട്രക്ക് പുറത്ത് പുതിയ പ്ലാന്റ് നിര്‍മിക്കുന്നു. ഏകദേശം നാലായിരം കോടി രൂപയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഈ പ്ലാന്റില്‍ നിക്ഷേപിക്കുന്നത്. പുനെയ്ക്കടുത്ത് ചക്കനിലാണ് ഈ പ്ലാന്റ് നിര്‍മിക്കുന്നതിന് ആദ്യം പദ്ധതിയിട്ടിരുന്നത്.
വാഹന നിര്‍മാതാക്കളുടെ എതിര്‍പ്പിന് കാരണമായ നിയമത്തില്‍ ഭേദഗതി വരുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് മഹീന്ദ്രയുടെ ഈ തീരുമാനം. സര്‍ക്കാരിന്റെ ബജറ്റില്‍ വാഹന നിര്‍മാതാക്കള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കാത്തതില്‍ അതൃപ്തിയുണ്ടെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പ്രസിഡന്റ് പവന് ഗോയങ്ക പറഞ്ഞു.
ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗന് മഹാരാഷ്ട്രയില്‍ പ്ലാന്റിന്റെ നിര്‍മാണത്തിനായി 4,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ ഭാവി നിക്ഷേപ പദ്ധതികള്‍ ഈ പ്രശ്നത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചായിരിക്കും. ഫോക്സ്വാഗന് ചക്കനില്‍ നിര്‍മിക്കുന്ന പ്ലാന്റിന്റെ വാര്‍ഷിക ഉത്പാദന ശേഷി 110,000 യൂണിറ്റായിരിക്കും.
പോളോ, വെന്റോ, സ്കോഡ ഫാബിയ, റാപിഡ് എന്നീ മോഡലുകളായിരിക്കും ഇവിടെ നിര്‍മിക്കുക. എന്നാല്‍ മഹാരാഷ്ട്രക്ക് പുറത്ത് പ്ലാന്റ് നിര്‍മിക്കാന്‍ ഉദ്ദേശമില്ലെന്ന് പിയാജിയോ ഇന്ത്യ എംഡി രവി ചോപ്ര വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: