ആലുവ: ബാറിലും സമീപത്തും ക്യാമ്പ് ചെയ്ത് മദ്യപിച്ചിറങ്ങി വാഹനമോടിക്കുന്നവരെ പിടികൂടുന്ന പോലീസുകാരില്‍നിന്നും രക്ഷ നേടുന്നതിന് ബാറുകള്‍ കേന്ദ്രീകരിച്ച് ഡ്രൈവര്‍മാരുടെ സേവനം ഉറപ്പാക്കുന്നു. ആലുവ-അങ്കമാലി മേഖലയിലെ ബാറുകളിലാണ് ഇത്തരത്തില്‍ ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കിയിരിക്കുന്നത്് ബാറിനകത്തുതന്നെ ഇത്തരം സേവനം ലഭ്യമാണെന്ന പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. പോസ്റ്ററില്‍ ഡ്രൈവര്‍മാരുടെ നമ്പറുമുണ്ട്. ഇതനുസരിച്ച് മൊബെയിലില്‍ വിളിച്ചാല്‍ ഡ്രൈവറെത്തി വാഹനമോടിച്ച് വീട്ടിലെത്തിക്കും. വാഹന ഉടമയുടെ വീട്ടിലേക്കുള്ള ദൂരം കണക്കാക്കിയാണ് ഡ്രൈവറുടെ കൂലി നിശ്ചയിക്കുന്നത്. രാത്രി ഏറെ വൈകിയാല്‍ തിരികെയെത്തുന്നതിനുള്ള ഓട്ടോറിക്ഷാചാര്ജും അധികമായി നല്‍കണം. അങ്കമാലിക്കും ആലുവക്കുമിടയില്‍ നിരവധി സ്ക്വാഡുകള്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ രംഗത്തുണ്ട്. പിടിക്കപ്പെട്ടാല്‍ മൂവായിരം രൂപയോളം കോടതിയിലെത്തി പിഴയടയ്ക്കണം. വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്കും കൊണ്ടുപോകും. അതുപോലെ ഒന്നിലേറെ തവണ പിടിക്കപ്പെടുന്നവരുടെ ലൈസന്‍സുകള്‍ ഒരു മാസം മുതല്‍ ആറ് മാസം വരെ സസ്പെന്റ് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയതോടെയാണ് പലരും ഇപ്പോള്‍ ബാറുകളില്‍ ഡ്രൈവര്‍മാരുടെ സേവനം ഉറപ്പാക്കുന്നത്. സമീപത്തുള്ള ചില ഓട്ടോ-കാര്‍ ഡ്രൈവര്മാരെതന്നെയാണ് ഇതിനായി ബാറുടമകള്‍ നിയോഗിച്ചിരിക്കുന്നത്. മദ്യവേട്ട ശക്തിയാക്കിയതിനെത്തുടര്ന്ന് ബാറുകളില്‍ രാത്രി മദ്യപിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവനുഭവപ്പെട്ടതിനെത്തുടര്ന്നാണ് ഈ സേവനം കൂടി നല്‍കുന്നതെന്ന് ബാറുടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ബജറ്റിലെ നികുതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മദ്യത്തിന് വില കൂടിയതും ബാറുകളെ വിഷമത്തിലാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പല ഷാപ്പുകളിലേക്കും സെക്കന്റ് മദ്യവും കൂടുതലായെത്തുന്നുണ്ട്. സ്പിരിറ്റ് ചേര്‍ത്തുണ്ടാക്കുന്ന ഈ മദ്യം വിറ്റാല്‍ വലിയ ലാഭമാണ് ലഭിക്കുക. ചെറിയ അളവില്‍ മദ്യം കഴിക്കാനെത്തുന്നവര്ക്കാണ് യഥാര്ത്ഥമദ്യവുമായി കൂട്ടിക്കലര്‍ത്തി സെക്കന്റ് മദ്യവും പല ബാറുകളിലും നല്‍കുന്നത്. സെക്കന്റ് മദ്യമുണ്ടാക്കുന്ന റാക്കറ്റുകളുടെ പ്രതിനിധികള്‍ വിവിധ മദ്യഷാപ്പുകളിലെത്തിയാണ് ഇത്തരത്തില്‍ സെക്കന്റ്സ് മദ്യം തയ്യാറാക്കി നല്‍കുന്നതെന്നും ആക്ഷേപമുണ്ട്. ഈ മദ്യം വില്‍പ്പന നടത്തുന്നതിന് ജീവനക്കാര്‍ക്കും പ്രത്യേക കമ്മീഷന് ഷാപ്പുടമകള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് തടസങ്ങളില്ലാതെ സെക്കന്റ്സ് മദ്യത്തിന്റെ വില്‍പ്പന പൊടിപൊടിക്കുകയും ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: